പാലക്കാട്: ഗാന്ധിനഗറിലെ വാടകവീട്ടിൽനിന്ന് താമസം മാറാനുള്ള തിരക്കിനിടെയാണ് കോങ്ങാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി കെ.എ. തുളസി വോട്ടെണ്ണൽകേന്ദ്രമായ പാലക്കാട് അകത്തേത്തറ എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിലേക്കിറങ്ങിയത്. രാവിലത്തെ തിരക്കുകൾക്കുശേഷം ഭർത്താവും പാലക്കാട് എം.പി.യുമായ വി.കെ. ശ്രീകണ്ഠനും വോട്ടെണ്ണൽകേന്ദ്രത്തിലെത്തി.

To advertise here,

വിജയിച്ച സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തകരുമായി സന്തോഷം പങ്കുവെച്ച് രാത്രി വൈകി വീട്ടിലേക്കെത്തുമ്പോഴും ചൊവ്വാഴ്ച രാവിലെ പുതിയവീട്ടിൽ കയറിത്താമസിക്കാനുള്ള ഒരുക്കങ്ങൾ ബാക്കിയായിരുന്നു.

ചൊവ്വാഴ്ച രാവിലെമുതൽ കൽമണ്ഡപം മീനാനഗറിലെ 34-ാം നമ്പർ വീട് കൃഷ്ണനിവാസാകും. എം.പി.യുടെയും എം.എൽ.എ.യുടെയും വീട്. രാവിലെ ആറിന് പാലുകാച്ചൽ കഴിഞ്ഞാൽ അടുത്ത സുഹൃത്തുക്കൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്.

ഷൊർണൂർ സ്വദേശിയായ വി.കെ. ശ്രീകണ്ഠനും ചേലക്കര സൗത്ത് കൊണ്ടാഴി സ്വദേശിനി കെ.എ. തുളസിയും ജീവിതത്തിൽ ഒരുമിക്കുന്നതും ഒരു തിരഞ്ഞെടുപ്പുകാലത്താണ്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷമായിരുന്നു വിവാഹം.

ഷൊർണൂരിൽ ശ്രീകണ്ഠന്റെ വീട്ടുപേര് കൃഷ്ണനിവാസ് എന്നാണ്. ആ ഓർമ്മയിലാണ് വാടകവീടുകളെല്ലാം കൃഷ്ണനിവാസ് ആവുന്നത്. നെന്മാറ എൻ.എസ്.എസ്. കോളേജ് ചരിത്രവിഭാഗം മേധാവിയായിരുന്ന കെ.എ. തുളസി രണ്ടുവർഷം പ്രിൻസിപ്പലിന്റെ ചുമതലയും വഹിച്ചിരുന്നു.