തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിൽ നിന്ന് ഡിജിപി വിശദീകരണം തേടും. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഡിജിപി ഈ നടപടിയിലേക്ക് കടക്കുന്നത്. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ചാലുടൻ ആഭ്യന്തര വകുപ്പിന് ഡിജിപി റിപ്പോർട്ട് കൈമാറും.

To advertise here,

ഈ കേസിൽ നടപടികൾ വൈകുന്നതിനെതിരെ സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. എസ്‌ഐടിയുടെ റിപ്പോർട്ടിൽ കേസ് അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ശ്രമിച്ചു എന്ന് വ്യക്തമായി പരാമർശിക്കുന്നില്ല.

എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസിൽ ഇടപെടലുകൾ നടത്തി എന്ന് വ്യക്തമാക്കുന്ന ഉദ്യോഗസ്ഥരുടെ മൊഴികൾ റിപ്പോർട്ടിലുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വശദീകരണം ചോദിക്കുക. ഡിജിപി നൽകുന്ന റിപ്പോർട്ട് എം.ആർ. അജിത് കുമാറിന് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

നിലവിൽ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാർ. എന്നാൽ, ഈ അന്വേഷണ റിപ്പോർട്ടും തുടർ നടപടികളും അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഡിജിപി ആഭ്യന്തര വകുപ്പിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.