പാലക്കാട്: വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയായ രാംനാരായണൻ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ നിർണായകമായ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതികൾ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് രാംനാരായണനെ മർദിച്ചതെന്ന് പോലീസ് തയ്യാറാക്കിയ ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്രൂരമായ മർദ്ദനമാണ് കൊല്ലപ്പെട്ട രാംനാരായണന് നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ വടി ഉപയോഗിച്ച് രാംനാരായണന്റെ തലയ്ക്കും മുതുകിലും ക്രൂരമായി അടിച്ചു. മർദനമേറ്റ് നിലത്തു വീണതിന് ശേഷവും നെഞ്ചത്തും ഇടുപ്പിലും മുഖത്തും ക്രൂരമായി ചവിട്ടുകയും മർദിക്കുകയും ചെയ്തു. മർദനത്തെ തുടർന്ന് രാംനാരായണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ ചോര തുപ്പിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിന്നും മർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം.

To advertise here,

നിലവിൽ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ട്. പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ അവർക്ക് ജാമ്യം അനുവദിക്കരുത് എന്ന് പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. മൊബൈൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

കൊല്ലപ്പെട്ട രാംനാരായണൻ ചത്തീസ്ഗഢിലെ എസ്സി (SC) സമുദായത്തിൽപ്പെട്ടയാളാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന രാംനാരായണന്റെ മരണത്തോടെ അവർക്ക് മറ്റ് വരുമാന മാർഗങ്ങളില്ലാതായിരിക്കുകയാണ്. അതിനാൽ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് റെവന്യൂ മന്ത്രി കെ. രാജനുമായി ബന്ധുക്കൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നിലവിൽ ചുമത്തിയിട്ടുള്ള കൊലപാതക കുറ്റത്തിന് പുറമെ, ആൾക്കൂട്ട കൊലപാതകം, എസ്സി/എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ കൂടി പ്രതികൾക്കെതിരെ ചുമത്തണമെന്ന് ബന്ധുക്കളും പൊതുപ്രവർത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. രാംനാരായണന്റെ മൃതദേഹം നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലാണുള്ളത്. പാലക്കാട് ജില്ലയിലെ വാളയാറിൽ പുതിയ ജീവിതം തേടിയെത്തിയ ഒരു തൊഴിലാളിക്ക് നേരെ ഉണ്ടായ ഈ ആക്രമണം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.