കോഴിക്കോട്: ഇഡിയുടെ റെയ്ഡുകളെത്തുടർന്ന് പേടിച്ചോടില്ലെന്നും തല പോയാലും ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസ്.
സി.എം.ആർ.എൽ. - എക്സാലോജിക് പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെ സുഹൃത്തുക്കളുടെ അടക്കം വീടുകളിൽ റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലാണ് റിയാസിന്റെ പ്രതികരണം. റിയാസിന്റെ സുഹൃത്തുക്കളുടെയും അദ്ദേഹവുമായി അടുപ്പമുള്ള കോഴിക്കോട്ടെ സി.പി.എം.-ഡി.വൈ.എഫ്.ഐ. നേതാക്കളുടെയും വീടുകളിലടക്കം എട്ട് ഇടങ്ങളിൽ ചൊവ്വാഴ്ച ഇ.ഡി. സംഘം റെയ്ഡ് നടത്തിയത്.
ഇവിടെനിന്നൊന്നും നിയമവിരുദ്ധമായി ഒന്നും കണ്ടെടുക്കാൻ ഇഡിക്കായിട്ടില്ലെന്ന് റിയാസ് പറഞ്ഞു. ഒന്നും ഒളിച്ചുവെച്ചല്ല വീണ കമ്പനി തുടങ്ങിയതെന്നും റിയാസ് കൂട്ടിച്ചേർത്തു.
'ഒന്നും ഒളിച്ചുവെച്ച് വീണ സ്ഥാപനം തുടങ്ങിയിട്ടില്ല. വീണ സ്വതന്ത്ര വ്യക്തിയാണ്. ബിസിനസ് നടത്തരുതെന്ന് ഭരണഘടനാപരമായി പറയാൻ കഴിയില്ല. കുടുംബ പശ്ചാത്തലത്തിന്റെ ഭാഗമായി സർക്കാരിനെ സ്വാധീനിച്ച് ബിസിനസ് നടത്തുന്നതാണ് തെറ്റ്. അത് ആർക്കും പരിശോധിക്കാം. ഒരുപാട് അസംബന്ധമായ കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. രാഷ്ട്രീയപരമായും നിയമപരമായും നടപടി സ്വീകരിക്കും' റിയാസ് പറഞ്ഞു.
കോളേജ് കാലംതൊട്ടുള്ള തന്റെ സുഹൃത്തുക്കളെ റെയ്ഡിന്റെ ഭാഗമായി രാവിലെ മുതൽ രാത്രിവരെ ചോദ്യം ചെയ്തു. നിയമപരമായും മാന്യമായും ബിസിനസ് ചെയ്യുന്നവരാണ്. ഒരു പുകമുറ സൃഷ്ടിച്ച് സംശയത്തിന്റെ നിഴലിൽനിർത്താനുള്ള ശ്രമം നടന്നു. പലമേഖലകളിലുമുള്ള ആളുകളുമായും ബന്ധമുണ്ട്. അതിൽ ബിസിനസുകാരും ഉണ്ട്. ഇനിയും ബന്ധമുണ്ടാകും. ഇന്നലെ ഇഡി കയറി എന്ന് വിചാരിച്ച് ആ വീട്ടിലുള്ള ആളുകളുമായുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്നും റിയാസ് പറഞ്ഞു.
വിഷയം രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയും താനും തീരുമാനിച്ചിരിക്കുന്നത്. കൈപ്പത്തിയിൽ ജയിച്ച ചില എംഎൽഎമാർ ഇഡിയെ പേടിച്ച് ബിജെപി ആയിട്ടുണ്ട്. ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തെ തലപോയാലും എതിർക്കുകയും പോരാടുകയും ചെയ്യും. അങ്ങനെ പേടിപ്പിച്ചാൽ പേടിക്കുന്നവരല്ല തങ്ങളെന്നും റിയാസ് കൂട്ടിച്ചേർത്തു.
ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയും രാഷ്ട്രീയ നേതാവിന്റെ മകളും ഉന്നത വിദ്യാഭ്യാസവും നേടി എന്നത് കൊണ്ട് ബിസിനസ് നടത്തരുത് എന്ന് പറയുന്നത് ശരിയാണോ. ഭർത്താവ് എന്ന നിലയിൽ എനിക്ക് വീണയോട് പറയാനുള്ളത്, വെറുതെയിരിക്കരുത്. ബിസിനസ് ചെയ്യണം. എല്ലാ പ്രോത്സാഹനവും നൽകും. നമ്മുടെ ഒന്നും സ്വാധീനമില്ലാതെ ബിസിനസ് ചെയ്യാനുള്ള കഴിവും ശേഷിയും അവർക്കുണ്ട്. അത് ചെയ്യുന്നതിന് ഒരു പ്രയാസവുമില്ല' റിയാസ് പറഞ്ഞു.
എക്സാലോജിക് സൊല്യുഷൻസ് ഡയറക്ടറും റിയാസിന്റെ ഭാര്യയുമായ ടി. വീണയുടെ മൊഴികളിൽനിന്നും ഡയറിയിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്.
സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി. നിഖിൽ, ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖല ജോയിന്റ് സെക്രട്ടറിയും ഡെസ്റ്റിനേഷൻ ടൂറിസം മാനേജരുമായ എടക്കാട് സ്വദേശി നന്ദുലാൽ, റിയാസിന്റെ സഹപാഠികളായ കോഴിക്കോട് സരോവരത്തെ കെ.സി.കെ. ഡെന്റൽസ് ഉടമ പി.പി. ഷൈജൽ, ഐ.ടി. കമ്പനി ഉടമ കാരപ്പറമ്പ് സ്വദേശി ഫെബിഷ് മുഹമ്മദ്, പന്തീരാങ്കാവിലെ കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് എം.ഡി. വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലും സരോവരത്തെ കെ.സി.കെ. ഡെന്റൽസ്, പന്തീരാങ്കാവിലെ കാപ്പിറ്റൽ മാർബിൾസ് എന്നീ സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. പോലീസിന്റെ സഹായംതേടാതെ കേന്ദ്രസേനയുടെ സുരക്ഷയോടെയായിരുന്നു പരിശോധന.
ഇവരുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ സംഘം ശേഖരിച്ചു. പ്രാഥമികമായി ചോദ്യംചെയ്യുകയും ചെയ്തു. ഇവരിൽ ചിലരുടെ സ്വത്ത് മരവിപ്പിക്കാനും നീക്കമുണ്ട്.
വീണ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കഴിഞ്ഞ മേയിൽ ചുവന്ന കവറുള്ള ഡയറി ഇ.ഡി. സംഘം പിടിച്ചെടുത്തിരുന്നു. നിഖിൽ, വാരിസ്, ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിൽനിന്ന് പണം ണ്ടകൈമാറിയതായി ഡയറിയിലുണ്ടായിരുന്നു.
വീണയെ ചോദ്യംചെയ്തപ്പോൾ 'നാലുപേരും റിയാസിന്റെ സുഹൃത്തുക്കളാണ്, ഒരാൾ തന്റെ കൂടി സുഹൃത്താണെ'ന്നുമായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം കൈമാറിയതെന്നും വീണ വ്യക്തമാക്കിയിരുന്നു. ചോദ്യംചെയ്യലിനിടെ വീണയെക്കൊണ്ട് ഇവരെ വിളിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: PA Mohamed Riyas stated he will not run in fear or stop fighting BJP's politics despite ED raids., ED conducted searches at the homes of Riyas's friends and CPM-DYFI leaders in Kozhikode., Riyas defended his wife T Veena, stating she is an independent individual with the right to conduct business., He announced that the issue will be handled both politically and legally.
Published: 19 Aug 2026, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented