ന്യൂഡൽഹി: സി.എം.ആർ.എൽ - എക്സലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് രൂപികരിച്ചിരിക്കുന്നത്. ഹർജിയിൽ ബുധനാഴ്ച വാദം കേൾക്കും.

To advertise here,

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ, വീണ ടി, മുഹമ്മദ് റിയാസ്, ഹസൻ വാരിസ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. ഈ ഹർജികളിലെല്ലാം ബുധനാഴ്ച വാദം കേൾക്കും.

വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയന് 82 വയസ്സ് ആയെന്നും അതിനാൽ ഇന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ എല്ലാ ബെഞ്ചുകളിലും കേസുകളുടെ ബാഹുല്യം ആണെന്നും, അതിനാൽ അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഈ അപ്പീലുകളിൽ വാദം കേൾക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.