
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ഇന്നലെ രാത്രിയിലും ഇന്ന് പകലും വലിയതോതിൽ മഴ പെയ്തില്ലെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ഞായറാഴ്ച രാത്രി പത്തനംതിട്ടയിൽ കനത്ത ജാഗ്രത വേണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ഇന്ന് ഒരു രാത്രി കൂടി ആശങ്കയുടേതാണ്. ഒടുവിൽ ലഭിക്കുന്ന മുന്നറിപ്പുകൾ പ്രകാരം ഇന്ന് രാത്രി അതിതീവ്രമഴയും, മിന്നൽ പ്രളയവും ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പത്തനംതിട്ടയ്ക്കായി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.’ അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ നിലവിൽ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 1076 കുടുംബങ്ങളിലെ 3568 പേർ കഴിയുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ഒരു രാത്രി കൂടി സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
റാന്നി, ആറന്മുള, കോന്നി, തിരുവല്ല, അടൂർ എന്നീ മണ്ഡലങ്ങളിലെ എംഎൽഎമാരും തദ്ദേശ സ്ഥാപന പ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ഒത്തൊരുമിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ആറന്മുള, തിരുവല്ല, മല്ലപ്പള്ളി, കോന്നി എന്നിവിടങ്ങളിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ക്യാമ്പുകളിൽ സഹായമെത്തിക്കുന്ന സന്നദ്ധ സംഘടനകളോട് സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. മൂഴിയാർ ഡാം തുറന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കും മന്ത്രി മറുപടി നൽകി.
‘2022-ലെ ഓറഞ്ച് ബുക്ക് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഡാം തുറന്നത്. അസാധാരണമായി മഴ പെയ്ത് ഡാം പെട്ടെന്ന് നിറഞ്ഞ സാഹചര്യത്തിൽ, കെഎസ്ഇബി ജില്ലാ കളക്ടറെ വിവരമറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്തിരുന്നു.’ രാത്രി 9:49-ന് തന്നെ പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.
ജൂലായ് 31-ന് വടശ്ശേരിക്കരയിലും (340mm) ആങ്ങാമുഴിയിലും (328mm) ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയ അത്യധികമായ മഴയുടെ കണക്കുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Minister P.C. Vishnunath has urged Pathanamthitta residents to stay on high alert during a critical night of heavy rainfall, with 3,568 people currently sheltered across 95 relief camps in the district.
Published: 02 Aug 2026, 08:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented