തിരുവനന്തപുരം: ഇടുക്കിയിലും തിരുവനന്തപുരത്തും കനത്ത മഴ. വരും മണിക്കൂറുകളിൽ മഴ കനക്കാനുള്ള സാധ്യത പരിഗണിച്ച് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിതുര-പൊന്മുടി മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിതുരയിൽ പല വീടുകളിലും വെള്ളം കയറി. പൊടിയകാല ഊര് ഒറ്റപ്പെട്ടു. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്.
ഇടുക്കി ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തുലാവർഷം ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും. ചൊവ്വാഴ്ച വൈകിട്ട് 8.00 മണി മുതൽ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തുന്നത്.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാലുമാണ് ഷട്ടർ തുറക്കുന്നത്. നിലവിൽ 821 മീറ്ററാണ് ഡാമിലെ ജലനിരപ്പ് (പരമാവധി ജലനിരപ്പ് 824.48 മീറ്റർ). ഷട്ടറുകൾ തുറക്കുന്നതോടെ 80 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കൊച്ചി-ധനുഷ്കോടി ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ഈ വഴിയുള്ള വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചു. സുരക്ഷാ ഭീഷണി പൂർണ്ണമായും ഒഴിവാകുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
ദേശീയപാത നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. ഇതിന് പുറമേ അപകടകരമായി നിൽക്കുന്ന മറ്റു പാറകളും വൻമരങ്ങളും പ്രദേശത്തുണ്ട്. ഇവ സുരക്ഷിതമായി നീക്കം ചെയ്യാനും റോഡിൽ പതിച്ച പാറ പൊട്ടിച്ചുമാറ്റാനും മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തൽ. തുടർന്നാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പാതയിൽ ഗതാഗതവിലക്ക് ഏർപ്പെടുത്തിയത്.
ഗതാഗത ക്രമീകരണം:
* മൂന്നാറിൽ നിന്ന് അടിമാലി ഭാഗത്തേക്ക്: രണ്ടാം മൈലിൽ നിന്ന് തിരിഞ്ഞ് ആനച്ചാൽ, ഇരുട്ടുകാനം വഴി അടിമാലിയിലെത്താം.
* അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക്: ഇരുട്ടുകാനത്തു നിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് പോകാം.
* മാങ്കുളം ഭാഗത്തേക്ക്: ഇരുട്ടുകാനത്തു നിന്ന് കല്ലാർ ജംഗ്ഷനിലെത്തി മാങ്കുളത്തേക്ക് തിരിയണം.
സ്ഥലത്തെ തടസ്സങ്ങൾ നീക്കി മൂന്ന് ദിവസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രോജക്ട് ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. അപകടനില പൂർണ്ണമായും ഒഴിവായെന്ന് വിദഗ്ദ്ധ സാങ്കേതിക സമിതി ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനരാരംഭിക്കൂ.
Published: 20 Oct 2026, 09:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented