ആലപ്പുഴ ജില്ലാ സെക്രട്ടറിയെ പുറത്താക്കി സെക്രട്ടറിയറ്റ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനവുമായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ എംഎൽഎ. സിപിഎം തെറ്റുതിരുത്തിയിട്ടില്ലെന്നും പാർട്ടി തെറ്റുതിരുത്തിയെങ്കിൽ ആദ്യം മാറ്റേണ്ടത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയാണ്. പിണറായി വിജയൻ തന്നെ സംരക്ഷിച്ചെല്ലെന്ന് ആരോപിച്ച സുധാകരൻ പിണറായി പഴയ പിണറായി അല്ലെന്നും പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തമ്മിൽ നടന്ന ഉൾപ്പാർട്ടി പോരിന്റെ കാലത്ത് വി.എസ്, പിണറായിയെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ താൻ പിണറായിക്ക് ഒപ്പം ഉറച്ചുനിൽക്കുകയും അദ്ദേഹത്തിനുവേണ്ടി പോരാടുകയും ചെയ്തു. എന്നാൽ താൻ സംരക്ഷിച്ച പിണറായി എന്തുകൊണ്ട് തന്നെ തിരികെ സംരക്ഷിച്ചില്ല എന്ന് സുധാകരൻ ചോദിച്ചു. പിണറായി ഇപ്പോൾ പഴയ പിണറായിയല്ലെന്നും കഴിഞ്ഞ നാലഞ്ചു വർഷമായി പാർട്ടിയും പിണറായിയും പോകുന്ന വഴി ശരിയായ രീതിയിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടിയെ തിരുത്താൻ മുതിർന്ന നേതാവ് എം.എ. ബേബിക്ക് ധൈര്യം പോരെന്നു സുധാകരൻ പരിഹസിച്ചു. എം.വി. ഗോവിന്ദനെപ്പോലുള്ളവരെ പാർട്ടി സെക്രട്ടറിയാക്കി വെച്ചിട്ട് വായിൽ തോന്നുന്നത് മുഴുവൻ വിളിച്ചു പറയുന്ന അവസ്ഥയാണുള്ളത്. നന്മയെന്നത് അംഗീകരിക്കാത്ത നിലപാടാണ് അദ്ദേഹത്തിന്റേത്. പാർട്ടിയിൽ തെറ്റുതിരുത്തൽ നടന്നിട്ടില്ലെന്നും തിരുത്തൽ ഉണ്ടായിരുന്നെങ്കിൽ സംസ്ഥാന സെക്രട്ടറിയെയാണ് ആദ്യം മാറ്റേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ നിലവിലെ 'ചികിത്സ' കൊണ്ടൊന്നും കാര്യങ്ങൾ ശരിയാവില്ല. അഴിമതി കാരണമാണ് പാർട്ടിയിൽ നിന്ന് ജനങ്ങൾ അകന്നത്. പി. ജയരാജന്റ കാര്യത്തിലെടുത്ത തീരുമാനം തെറ്റുതിരുത്തൽ നടപടിയാണെങ്കിലും ഒരാളെ മാത്രം സംസ്ഥാന സമിതിയിൽ എടുത്തതുകൊണ്ട് പാർട്ടി നന്നാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ധനമന്ത്രി തോമസ് ഐസക്കിനെ സുധാകരൻ 'കമ്മ്യൂണിസ്റ്റ് ജന്മി' എന്ന് വിശേഷിപ്പിച്ചു. രണ്ടു കോട്ടിന്റെ രണ്ടു പോക്കറ്റിലേക്കും കൈയിട്ട് കുലുങ്ങി കുലുങ്ങി സംസാരിക്കുന്ന നേതാവാണ് ഐസക്. അദ്ദേഹം ഏത് ബ്രാഞ്ചിലാണ് പ്രവർത്തിച്ചതെന്നും ഏത് പോലീസ് മർദനമാണ് നേരിട്ടതെന്നും ചോദിച്ച സുധാകരൻ, തോമസ് ഐസക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഐസക് ഉള്ളപ്പോൾ ഈ പാർട്ടി നന്നാവുമോ എന്ന് ചോദിച്ച അദ്ദേഹം സൂക്ഷിച്ചു സംസാരിക്കണമെന്ന് ഐസക്കിന് മുന്നറിയിപ്പും നൽകി.
ആലപ്പുഴയിൽ ഒരു കൂട്ടം ആളുകൾ പാർട്ടിയെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു. നിലവിലെ ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് പിരിച്ചുവിടണം. ജില്ലാ സെക്രട്ടറിയെ ആ സ്ഥാനത്ത് നിലനിർത്തരുത്. സംസ്ഥാന കമ്മിറ്റി അംഗമായ സജി ചെറിയാനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തണമെന്നും സുധാകരൻ തുറന്നടിച്ചു.
Content Highlights: Veteran CPM leader G Sudhakaran strongly criticized Chief Minister Pinarayi Vijayan and party state secretary M V Govindan. He dubbed Thomas Isaac a 'Communist Janmi' and demanded the dissolution of the Alappuzha CPM District Secretariat.
Published: 17 Sept 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented