കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് നേടാനായത് ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയെ വിജയത്തിന് സഹായിച്ച ശക്തികള്‍ അവര്‍ സ്വീകരിച്ച നിലപാട് ശരിയാണോയെന്ന് ചിന്തിക്കണം. ഇത്തരം വിഭാഗങ്ങളുടെ മേധാവികളുമായി ബി.ജെ.പി. നേതാക്കള്‍ ചര്‍ച്ച ചെയ്തു. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ നിലപാട് എടുത്തു. ഇടതുപക്ഷത്തോട് വിരോധം ഉള്ളത് കൊണ്ടല്ല ഈ നിലപാട് എടുത്തത്, അവസരവാദത്തിനും തങ്ങളുടെ താല്പര്യം സംരക്ഷിക്കാനുമാണെന്നും നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത നിലപാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

To advertise here,

ബി.ജെ.പി. വിരുദ്ധ കൂട്ടായ്മയില്‍ പ്രാദേശിക കക്ഷികള്‍ക്ക് പ്രധാന പങ്കുണ്ട്. ഈ വിഭാഗത്തെ സ്വാധീനിക്കാന്‍ ബി.ജെ.പി. ശ്രമിച്ചു. പരാജയപ്പെടുത്താന്‍ കഴിയാത്ത ശക്തിയല്ല ബി.ജെ.പി. എന്ന് തെളിഞ്ഞു. കോണ്‍ഗ്രസുമായി മാത്രം ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ ബി.ജെ.പി. നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഹിതം നല്‍കാതെ കേരളത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കി. ദൈനംദിന കാര്യങ്ങള്‍ കേരളം എങ്ങനെ നടത്തുമെന്ന് നോക്കട്ടെ എന്ന് കേന്ദ്രം കരുതി. ശമ്പളവും പെന്‍ഷനും മുടങ്ങിയില്ല, പക്ഷേ ഡി.എ. മുടങ്ങി, ക്ഷേമ പെന്‍ഷന്‍ മുടങ്ങി. ഡി.എ. വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തും. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുഴുവന്‍ ഡി.എയും നല്‍കും. മുടങ്ങിയ പെന്‍ഷന്‍ തുല്യ ഗഡുക്കളായി കൊടുത്തു തീര്‍ക്കുമെന്നും പിണറായി വ്യക്തമാക്കി.

എല്‍.ഡി.എഫിനോടുള്ള വിരോധം കാരണം യു.ഡി.എഫിന് വോട്ട് ചെയ്തത് അല്ല. എന്താണ് ജമാഅത്തെ ഇസ്ലാമി എന്നും എന്താണ് എസ്.ഡി.പി.ഐ എന്നും കോണ്‍ഗ്രസിന് അറിയാം. മുസ്ലിംലീഗ് വാശിയോടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ലീഗിന്റെ മുഖം ജാമത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടേതുമായി മാറി. വിജയത്തില്‍ യു.ഡി.എഫിന് ആഹ്ലാദിക്കാന്‍ വകയില്ല. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാന്‍ പറ്റാത്തവരുമായി കൂട്ടു കൂടുന്നവരായി ലീഗ് മാറിയന്നും മുഖ്യമന്ത്രി ആരോപിച്ചു.