തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പോലീസ് വധിക്കാന്‍ ശ്രമിച്ചെന്ന് നിയമസഭാ സ്പീക്കര്‍ക്ക് പരാതി. വണ്ടൂര്‍ എം.എല്‍.എ. എ.പി. അനില്‍കുമാര്‍ നല്‍കിയ അവകാശലംഘന നോട്ടീസിലാണ് ആരോപണം. കെ.പി.സി.സി. മാര്‍ച്ചില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവുള്‍പ്പെടെ ഉള്ള പ്രതിപക്ഷ നിരയിലെ എം.എല്‍.എമാരെ വധിക്കണമെന്ന ഗൂഢ ഉദ്ദേശത്തോടെയാണ് പോലീസ് ആക്രമണം നടത്തിയതെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്.

To advertise here,

കെ.പി.സി.സി. മാര്‍ച്ചിന് നേരെയുണ്ടായ കണ്ണീര്‍വാതക പ്രയോഗത്തില്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമടക്കമുള്ളവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം, തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സുധാകരന്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

മുന്‍കൂര്‍ നോട്ടീസ് നല്‍കി നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് ചട്ടങ്ങള്‍ പാലിക്കാതെ നടത്തിയ ആക്രമണം കിരാതവും നിയമസഭാംഗങ്ങളുടെ അവകാശങ്ങളുടെ  ലംഘനവുമാണെന്നും സഭയോടുള്ള അവഹേളനമാണെന്നും നോട്ടീസില്‍ പറയുന്നു. പോലീസ് നടപടിക്ക് ഉത്തരവാദികളായ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോലീസ് മേധാവി ഷേക്ക് ദര്‍വേസ് സാഹിബിനുമെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.