ന്യൂഡൽഹി: സി.എം.ആർ.എൽ - എക്സലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിർണായകം. വിജിലൻസ് കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പ്രത്യേക ബെഞ്ചാണ് പിണറായിയുടെ ഹർജി പരിഗണിക്കുന്നത്. ടി. വീണ, മുഹമ്മദ് റിയാസ്, വാരിസ് എന്നിവർ നൽകിയ ഹർജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

To advertise here,

വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.

വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയന് 82 വയസ്സ് ആയെന്നും അതിനാൽ ഇന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ എല്ലാ ബെഞ്ചുകളിലും കേസുകളുടെ ബാഹുല്യം ആണെന്നും, അതിനാൽ അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഈ അപ്പീലുകളിൽ വാദം കേൾക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

സി.എം.ആർ.എൽ.-എക്സലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ കേരള ഹൈക്കോടതിയുടെ വിധി ഉണ്ടായത് വ്യാഴാഴ്ചയാണ്. ഇതിനെതിരെ വെള്ളിയാഴ്ച പുലർച്ചെ 1.34-ന് ആണ് പിണറായി വിജയൻ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ഇ.ഡി. കൈമാറിയ വിവരങ്ങൾ കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമല്ല, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാൻ ആകില്ല, സി.എം.ആർ.എല്ലിന് അനുകൂലമായി പ്രവർത്തിക്കുന്നതിനായി പണം ലഭിച്ചുവെന്നാണ് പറയുന്നത്. എന്നാൽ, എന്ത് ആനുകൂല്യമാണ് നൽകിയതെന്ന് വ്യക്തമാക്കുന്നില്ല. ആരാണ് ഈ ആനുകൂല്യം ആവശ്യപ്പെട്ടത്, എപ്പോഴാണ് അത് നൽകിയത്, ഏതെങ്കിലും പണമിടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പിണറായി വിജയനും, മറ്റ് ഹർജിക്കാരും മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദങ്ങൾ.