പത്തനംതിട്ട: ആറന്മുള സ്വദേശിനി വത്സലയുടെ ശരീരത്തിൽ സൂചികുടുങ്ങിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡി.എം.ഒ) അന്വേഷണ റിപ്പോർട്ട് പുറത്ത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ ഭാഗത്തുനിന്ന് കുത്തിവെപ്പ് നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടാൻ തെളിവുകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ കുടുങ്ങിയത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന തരത്തിലുള്ള 'ഹോളോ നീഡിൽ' തന്നെയാണെന്ന് ആശുപത്രി സൂപ്രണ്ടും ഡി.എം.ഒയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഏത് ആശുപത്രിയിൽവെച്ചാണ് കുടുങ്ങിയത് എന്നതിൽ അവ്യക്തതയുണ്ടെന്നാണ് റിപ്പോർട്ടിലെ സാരം.

To advertise here,

സൂചി കുടുങ്ങിയെന്ന് പരാതി ഉയർന്ന ദിവസങ്ങളിൽ വത്സലയ്ക്ക് പേശിയിൽ ഇൻജക്ഷൻ എടുത്തിട്ടില്ലെന്നും, മറിച്ച് ഞരമ്പിലൂടെയാണ് മരുന്ന് നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ വാദവും റിപ്പോർട്ടും തമ്മിൽ സമയക്രമത്തിൽ വ്യക്തതക്കുറവുണ്ട്. ഒരു വർഷത്തിലേറെയായി ശരീരത്തിൽ സൂചിയുണ്ടെന്നാണ് വീട്ടമ്മ പറഞ്ഞിരുന്നത്. എന്നാൽ ഇവർ ആശുപത്രിയിൽ അഡ്മിറ്റായത് 2023 ഒക്ടോബറിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

താൻ മറ്റ് ആശുപത്രികളിൽ പോകാറില്ലെന്നും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽനിന്നാണ് കുത്തിവെപ്പെടുത്തതെന്നുമുള്ള വത്സലയുടെ വാദത്തിന് വിരുദ്ധമായാണ് നിലവിലെ അന്വേഷണ റിപ്പോർട്ട്. അതേസമയം കുത്തിവെപ്പ് എടുത്തതിലാണ് ആശുപത്രിക്ക് വീഴ്ചയില്ലെന്ന് പറയുന്നതെങ്കിലും, ശരീരത്തിൽ കുടുങ്ങിയ സൂചി പുറത്തെടുക്കാൻ നടത്തിയ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രണ്ട് ഭാഗങ്ങളായി ഇരുന്ന സൂചിയുടെ ഒരുഭാഗം മാത്രമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ബാക്കി ഭാഗം ശരീരത്തിനുള്ളിൽ ഇരിക്കെത്തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്ത ഡോക്ടറുടെ നടപടി ശരിയായില്ല. സൂചി പൂർണമായും നീക്കം ചെയ്ത് സുഖപ്പെട്ട ശേഷംമാത്രമേ അവരെ വിട്ടയക്കാൻ പാടുണ്ടായിരുന്നുള്ളൂവെന്നും ഡി.എം.ഒ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രി കെ. മുരളീധരന് കൈമാറി. വിഷയത്തിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു.