പി.ശശി, പി. ജയരാജൻ| Photo: Mathrubhumi
തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെതിരേ സി.പി.എം. സംസ്ഥാന സമിതിയില്‍ പി. ജയരാജന്റെ വിമര്‍ശനം. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് അദ്ദേഹം വിമര്‍ശിച്ചു. തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും സംസ്ഥാന സമിതിയില്‍ ജയരാജന് പറഞ്ഞു. ചുമതലാ വിഭജനത്തെ ചൊല്ലിയും സംസ്ഥാന സമിതിയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
പി. ശശിയുടെ നിയമനം ഏകകണ്ഠമായി സംഭവിക്കപ്പെട്ടതല്ല എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെടെയും ശശിയുടെയും തട്ടകമായ കണ്ണൂരില്‍നിന്ന് തന്നെയാണ് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്. ചൊവ്വാഴ്ച, സംസ്ഥാന സമിതിയില്‍ നടന്ന ചര്‍ച്ചയില്‍ ജയരാജന് ശശിയുടെ നിയമനത്തെ നഖശിഖാന്തം എതിര്‍ത്തു. ശശിയ്ക്കെതിരേ എന്തിന്റെ പേരിലാണോ നേരത്തെ നടപടി എടുത്തത് അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്ന് ജയരാജന് ചൂണ്ടിക്കാണിച്ചു.
മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് പോലുള്ള ഉന്നത ഓഫീസുകളില്‍ നിയമനം നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണം എന്ന കാര്യവും ജയരാജന് ചൂണ്ടിക്കാണിച്ചു. ശശി പഴയതെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. തന്റെ പക്കല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട് എന്നുവരെയുള്ള പ്രതികരണം ജയരാജന്റെ ഭാഗത്തുനിന്ന് ഉണ്ടായി.
തുടര്‍ന്ന് ജയരാജനെ ചോദ്യം ചെയ്ത് കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. കൈവശം വിവരങ്ങളുണ്ടെന്ന് പറയുന്നെങ്കില്‍ എന്തുകൊണ്ട് പാര്‍ട്ടി നേതൃത്വത്തെ നേരത്തെ അറിയിച്ചില്ലെന്ന് കോടിയേരി ചോദിച്ചു. നിയമനം നടക്കുമ്പോഴാണോ ഇത്തരം കാര്യങ്ങള്‍ അറിയിക്കുന്നതെന്നും കോടിയേരി ചോദിച്ചു. എന്നാല്‍ ഇതിന് ജയരാജന് നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ കാര്യങ്ങള്‍ വരുമ്പോഴല്ലേ തനിക്ക് പറയാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Content Highlights: p jayarajan criticises the appointment of p sasi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..