
പാലക്കാട്: 2008-ലെ മണ്ഡല പുനർനിർണയത്തോടെയാണ് കോങ്ങാട് മണ്ഡലം നിലവിൽവരുന്നത്. 2011, 2016, 2021 എന്നി മൂന്ന് തിരഞ്ഞെടുപ്പുകളാണ് മണ്ഡലം രൂപപ്പെട്ടതിനുശേഷം നടന്നത്. ഈ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോങ്ങാട് മണ്ഡലം എൽ.ഡി.എഫിനൊപ്പമായിരുന്നു. നിലവിൽ പട്ടികജാതിസംവരണ മണ്ഡലമാണ് കോങ്ങാട്.
കോങ്ങാട്, കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കേരളശ്ശേരി, മണ്ണൂർ, മങ്കര, പറളി എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം. ഇതിൽ അഞ്ച് പഞ്ചായത്തുകളിൽ എൽ.ഡി.എഫും മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫും ഭരിക്കുന്നവയാണ്. പറളിയിൽ എൽ.ഡി.എഫും എൻ.ഡി.എ.യും ഒപ്പത്തിനൊപ്പം വന്നിരുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടിയാണ് കോങ്ങാട്ട് എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന കെ. ശാന്തകുമാരി വിജയിച്ചത്. ശാന്തകുമാരിക്ക് 67,881 യു.ഡി.എഫിന്റെ സ്ഥാനാർഥി യു.സി. രാമന് 40,662, എൻ.ഡി.എ. സ്ഥാനാർഥി എം. സുരേഷ്ബാബുവിന് 27,661 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. യു.ഡി.എഫിന് 2016-നെ അപേക്ഷിച്ച് 2021-ൽ വോട്ട് കുറഞ്ഞിരുന്നു. എങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് പ്രതീക്ഷപകരുന്നതാണ്. നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
സിറ്റിങ് എം.എൽ.എ. കെ. ശാന്തകുമാരിതന്നെയാവും കോങ്ങാട്ടെ ഇടതുമുന്നണി സ്ഥാനാർഥി. ഔദ്യോഗികചർച്ചകൾ തുടങ്ങിയിട്ടില്ലെങ്കിലും സ്ഥാനാർഥിമാറ്റത്തിന് സാധ്യതയില്ലെന്നാണ് സൂചന. മണ്ഡലത്തിൽ എം.എൽ.എ. സജീവ സാന്നിധ്യവുമാണ്. യു.ഡി.എഫ്. കഴിഞ്ഞതവണ കോങ്ങാട് മണ്ഡലം മുസ്‍ലിംലീഗിന് വിട്ടുനൽകിയിരുന്നു. എന്നാൽ, ഇത്തവണ കോൺഗ്രസ്‌തന്നെ മത്സരിക്കട്ടെയെന്ന നിലപാടാണ് ലീഗിന്. ലീഗ് ജില്ലാനേതൃത്വം ഇത് വ്യക്തമാക്കിയിരുന്നു. ചർച്ചകളൊന്നും നടന്നിട്ടില്ല. എങ്കിലും സീറ്റിൽ കോൺഗ്രസ്‌തന്നെ മത്സരിച്ചേക്കും. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എ. തുളസി, മുൻ എം.പി. രമ്യാഹരിദാസ് എന്നിങ്ങനെ ചില പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. പുതുമുഖങ്ങൾവരുന്ന സാധ്യതയും തള്ളിക്കളയാനാവില്ല.
എൻ.ഡി.എ.യിൽ ഔദ്യോഗിക ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല. സംവരണ മണ്ഡലമായതിനാൽ ബി.ജെ.പി. സംസ്ഥാനസെക്രട്ടറി രേണു സുരേഷിനെ മണ്ഡലത്തിലെത്തിക്കാൻ നീക്കംനടക്കുന്നുണ്ടെന്നാണ് സൂചന. രേണു സുരേഷാണെങ്കിൽ മണ്ഡലത്തിൽ പുതുമുഖമല്ല. 2016-ൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കഴിഞ്ഞതവണ മത്സരിച്ച എം. സുരേഷ് ബാബുവിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
Content Highlights: kongad assembly constituency k santhakumary will contest for cpm congress consider remya haridas and nda consider renu suresh
Published: 10 Feb 2026, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented