കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്നും വ്യാജമദ്യം പിടിച്ചെടുത്തതായി എക്‌സൈസ് റിപ്പോർട്ട്. 12.75 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തെന്നാണ് എക്സൈസ് ക്രൈം ആൻഡ് ഒക്ക്യുറൻസ് റിപ്പോർട്ടിൽ ഉള്ളത്. സംസ്ഥാന സർക്കാരിന്റെ അനുമതിയും ലൈസൻസുമില്ലാതെ നിയമവിരുദ്ധമായി മദ്യം സൂക്ഷിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. 1077-ലെ കേരള അബ്കാരി ആക്ട് I-പ്രകാരം അനധികൃതമായി മദ്യം സൂക്ഷിക്കുകയും കടത്തുകയും ചെയ്തതിന് സെക്ഷൻ 55(എ), വിൽപനയ്ക്കായി മദ്യം സൂക്ഷിച്ചുവെച്ചതിന് സെക്ഷൻ 55(ഐ), വ്യാജമദ്യം കയ്യിൽ വെച്ചതിന് സെക്ഷൻ 58 എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഇത്രയും അധികം മദ്യം സൂക്ഷിച്ചുവെച്ചതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ ആന്റോ അഗസ്റ്റിനെ മാത്രം പ്രതിയാക്കിയാണ് എക്സൈസ് ഒക്കറൻസ് റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പിടിച്ചെടുത്ത മദ്യത്തിന്റെ കൃത്യമായ വിവരങ്ങൾ എക്സൈസ് പുറത്തുവിട്ട പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 12.75 ലിറ്ററിലധികം വരുന്ന വ്യാജമദ്യത്തിന് (ആൽക്കഹോൾ അടങ്ങിയ പാനീയം) പുറമെ 43 ലിറ്ററിലധികം വരുന്ന ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കറും, ഒരു ലിറ്ററിലധികം വരുന്ന ഫോറിൻ മെയ്ഡ് ഫോറിൻ വൈനും, 6 ലിറ്ററിലധികം വരുന്ന കെ.എസ്.ബി.സി. വൈനുമാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത്.
കേസുമായി ബന്ധപ്പെട്ട് 27 പേജ് അടങ്ങുന്ന വിശദമായ ഒക്കറൻസ് റിപ്പോർട്ടാണ് എക്സൈസ് സംഘം തയ്യറാക്കിയിരിക്കുന്നത്. വീട്ടിലെ ഓരോ സ്ഥലത്തുനിന്നും പിടിച്ചെടുത്ത മദ്യക്കുപ്പികളുടെ വിവരങ്ങളും അവയുടെ ലേബലുകളും കൃത്യമായി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി.
Published: 17 Sept 2026, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented