തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ നടത്തിയ നവകേരളയാത്രയ്ക്കുനേരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച അംഗരക്ഷകരായ പോലീസുകാരെ രക്ഷിക്കാൻ ഇടപെട്ട എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിന് സസ്‌പെൻഷൻ. കേസ് ഡയറി തിരുത്താൻ അന്ന് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന അജിത്കുമാർ ഇടപെട്ടെന്ന സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ഡി.ജി.പി. സ്ഥാനക്കയറ്റത്തിന് പരിഗണിക്കാനിരിക്കേ യുള്ള സസ്‌പെൻഷൻ അജിത് കുമാറിന് തിരിച്ചടിയാണ്.

To advertise here,

കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥരെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കീഴുദ്യോഗസ്ഥരെക്കൊണ്ട് അജിത്കുമാർ റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചു എന്ന് പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. പോലീസുകാരെ കുറ്റക്കാരാക്കിയതിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ അജിത്കുമാർ ലംഘിച്ചെന്നാണ് കണ്ടെത്തൽ. ആഭ്യന്തരസെക്രട്ടറിവഴി മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുന്നിലെത്തിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിയാലോചിച്ചാണ് നടപടി. അജിത്കുമാറിന്റെ നിർദേശപ്രകാരം കേസ് ഡയറി തിരുത്താൻ അന്വേഷണോദ്യോഗസ്ഥരെ പ്രേരിപ്പിച്ച എ.ഡി.ജി.പി.യുടെ ഓഫീസിലെ എസ്.ഐ.മാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർക്കെതിരേയും വകുപ്പുതല നടപടിയുണ്ടാകും. ആലപ്പുഴക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ കെ.പി. തോംസൺ, കെ.എസ്. അരുൺ, സുനിൽരാജ് എന്നിവർക്കെതിരേയും നടപടിക്ക് ശുപാർശയുണ്ട്.

യു.ഡി.എഫ്. മന്ത്രിസഭ സ്ഥാനമേറ്റതിനുപിന്നാലെയാണ് 'രക്ഷാപ്രവർത്തനക്കേസിൽ' പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഡയറിയിൽ തിരുത്തൽവരുത്തിയ സമയത്ത് താൻ ഓഫീസിൽ ഇല്ലായിരുന്നു എന്നായിരുന്നു അജിത് കുമാറിന്റെ വിശദീകരണം. കേസന്വേഷിച്ച ഡിവൈ.എസ്.പി.യെയും എ.എസ്.ഐ.യെയും എ.ഡി.ജി.പി.യുടെ നിർദേശപ്രകാരം തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയതായി പ്രത്യേകാന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനുശേഷമാണ് കേസ് ഡയറിയിൽ തിരുത്തലുകളുണ്ടായത്. മുഖ്യമന്ത്രിയുടെ അംഗരക്ഷകർ കുറ്റക്കാരല്ലെന്ന് വരുത്തിത്തീർക്കാൻ എ.ഡി.ജി.പി.യുടെ ഓഫീസിൽനിന്ന് റിപ്പോർട്ട് തയ്യാറാക്കിനൽകുകയും ചെയ്തു. ഇതുതെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കമാണ് അന്വേഷണറിപ്പോർട്ട്.

വയനാട്ടിൽ നിന്ന് ഉത്തരവ്

'രക്ഷാപ്രവർത്തന'ക്കേസ് മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് അനുകൂലമായി മാറ്റാൻ നിർദേശമെത്തിയത് വയനാട്ടിൽനിന്ന്. എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമ്പോഴാണ് മറ്റൊരു 'രക്ഷാപ്രവർത്തനം'കൂടി നടത്തിയത്. ഈ സമയം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആരോപണവിധേയരായ പോലീസുകാരും വയനാട്ടിലെ ദുരന്തബാധിതമേഖലയിലുണ്ടായിരുന്നു.

അവിടെനിന്ന് എം.ആർ. അജിത്കുമാർ കേസ് എങ്ങനെ മാറ്റിമറിക്കണമെന്ന് കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകിയതിന്റെ ഡിജിറ്റൽ ചാറ്റ് വിവരം അന്വേഷണസംഘം കണ്ടെത്തി. ഇതേത്തുടർന്നാണ് ആലപ്പുഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ എ.ഡി.ജി.പി. ഓഫീസിൽ വിളിച്ചുവരുത്തിയത്. വയനാട് യാത്രയുടെപേരിൽ രക്ഷപ്പെടാനുള്ള എം.ആർ. അജിത്കുമാറിന്റെ നീക്കം പൊളിഞ്ഞത് ഈ ഡിജിറ്റൽ തെളിവിനു മുന്നിലാണ്. സ്ഥലത്തില്ലെന്നു പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പാടേ തകർന്നടിഞ്ഞു.

കേസ് എത്രയും പെട്ടെന്ന് ഗൺമാൻമാർക്ക് അനുകൂലമായി തീർക്കാനായിരുന്നു എ.ഡി.ജി.പി.യുടെ നിർദേശം. കേസ് 'പറഞ്ഞതുപോലെ തീർക്കണ'മെന്ന് അദ്ദേഹം നിർദേശിച്ചു.

ഈ വിരട്ടലിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ഭയന്നു. ഡിവൈ.എസ്.പി.ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയവരെ റിപ്പോർട്ട് തിരുത്താൻ മണിക്കൂറുകളോളം അവിടെ നിർത്തി. തെളിവുകളെല്ലാം മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്ക് എതിരായിട്ടും അവർക്ക് അനുകൂല റിപ്പോർട്ട് കൊടുക്കാൻ അന്വേഷണസംഘം നിർബന്ധിതരായി.