മണ്ണാർക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിത്വം സംബന്ധിച്ച് മുസ്ലിംലീഗിലെ ഇരുവിഭാഗവും സംസ്ഥാന നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെ മണ്ണാർക്കാട് മുനിസിപ്പൽ ലീഗ് കമ്മിറ്റിയും പ്രസ്താവനയുമായി രംഗത്തെത്തി. ഇത്തവണ മണ്ണാർക്കാട്ടുനിന്നുള്ള സ്ഥാനാർഥി വേണമെന്നാണ് മുനിസിപ്പൽകമ്മിറ്റി യോഗം നിർദേശിച്ചത്. ഇക്കാര്യം മണ്ഡലം-ജില്ലാ-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികളായ കെ.സി. അബ്ദുറഹ്‌മാൻ, മുജീബ് പെരിമ്പിടി, മുജീബ് ചോലോത്ത്, ഫിറോസ് മുക്കണ്ണം എന്നിവർ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി നിയമസഭയിലേക്ക് പരിഗണിക്കാൻ നൽകിയ പട്ടികയിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന യൂത്ത് ലീഗ് ഭാരവാഹിയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിക്കയും എൻ. ഷംസുദീൻ മാറുകയും ചെയ്താലേ മണ്ണാർക്കാട്ടുള്ള ആളെ പരിഗണിക്കേണ്ടതുള്ളൂവെന്നാണ് ഒരുവിഭാഗം മണ്ഡലം-ജില്ലാ ഭാരവാഹികളുടെ നിലപാട്.
അതേസമയം, ഇത്തവണ മണ്ഡലത്തിലെ പൊതുസമ്മതനായ ആളെ മത്സരിപ്പിക്കണമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇത് പരസ്യപ്രതികരണങ്ങളിലേക്ക് കടന്നതോടെ സംസ്ഥാനനേതൃത്വം നേതാക്കളുമായി കൂടിക്കാഴ്ചനടത്തി.
അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിൽനിന്ന് വരുന്നതുവരെ പരസ്യ പ്രതികരണങ്ങളൊഴിവാക്കാനാണ് ഇരുകൂട്ടരും തീരുമാനിച്ചത്. ഇതിനിടെയാണ് മുനിസിപ്പൽ ലീഗ് കമ്മിറ്റിയോഗം ചേർന്നതും പ്രസ്താവനയിറക്കിയതും.
പൊതുസമ്മതനെത്തേടി എൽഡിഎഫ്
മുസ്ലിം ലീഗിലെ തർക്കം അനുകൂലമാക്കി മാറ്റാനാണ് ഇടതുമുന്നണിയുടെ ശ്രമം.മണ്ണാർക്കാട് സിപിഐയുടെ സീറ്റാണ്. സ്ഥാനാർഥിയായി മണ്ഡലത്തിലെ സിപിഐ നേതാക്കളിൽ പലരുടെയും പേര് ഉയർന്നിട്ടുമുണ്ട്. എന്നാൽ അനുകൂല സാഹചര്യം പരമാവധി മുതലെടുത്ത് പാർട്ടിക്ക് പുറത്തുന്നിന്ന് പൊതുസമ്മതനായ ഒരാളെ കണ്ടെത്തി മത്സരിപ്പിക്കാനുള്ള ശ്രമമുള്ളതായാണ് സംസാരം. എന്നാൽ സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് നേതാക്കൾ അറിയിച്ചു.
Content Highlights: Muslim League factions in Mannarkkad are at odds over the UDF candidate for the upcoming assembly elections
Published: 23 Jan 2026, 08:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented