പാലക്കാട്: യു.ഡി.എഫ്. മന്ത്രിസഭാപ്രഖ്യാപനത്തിൽ ഇരട്ടനേട്ടവുമായി പാലക്കാട്. വി. ഈച്ചരൻ, കെ. ശങ്കരനാരായണൻ, സി.എം. സുന്ദരം എന്നിവർക്കുശേഷം പാലക്കാട്ടുനിന്ന് യു.ഡി.എഫ്. മന്ത്രിസഭയിൽ കെ.എ. തുളസിയും എൻ. ഷംസുദ്ദീനും. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിൽ പാലക്കാടിന് മന്ത്രിമാരേ ഇല്ലാതിരുന്നിടത്തുനിന്നാണ് ഇത്തവണ രണ്ടു മന്ത്രിമാരെത്തുന്നത്. പാലക്കാട് ജില്ലയിൽനിന്ന് മുസ്‌ലിംലീഗ് പ്രതിനിധി മന്ത്രിസ്ഥാനത്തെത്തുന്നതും ഇതാദ്യം. ജില്ലയിൽനിന്നുള്ള ആദ്യവനിതാമന്ത്രിയെന്ന ഖ്യാതിയും ഇനി കെ.എ. തുളസിക്ക് സ്വന്തം.

To advertise here,

1970-ലെ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ഹരിജനക്ഷേമം, സാമൂഹികവികസനം വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന വി. ഈച്ചരൻ തിരഞ്ഞെടുക്കപ്പെട്ടത് തൃത്താലയിൽനിന്നാണ്.

1977-ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും കെ. ശങ്കരനാരായണൻ കൃഷിവകുപ്പിന്റെ ചുമതലയാണ് നിർവഹിച്ചത്. 1981-ൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്ത്രിസഭയിൽ പാലക്കാട്ടുനിന്ന് വിജയിച്ച സി.എം. സുന്ദരം തദ്ദേശസ്വയംഭരണമന്ത്രിയായിരുന്നു. തുടർന്ന് 1982 മുതൽ 1987 വരെയും സി.എം. സുന്ദരം മന്ത്രിയായി.

2001-ൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ധനം, എക്സൈസ് വകുപ്പുകളുടെ ചുമതലയായിരുന്നു കെ. ശങ്കരനാരായണന്. 2011-ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പാലക്കാട് ജില്ലയ്ക്ക് മന്ത്രിമാരുണ്ടായിരുന്നില്ല.

പാലക്കാടിന്റെ മരുമകൾ

തൃശ്ശൂർ ജില്ലയിലെ സൗത്ത് കൊണ്ടാഴി സ്വദേശിനിയായ കെ.എ. തുളസി പാലക്കാടിന്റെ മരുമകളാണ്. വി.കെ. ശ്രീകണ്ഠൻ എം.പി.യാണ് ഭർത്താവ്. കോൺഗ്രസ് രാഷ്ട്രീയത്തിലെ ദമ്പതിമാരായ ജനപ്രതിനിധികൾ എന്ന അപൂർവതയും ഇവർക്കുണ്ട്. നെന്മാറ എൻ.എസ്.എസ്. കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായും കോളേജ് പ്രിൻസിപ്പലിന്റെ ചുമതലക്കാരിയായും കുട്ടികളുമായി അടുത്തബന്ധം.

മൂന്ന് വനിതാനേതാക്കൾ കളത്തിലിറങ്ങിയ സംസ്ഥാനത്തെ ഏകമണ്ഡലമായ കോങ്ങാട് ചരിത്രനേട്ടവുമായാണ് കെ.എ. തുളസി നിയമസഭാംഗമാവുന്നത്. മുൻപ് നിയമസഭയിലേക്കുൾപ്പെടെ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നാക്കമേഖലകളായ അട്ടപ്പാടിയും പറമ്പിക്കുളവും ഉൾപ്പെടുന്ന പാലക്കാടിന് തുളസിയുടെ മന്ത്രിസ്ഥാനം ഗുണകരമാവുമെന്ന് പ്രവർത്തകർ വിശ്വസിക്കുന്നു.

കഴിഞ്ഞതവണ കൈവിട്ട തൃത്താല ഇത്തവണ തിരിച്ചുപിടിച്ച വി.ടി. ബൽറാമിന്റെ പേര് മന്ത്രിസഭയിലേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാനനിമിഷം ഒഴിവായി. ഇത് മൂന്നാംതവണയാണ് ബൽറാം തൃത്താലയുടെ പ്രതിനിധിയാവുന്നത്.

മണ്ണാർക്കാടിന്റെ മനസ്സറിഞ്ഞ ഷംസുദ്ദീൻ

മലപ്പുറം സ്വദേശിയാണെങ്കിലും മണ്ണാർക്കാടുമായി അടുത്തബന്ധം പുലർത്തുന്ന ജനപ്രതിനിധിയാണ് ഷംസുദ്ദീൻ. അട്ടപ്പാടി മേഖലയുൾപ്പെടുന്ന മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് ഇത്തവണ വിജയിച്ചത്.

എം.എസ്.എഫിലൂടെ രാഷ്ട്രീയപ്രവർത്തനമാരംഭിച്ച് പാർലമെന്ററിരാഷ്ടീയത്തിൽ തിളങ്ങിയ ഷംസുദ്ദീൻ മുസ്‌ലിംലീഗിന്റെ സംസ്ഥാനസെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്.

വിവാദങ്ങളിലും കലഹിക്കാതെ സൗമ്യമായെത്തുന്ന ഷംസുദ്ദീന് മന്ത്രിസ്ഥാനം അർഹതയ്ക്കുള്ള അംഗീകാരംകൂടിയാണ്. വിദ്യാഭ്യാസമന്ത്രിപദവിയിൽ സൗമ്യതയോടെ കാര്യങ്ങൾ കൈകാര്യംചെയ്യുന്ന ജനപ്രതിനിധി വേണമെന്നുള്ള നേതൃത്വത്തിന്റെ തീരുമാനമാണ് ഷംസുദ്ദീനിലേക്കെത്തിയതെന്നാണ് അറിയുന്നത്.

തുടർച്ചയായ നാലാംവിജയവും മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷവും ഷംസുദ്ദീൻ സ്വന്തമാക്കിയത് ഇത്തവണയാണ്. കാര്യങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന ഷംസുദ്ദീൻ നിയമസഭയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള കെ.കെ. നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്കാരം നേടിയിട്ടുണ്ട്.