പാലക്കാട്: പാലക്കാട് കഞ്ചിക്കോട് അതിഥി തൊഴിലാളിയായ രാംനാരായൺ ഭയ്യാൽ ആൾക്കൂട്ട വിചാരണയ്ക്കിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ആൾക്കൂട്ടക്കൊലകൾക്ക് സമാനമായ രീതിയിൽ, കേരളത്തിലും ഇതര സംസ്ഥാന തൊഴിലാളികളെ 'ബംഗ്ലാദേശികൾ' എന്ന് വിളിച്ച് ശത്രുക്കളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരത്തിൽ മുദ്രകുത്തുന്നത് വഴിയുണ്ടാകുന്ന വർഗീയ-വംശീയ വിഷത്തിന്റെ ഇരയാണ് കൊല്ലപ്പെട്ട രാംനാരായൺ ഭയ്യാൽ.
ഈ കേസിൽ നിലവിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികൾ നേരത്തെ രണ്ട് സിപിഎം പ്രവർത്തകരെ വീടുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണെന്ന നിർണ്ണായക വിവരവും പുറത്തുവന്നിട്ടുണ്ട്. പ്രതികളുടെ ഈ രാഷ്ട്രീയ-ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ച് വെറുമൊരു ആൾക്കൂട്ടക്കൊലയായി മാത്രം മാധ്യമങ്ങൾ ഈ സംഭവത്തെ റിപ്പോർട്ട് ചെയ്യുന്നത് നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പഴുതടച്ച നടപടികൾ ഉണ്ടാകുമെന്നും സർക്കാർ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലക്കാട് ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ക്രിമിനലുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ആരോപിച്ചു. കൊടും ക്രൂരതകൾ ചെയ്യാൻ മടിയില്ലാത്ത ഒരുകൂട്ടം ആർഎസ്എസ് ക്രിമിനലുകളാണ് ഭയ്യാലിനെ ആക്രമിച്ചത്. ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കമുള്ള സമൂഹത്തിന് യോജിച്ചതല്ല ഇതൊന്നും. ഇത് കേരളത്തിൽ അനുവദിക്കാൻ സാധിക്കില്ലെന്നും കേരളം ഇതിനെതിരെ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Minister MB Rajesh blames Sangh Parivar`s hate politics for the Palakkad mob killing of migrant worker Ramnarayan Bhaiya. Investigation underway.
Published: 22 Dec 2025, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented