തിരുവനന്തപുരം: മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച രൂപംകൊണ്ട ന്യൂനമർദമാണ് ചുഴലിക്കാറ്റായി മാറുക. ചുഴലിക്കാറ്റായാൽ അതിന് ’അർണബ് ’ എന്നാണു പേര് നല്കുക. ബംഗ്ലാദേശാണ് പേര് നിർദേശിച്ചത്. ബംഗാളിയിൽ സമുദ്രം എന്നാണ് ഇതിന്റെ അർഥം.

To advertise here,

ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡിഷ തീരത്തേക്കു നീങ്ങും. കേരളത്തെ നേരിട്ട് ബാധിക്കില്ല. ഈ ദിവസങ്ങളിൽ കാറ്റ് അനുകൂലമാകുന്നത് കേരളത്തിൽ മഴ ശക്തമാക്കും. കന്യാകുമാരിക്കും കേരളത്തിനും മുകളിലായി രൂപംകൊണ്ട ന്യൂനമർദം അറബിക്കടലിനു മുകളിൽ ലക്ഷദ്വീപിന് അടുത്തായാണുള്ളത്.

ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്

തീവ്രമഴ പ്രതീക്ഷിക്കുന്നതിനാൽ ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഞായറാഴ്ച ഈ ജില്ലകൾക്ക് പുറമേ കോഴിക്കോടിനും വയനാടിനും ഓറഞ്ച് മുന്നറിയിപ്പുണ്ട്. മറ്റ് ജില്ലകളിൽ രണ്ടുദിവസവും ശക്തമായ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പും നൽകി. 26 വരെ ശക്തമായ മഴ തുടരാനാണു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.