പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്മാര് നിര്ദേശിച്ചു

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ഞായറാഴ്ചത്തെ അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ വി. ചെൽസസിനി അറിയിച്ചു. മലപ്പുറം ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ എം.എസ്. മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചത്.
അതേസമയം റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കി.
പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർമാർ നിർദേശിച്ചു. കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട്, ശക്തമായ കാറ്റ് എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണം. ദുരന്തസാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവർ പകൽ സമയത്തുതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവരും അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവരും സാഹചര്യം വിലയിരുത്തി അധികൃതർ നിർദേശിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുവാൻ സഹകരിക്കണം.
സ്വകാര്യ-പൊതു ഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, പരസ്യബോർഡുകൾ, മതിലുകൾ എന്നിവ സുരക്ഷിതമാക്കേണ്ടതാണ്. അപകടസാധ്യതയുള്ള സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. ശക്തമായ മഴയുള്ള സമയത്ത് നദികൾ മുറിച്ചുകടക്കുന്നതും ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നതും പൂർണമായും ഒഴിവാക്കണം. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ വിനോദയാത്രകളും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും പാടില്ല. ജലാശയങ്ങൾക്ക് മുകളിലുള്ള പാലങ്ങളിൽ കയറി കാഴ്ച കാണുന്നതിനും സെൽഫിയെടുക്കുന്നതിനും കൂട്ടംകൂടി നിൽക്കുന്നതിനും കർശന നിരോധനമുണ്ട്.
കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കുകയും നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയും വേണം.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അത്യാവശ്യ രേഖകളും സാധനങ്ങളും ഉൾപ്പെടുത്തിയുള്ള എമർജൻസി കിറ്റ് മുൻകൂട്ടി തയ്യാറാക്കി വെക്കണം. വൈദ്യുതി ലൈനുകൾ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങൾക്കെതിരെ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിനു മുൻപ് വൈദ്യുതാപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തുക. വൈദ്യുതി തകരാറുകൾ കണ്ടാൽ ഉടൻ കെഎസ്ഇബിയുടെ 1912 എന്ന നമ്പറിൽ അറിയിക്കണം. അടിയന്തര സഹായങ്ങൾക്കായി താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
Content Highlights: District collectors of Wayanad and Malappuram announced a holiday for schools, madrasas, and tuition centers following a red alert for heavy rains, while urging residents in hilly areas to relocate to safety.
Published: 24 Oct 2026, 07:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented