തിരുവനന്തപുരം: തുലാവർഷം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ മഴ കനക്കുന്നു. തിരുവനന്തപുരം, ഇടുക്കി തുടങ്ങിയ തെക്കൻ ജില്ലകളിലാണ് മഴ ഏറ്റവും കൂടുതൽ ശക്തിപ്രാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറുകളിലും മഴ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പുകൾ. മഴ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

To advertise here,

മഴ ശക്തമായതിന് പിന്നാലെ തിരുവനന്തപുരം ജില്ലയിൽ നേരത്തെ തന്നെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഇപ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് ചാത്തന്നൂരിൽ ദേശീയപാതയിലും സർവീസ് റോഡിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.

മലയോര, തീരദേശ മേഖലകളിലാണ് മഴ ശക്തിയാർജിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിതുര, പൊൻമുടി മേഖലയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുകയും രണ്ട് ചെറിയ പാലങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. മക്കിയാർ നദിയും കരകവിഞ്ഞ് ഒഴുകുകയാണ്.

10 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തുലാവർഷം ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും. ചൊവ്വാഴ്ച വൈകിട്ട് 8.00 മണി മുതൽ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തുന്നത്.

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാലുമാണ് ഷട്ടർ തുറക്കുന്നത്. നിലവിൽ 821 മീറ്ററാണ് ഡാമിലെ ജലനിരപ്പ് (പരമാവധി ജലനിരപ്പ് 824.48 മീറ്റർ). ഷട്ടറുകൾ തുറക്കുന്നതോടെ 80 ക്യുമെക്‌സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ഈ വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു. സുരക്ഷാ ഭീഷണി പൂർണമായും ഒഴിവാകുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

ദേശീയപാത നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. ഇതിന് പുറമേ അപകടകരമായി നിൽക്കുന്ന മറ്റു പാറകളും വൻമരങ്ങളും പ്രദേശത്തുണ്ട്. ഇവ സുരക്ഷിതമായി നീക്കം ചെയ്യാനും റോഡിൽ പതിച്ച പാറ പൊട്ടിച്ചുമാറ്റാനും മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തൽ. തുടർന്നാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പാതയിൽ ഗതാഗതവിലക്ക് ഏർപ്പെടുത്തിയത്.