കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് അപകടകരമായി ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ. പാലായിൽനിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയ സൂപ്പർഫാസ്റ്റ് ബസിന്റെ ഡ്രൈവർ പൂഞ്ഞാർ സ്വദേശി ജോർജുകുട്ടി ആന്റണി (34) ആണ് യാത്രക്കാരുടെ ജീവൻവെച്ച് പന്താടിയത്. പാലായിൽനിന്ന് യാത്ര പുറപ്പെട്ടതുമുതൽ ഇയാൾ അശ്രദ്ധവും അപകടകരവുമായാണ് വാഹനം ഓടിച്ചിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു.

To advertise here,

അപകടകരമായ ഡ്രൈവിങ് കണ്ട് ഭയന്ന യാത്രക്കാർ വലിയ ബഹളമുണ്ടാക്കുകയും ബസ് നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് ബസ് എറണാകുളം ജില്ലയിലെ വാഴക്കുളം മടക്കത്താനം ഭാഗത്ത് നിർത്തി. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഡ്രൈവറെ ബസ്സിൽനിന്ന് താഴെയിറക്കി ചോദ്യം ചെയ്തതോടെയാണ് ഇയാൾ കടുത്ത മദ്യലഹരിയിലാണെന്ന് ബോധ്യപ്പെട്ടത്. നാട്ടുകാരോട് ഡ്രൈവർ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടയിൽ ഇയാൾ ധരിച്ചിരുന്ന ഷർട്ട് സ്വമേധയാ ഊരിയെറിയുകയും റോഡിൽ കിടന്ന് വലിയ ബഹളമുണ്ടാക്കുകയും ചെയ്തു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വാഴക്കുളം പോലീസ് സംഭവസ്ഥലത്തെത്തി. പോലീസ് വന്നശേഷവും ഡ്രൈവർ റോഡിലെ ബഹളം തുടർന്നു. പിന്നീട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബ്രത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.