കൊയിലേരി: കോവിഡ് കാലത്ത്് നാടെല്ലാം ഓടിയ അരുണിന്റെ കുഞ്ഞൻ ആനവണ്ടികൾ കാലം പിന്നിട്ടപ്പോൾ ഒന്ന് നിറംമാറ്റി. ഫാസ്റ്റായും സൂപ്പർ ഫാസ്റ്റായും പ്രീയദർശിനിയായും നാടാകെ തലങ്ങും വിലങ്ങും ഓടുന്ന ആന വണ്ടിയോട് പ്രണയം ഒട്ടും കുറഞ്ഞതല്ല. പകരം ഇതിന് പിന്നാലെ കിതച്ചോടുന്ന സ്വകാര്യ ബസ്സുകളോടും വേണ്ടേ ഒരു ഐക്യദാർഢ്യം. ഈ തീരുമാനത്തിൽ നിന്നാണ് വീട്ടിലൊരു വർക്ക് ഷോപ്പ് അതിനായി ഒരുങ്ങിയത്. ആറാട്ടുതറ ശാന്തിനഗറിലെ വടക്കേ വീട്ടിൽ അരുൺ ഇത്തവണ നിർമ്മിച്ചത് നിറത്തിലും രൂപത്തിലും കേമൻമാരായ കുഞ്ഞൻ സ്വകാര്യ ബസ്സുകളാണ്. രൂപത്തിലും ഭാവത്തിലുമെല്ലാം ഒരു കടുക് മണിപോലും ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറ്റമില്ലാത്ത നീല നിറത്തിലുള്ള അതേ ബസ്സുകൾ. ഇപ്പോ ശരിയാക്കാം എന്ന സൂഷ്മതയോടെ അതിനേക്കാൾ ചെറിയ സ്പാനറുകളും ടൂൾസുകളുമായാണ് കുറെ ദിവസങ്ങൾ. ക്ഷമയുടെയും അക്ഷമയുടെയും എത്രയോ മണിക്കൂറുകൾ. ചേസിസ് മുതൽ ബോഡി പണിവരെയും ഘട്ടം ഘട്ടമായി പണിത് തീർത്തു. പാകത്തിന് നട്ടും ബോൾട്ടും എല്ലാമുണ്ട്. ഒടുവിൽ പെയിന്റിങ്ങും കഴിഞ്ഞ് വാഹനം പുറത്തിറക്കിയപ്പോൾ അപ്പോ തന്നെ കണ്ടവരുടെയെല്ലാം പ്രശംസയുമെത്തി. കൈയ്യിലൊതുങ്ങുന്ന ഈ കുഞ്ഞൻ ബസ്സിനെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ ആവശ്യക്കാരും ഇഷ്ടക്കാരും ഏറെക്കൂടി. വലിയ ലോകത്തിലെ കുഞ്ഞൻ മാതൃകകളെ കൗതുക പൂർവ്വം പിന്തുടരുന്ന അനേകം പേരുടെ പ്രിയ വണ്ടി കൂടിയാണിത്. ചിലർക്കെല്ലാം ചില്ലലമാരകളിൽ സൂക്ഷിക്കാൻ കഴിയുന്ന കുഞ്ഞുവിസ്മയം. ദാസനക്കര നീർവാരം പനമരം റൂട്ടിൽ ഓടുന്ന ഹോളി മേരി ബസ്സിനെയാണ് അരുൺ ചെറുരൂപത്തിലേക്ക് തനതായി പകർത്തിയത്. സീറ്റുകളും സ്റ്റിയറിങ്ങും തുടങ്ങി ബസ്സിന്റെ അകം പുറം കാഴ്ചകളെല്ലാം അതേ പോല പുനർനിർമ്മിച്ചു. കണ്ടാലെല്ലാം അതുപോലെ തന്നെ..നിറത്തിലും രൂപത്തിലുമെല്ലാം ഒറിജിനലിനെ വെല്ലുന്ന തനിരൂപം. മിനിയേച്ചർ പതിപ്പിലൂടെ ആവിഷ്‌കരാകലയുടെ മറ്റൊരു തലം കൂടിയാണ് ഇതിലൂടെ അരുൺ അടയാളപ്പെടുത്തുന്നത്.
കോവിഡ് കാലത്തെ നേരമ്പോക്കുകൾ
നാടെല്ലാം അടഞ്ഞുകിടന്ന കോവിഡ് മഹാമാരിയുടെ കാലത്ത് വീട്ടിൽ ഒതുങ്ങിയിരുന്നപ്പോഴാണ് കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചെറുരൂപങ്ങൾ നിർമ്മിച്ച് തുടങ്ങിയത്. ഇതിനായുള്ള നിർമ്മാണ വസ്തുക്കളെല്ലാം അവിടെ നിന്നും ഇവിടെ നിന്നുമായി അടുപ്പിച്ചു. നേരം പോക്കിന് തുടങ്ങിയ ആശയം ഗൗരവമുള്ളതായി മാറി. ദിവസങ്ങൾക്കകം ഒരു കെ.എസ്. ആർ.ടി.സി പുറത്തിറങ്ങി. വെറുതെ ഒരിഷ്ടം തോന്നി ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ചു. ധാരാളം പേർ അരുണിന്റെ മിനയേച്ചർ നിർമ്മാണ വൈദഗ്ധ്യത്തിന് ഹൈഗിയർ പിന്തുണയുമായി വന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വെബിനിവേശം പക്തിയിൽ രാംമോഹൻ പാലിയത്തും ഈ കുഞ്ഞുകലയെ എടുത്തു പറഞ്ഞു. ഇതോടെയാണ് ഈ ചെറിയ ആശയം വലിയ മോഹങ്ങളിലേക്ക് ചുരം കയറിയത്. സമയം ഇതിനായി മാറ്റിവെക്കുന്നതിൽ ആദ്യം കേട്ട പഴികളെല്ലാം കുറഞ്ഞുവന്നു. അവരുടെയും പിന്തുണ കിട്ടാൻ തുടങ്ങിയതോടെ ഇടവേളയ്ക്ക് ശേഷം അരുണിന്റെ വർക്ക് ഷോപ്പിൽ നിന്നും ഹോളി മേരി ബസ്സും പുറത്തിറങ്ങുകയായിരുന്നു.ഇപ്പോൾ ഈ പണിപ്പുരയിലേക്ക് വീണ്ടും ബസ്സുകളുടെ വരവുകൾ.
വൈറലായി കുഞ്ഞുവണ്ടികൾ
ചെറിയ വണ്ടികൾക്ക് അതിന്റെ പൂർണ്ണതകണ്ട് പിറകെ കൂടിയവരും ധാരാളമുണ്ട്. ഇരുപത് ദിവസത്തോളം നീണ്ട അധ്വാനം ഇതിന് പിറകിലുണ്ടെന്ന് അരുൺ പറയുന്നു. വാഹനത്തിന് 42 സെന്റീമീറ്റർ നീളവും 10 സെന്റീമീറ്റർ ഉയരവുമുണ്ട്. തുറക്കാൻ കഴിയുന്ന വാതിലുകൾ, ഹൈഡ്ലൈറ്റ്, ഇന്റീരിയർ, റൊട്ടേഷൻ ടയറുകൾ, ടിൽറ്റ് സസ്പെൻഷൻ സിസ്റ്റവുമെല്ലാം ഈ ബസ്സിനുമുണ്ട്. ഈ ബസ്സുകളെ അങ്ങ് വിദേശ രാജ്യങ്ങളിൽ വരെ എത്തിക്കണം. സഹോദരൻ അഖിലും പിന്തുണയായുണ്ട്. അങ്ങിനെ മിനേയച്ചർ രൂപങ്ങളുടെ വീടായും ഇവിടം മാറുകയാണ്. വീട്ടുകരാണ് ഈ കുഞ്ഞൻ ബസ്സുകളെ ആദ്യം വിലയിരുത്തുക. അവസാന വട്ട മിനുക്കി പണിയും കഴിഞ്ഞ് ഇവിടെ നിന്നുള്ള പച്ചക്കൊടിയോടെ പുറത്തേക്ക് ഇറങ്ങുകയായി മോഹവണ്ടികൾ. പഠിച്ചത് ലൈബ്രറി സയൻസാണ്. ലൈബ്രറി പ്രൊഫഷണലായി കുറെക്കാലം പുസ്തകങ്ങളുടെ പിറകിലായിരുന്നു ജീവിതം. ഇപ്പോൾ ഓൺലൈൻ ജോലികളുമായി അൽപ്പമൊന്ന് മാറി നിന്നു. ഇക്കൂട്ടത്തിലാണ് മൊബൈൽ ഫോണെല്ലാം തൽക്കാലം മാറ്റി വെച്ച് പഴയ കൗതുകങ്ങളിലേക്ക് ശ്രദ്ധതിരിച്ചത്. മോഹവില നൽകി ഇവ സ്വന്തമാക്കാനും ആളുകളെത്തും. ലോറിയും കാറുകളുമെല്ലാമാണ് ഇനിയുളള പരീക്ഷണങ്ങൾ.
Content Highlights: Wayanad youth Arun crafts realistic miniature models of private and KSRTC buses with intricate working details, gaining immense attention on social media.
Published: 29 Nov 2026, 01:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented