തിരുവനന്തപുരം: ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിൽ ഹൈക്കോടതിയിൽ അധിക സത്യവാങ്മൂലം നൽകാനൊരുങ്ങി സർക്കാർ. ക്ലാസിഫിക്കേഷൻ ഇല്ലാത്തവർക്ക് ലൈസൻസ് നൽകേണ്ടെന്ന സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിക്കും. നിലവിൽ, 32 ബാറുകൾക്ക് ക്ലാസിഫിക്കേഷൻ നഷ്ടമായിട്ടുണ്ട്. ഈ ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. നിലവിലുള്ള സത്യവാങ്മൂലത്തിന് പുറമെ പുതിയ സത്യവാങ്മൂലങ്ങൾ കൂടി കോടതിയിൽ സമർപ്പിക്കാനാണ് എക്‌സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

To advertise here,

ബാർ ലൈസൻസുമായി ബന്ധപ്പെട്ടാണ് ഈ സത്യവാങ്മൂലം നൽകുന്നത്. കഴിഞ്ഞ സർക്കാർ, കോവിഡ് കാലത്ത് നൽകിയിരുന്ന ഇളവുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷവും തുടർന്നിരുന്നു. ക്ലാസിഫിക്കേഷൻ ലൈസൻസിന് അപേക്ഷിച്ച എല്ലാ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകാം എന്ന മദ്യനയമായിരുന്നു എൽഡിഎഫ് സർക്കാരിന്റേത്, അതിനെ അനുകൂലിച്ചുകൊണ്ടാണ് നിലവിൽ ഭരണത്തിലുള്ള യുഡിഎഫ് സർക്കാരും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

ഇടതുസർക്കാരിന്റെ കാലത്തെ മദ്യനയത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരു കോൺഗ്രസ് നേതാവിന്റെ ഹർജിയിലായിരുന്നു യുഡിഎഫ് സർക്കാർ മുൻ സർക്കാരിനെ പിന്തുണച്ചുകൊണ്ടുള്ള സത്യവാങ്മൂലം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി പുറത്തുവിട്ട വാർത്തകളും രേഖകളും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് എക്‌സൈസ് മന്ത്രി എം. ലിജു ഈ വിഷയത്തിൽ ഇടപെട്ടത്.

പിന്നാലെ, കഴിഞ്ഞ സാമ്പത്തിക വർഷം എത്ര ഹോട്ടലുകളുടെ ക്ലാസിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി, എത്രയെണ്ണം റിജക്ട് ചെയ്തു എന്നതടക്കമുള്ള വിശദമായ റിപ്പോർട്ട് അദ്ദേഹം കേന്ദ്ര ടൂറിസം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അവിടെനിന്നുള്ള റിപ്പോർട്ട് ഫയൽ ചെയ്തത്. അതിനെ അടിസ്ഥാനമാക്കി എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു.

ടൂറിസം മന്ത്രാലയം നൽകിയ രേഖകൾ പരിശോധിച്ചപ്പോഴാണ്, കഴിഞ്ഞ സാമ്പത്തിക വർഷം അപേക്ഷിച്ചിട്ടുള്ള ഹോട്ടലുകളിൽ 32 എണ്ണത്തിന്റെ സ്റ്റാർ പദവി നഷ്ടപ്പെട്ടതായി മനസിലാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഈ ഹോട്ടലുകളുടെ സ്റ്റാർ പദവി കേന്ദ്രം നിഷേധിച്ചത്. എന്നാൽ ഈ 32 ബാറുകൾക്കും കഴിഞ്ഞ സർക്കാർ ബാർ ലൈസൻസ് കൊടുത്തിട്ടുണ്ട് എന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്റ്റാറുകൾ ഇല്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകേണ്ട എന്ന തീരുമാനത്തിലേക്കാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ എത്തുന്നത്. തീരുമാനത്തിന്റെ ബാക്കിയായി ഈ 32 ബാറുകളുടേയും ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിനായുള്ള നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. 

'കേരളത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് അവരുടേതല്ലാത്ത തെറ്റുകൊണ്ട് ക്ലാസിഫിക്കേഷൻ നഷ്ടപ്പെടില്ല. എന്നാൽ, വേണ്ട എല്ലാ രേഖകളോടുംകൂടി ക്ലാസിഫിക്കേഷനായി അപേക്ഷ നൽകിയിട്ടും അത് റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് അതിനുള്ള യോഗ്യതയില്ല, അതിനുള്ള മാനദണ്ഡങ്ങൾ അവർ പാലിച്ചിട്ടില്ല എന്നാണ് അതിനർത്ഥം. അതുതന്നെയാണ് യുഡിഎഫ് സർക്കാരിന്റെയും നയം. അതുകൊണ്ടുതന്നെ ഈ 32 ബാറുകൾക്കും ലൈസൻസ് നഷ്ടമാകും.' എക്‌സൈസ് മന്ത്രി എം. ലിജു വ്യകമാക്കി.

'അപേക്ഷ സമർപ്പിച്ച 299 ബാറുകൾക്കും നോട്ടീസ് നൽകും. അവർ ലൈസൻസ് സബ്മിറ്റ് ചെയ്യാത്ത സാഹചര്യമുണ്ടായാൽ എക്‌സൈസ് വകുപ്പ് ബാക്കി നടപടികളിലേക്ക് നീങ്ങും. 32 ബാറുകളുടെ അപേക്ഷകൾ തിരസ്‌കരിച്ചിട്ടുണ്ട് എന്നാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അവ ഏതൊക്കെയെന്ന് കണ്ടെത്താനും മറ്റ് നടപടികൾ സ്വീകരിക്കാനുമുള്ള കാര്യങ്ങൾ ചെയ്തുതുടങ്ങിയിട്ടുണ്ട്.' മന്ത്രി പറഞ്ഞു.