
പ്രതീകാത്മക ചിത്രം | AI Generated Image | Courtesy: Google Gemini
പത്തനംതിട്ട: വയോധികനില്‍നിന്ന് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പുസംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തി ബാങ്ക് ജീവനക്കാര്‍. ഫെഡറല്‍ ബാങ്ക് കിടങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരുടെ ഇടപെടലിലാണ് സൈബര്‍ തട്ടിപ്പിനുള്ള നീക്കം പൊളിച്ചത്.
45 ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താവ് ബാങ്കിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബാങ്കിലുള്ള 45 ലക്ഷം രൂപയുടെ ഏഴുനിക്ഷേപങ്ങള്‍ കാലാവധിക്ക് മുന്‍പേ ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹം ബാങ്കിലെത്തിയത്. എന്താണ് ക്ലോസ് ചെയ്യാനുള്ള കാരണമെന്ന് ജീവനക്കാര്‍ തിരക്കിയെങ്കിലും ഇദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. പിന്നീട് വീട് നിര്‍മാണത്തിന് വേണ്ടിയാണെന്ന് പറഞ്ഞു. എന്നാല്‍, ആവശ്യം വരുമ്പോള്‍ മാത്രം ക്ലോസ്‌ചെയ്താല്‍ പോരെ എന്ന് ചോദിച്ചപ്പോഴും എത്രയും വേഗം നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്യണമെന്ന് ഇദ്ദേഹം നിര്‍ബന്ധംപിടിക്കുകയായിരുന്നു. ഇതനുസരിച്ച് വിവിധ നിക്ഷേപങ്ങളിലായുണ്ടായിരുന്ന 45 ലക്ഷം രൂപ ഇദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് കൈമാറി. ഇതിനുപിന്നാലെയാണ് മുംബൈയിലെ അമിഗോ മറൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ 45 ലക്ഷം രൂപയുടെ ചെക്കുമായി ഇദ്ദേഹം തിരിച്ചെത്തിയത്. ഇതോടെ ബാങ്ക് ജീവനക്കാര്‍ക്ക് സംശയംതോന്നി. തുക വലുതായതിനാല്‍ തെളിവുകള്‍ ആവശ്യമാണെന്ന് പറഞ്ഞ് ജീവനക്കാര്‍ ഇദ്ദേഹത്തെ കാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. മകനുവേണ്ടി മുംബെയില്‍ വീടുംസ്ഥലവും വാങ്ങാനുള്ള പണമാണിതെന്നാണ് ഇദ്ദേഹം ആദ്യം വെളിപ്പെടുത്തിയത്. രവികുമാര്‍ എന്ന വാട്‌സാപ്പ് നമ്പറില്‍നിന്നാണ് പണം കൈമാറേണ്ടതിന്റെ നിര്‍ദേശങ്ങള്‍ കിട്ടിയതെന്നും പറഞ്ഞു. എന്നാല്‍, വസ്തുകൈമാറ്റം സംബന്ധിച്ച ഉടമ്പടിയോ മറ്റുവിവരങ്ങളോ നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഈ വാട്‌സാപ്പ് നമ്പറും ചാറ്റിലെ മറ്റുവിവരങ്ങളും പരിശോധിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം സമ്മതിച്ചില്ല. ഇക്കാര്യങ്ങളെല്ലാം പറയുമ്പോള്‍ ഉപഭോക്താവ് പരിഭ്രമിച്ചിരിക്കുന്നതും ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു. ഇതോടെ ഒന്നുകൂടെ ആലോചിച്ച് പിറ്റേദിവസം വരാന്‍ ജീവനക്കാര്‍ ഇദ്ദേഹത്തോട് പറഞ്ഞു.
പിറ്റേദിവസം ഭാര്യയ്‌ക്കൊപ്പമാണ് ഇദ്ദേഹം ബാങ്കിലെത്തിയത്. തുടര്‍ന്ന് പണം കൈമാറുന്നത് സംബന്ധിച്ച യാഥാര്‍ഥ്യം വെളിപ്പെടുത്തുകയുംചെയ്തു. രവികുമാര്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ വാട്‌സാപ്പ് വഴി വീഡിയോകോള്‍ ചെയ്‌തെന്നും മകനെ ചില കേസുകളില്‍ അറസ്റ്റ്‌ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇദ്ദേഹം പറഞ്ഞു. മകന്റെ അറസ്റ്റ് ഒഴിവാക്കാനാണ് പണം ആവശ്യപ്പെട്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തി. നേരത്തേ വാട്‌സാപ്പ് വഴി ബന്ധപ്പെട്ട രവികുമാര്‍ എന്നയാള്‍ക്ക് ഉപഭോക്താവ് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. ഇത് ഉപയോഗിച്ച് തന്റെ പേരില്‍ തട്ടിപ്പുകാരന്‍ മറ്റൊരു അക്കൗണ്ട് തുറന്നിരുന്നതായും പറഞ്ഞു. ഇതോടെ ബാങ്ക് ജീവനക്കാര്‍ മകനെ വിവരങ്ങളറിയിക്കുകയും പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. സംഭവം സൈബര്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ബാങ്ക് ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് ഉപഭോക്താവ് ബാങ്കില്‍നിന്ന് മടങ്ങിയത്.
കഴിഞ്ഞയാഴ്ച മറ്റൊരു സൈബര്‍ തട്ടിപ്പും ഫെഡറല്‍ ബാങ്ക് ശാഖയിലെ ജീവനക്കാരുടെ ഇടപെടലില്‍ കണ്ടെത്തിയിരുന്നു. വിദേശത്തുള്ള അച്ഛന്റെ സുഹൃത്ത് 45 ലക്ഷം രൂപയ്ക്ക് തുല്യമായ പൗണ്ട് കൊറിയര്‍ വഴി അയച്ചെന്നും അത് ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ചെന്നും പറഞ്ഞാണ് യുവതി അന്ന് ബാങ്കിലെത്തിയത്. ഇത്രയും വലിയ തുക ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ക്ക് സഹായംതേടിയാണ് യുവതി വന്നത്. എന്നാല്‍, യുവതി പറഞ്ഞ വിവരങ്ങളും കസ്റ്റംസ് അധികൃതര്‍ക്ക് നേരത്തേ പലതവണകളായി തുക കൈമാറിയെന്നും കേട്ടതോടെ ബാങ്ക് ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സന്ദേശംവന്ന വാട്‌സാപ്പ് നമ്പറും ഇമെയില്‍ വിലാസവും പരിശോധിച്ചതോടെയാണ് സംഭവം തട്ടിപ്പാണെന്ന് വ്യക്തമായത്. ഇത് യുവതിയെ ബോധ്യപ്പെടുത്തി. ഇനി പണം അയക്കരുതെന്ന് നിര്‍ദേശിക്കുകയുംചെയ്തു. തുടര്‍ന്ന് യുവതിയെക്കൊണ്ട് സൈബര്‍ പോലീസിന് പരാതി സമര്‍പ്പിക്കുകയുംചെയ്തിരുന്നു.
Content Highlights: Bank employees in Pathanamthitta successfully prevented a Rs 45 lakh cyber fraud attempt targeting an elderly customer. Learn how they saved the day and protected the client`s savings.
Published: 13 Nov 2025, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented