തിരുവനന്തപുരം: ലഹരിമാഫിയയുടെ വേരറുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ–ദി നാർക്കോ ഹണ്ട്’ നൂറാം ദിവസത്തിലേക്ക്. സംസ്ഥാനത്തെ ലഹരിക്കടത്ത് ശൃംഖലകളെ ലക്ഷ്യമിട്ട് നടത്തിയ വ്യാപക പരിശോധനകളിൽ ഇതുവരെ 11085 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 58 കേസുകളിലായി 64 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10256 ആയി. ഇതുവരെ 23527.153 ഗ്രാം എം.ഡി.എം.എയും 1223.838 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

To advertise here,

രാജ്യത്തെ ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടുകളിലൊന്നായി പോലീസ് വിശേഷിപ്പിച്ച ‘ഓപ്പറേഷൻ തൂഫാനി‘ലൂടെ മൂന്ന് മാസത്തിനിടെ വൻതോതിലുള്ള ലഹരിമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ആദ്യഘട്ടംതന്നെ വലിയ തോതിലുള്ള പരിശോധനകൾക്കാണ് സാക്ഷ്യംവഹിച്ചത്. ആദ്യ 72 മണിക്കൂറിനുള്ളിൽ 1,500-ലേറെ കേസുകളും 1,000-ലേറെ അറസ്റ്റുകളും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡുകളായിരുന്നു ഓപ്പറേഷന്റെ പ്രത്യേകത.

പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതും ഓപ്പറേഷൻ തൂഫാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സംശയാസ്പദമായ ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയും യുവാക്കളെയും കുട്ടികളെയും ലഹരിയിൽനിന്ന് അകറ്റാനുള്ള ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായും നിരവധി പേർ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി. സമൂഹത്തിന്റെ ജാഗ്രതയും കൃത്യമായ വിവരകൈമാറ്റവും ലഹരിശൃംഖലകളെ കണ്ടെത്തുന്നതിൽ നിർണായകമാകുമ്പോൾ, ലഹരിക്കെതിരായ പോരാട്ടം പൊലീസ് നടപടിയിൽനിന്ന് ഒരു ജനകീയ മുന്നേറ്റമായി മാറുകയാണ്.

തൂഫാൻ വാരിയറായ ലാലേട്ടൻ, ഹിറ്റാണ് തൂഫാൻ

സിനിമ-സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ഓപ്പറേഷൻ തൂഫാൻ ഏറ്റെടുത്തു. സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമാണ് ‘ഓപ്പറേഷൻ തൂഫാൻ’ എന്നാണ് നടൻ മോഹൻലാൽ വിശേഷിപ്പിച്ചത്. ‘I AM A TOOFAN WARRIOR’ എന്നെഴുതിയ ‘തൂഫാൻ വാരിയർ’ ബാഡ്ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മോഹൻലാലിന് സമ്മാനിച്ചിരുന്നു. സൈജു കുറുപ്പ് നായകനായ ‘ഹരിവരാസനം‘ എന്ന ചിത്രത്തിലെ അണിയറപ്രവർത്തകരെല്ലാം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘തൂഫാൻ വാരിയർ‘ ആയതും ശ്രദ്ധേയമായിരുന്നു. പിന്നാലെ നിരവധി സിനിമ പ്രവർത്തകർ ഈ മാതൃക പിന്തുടർന്നു.

ചെറുകിട വിൽപ്പനക്കാരിൽ മാത്രം ഒതുങ്ങില്ല ഈ തൂഫാൻ

ലഹരി ഉപയോഗിക്കുന്നവരെയും ചെറുകിട വിതരണക്കാരെയും പിടികൂടുന്നതിന് അപ്പുറം ലഹരിയുടെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുക എന്നതാണ് ഓപ്പറേഷൻ തൂഫാന്റെ പ്രധാന ലക്ഷ്യം. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റെയ്ഡുകൾ, ഡിജിറ്റൽ നിരീക്ഷണം, അന്തർസംസ്ഥാന ഏകോപനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ.

തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി സഹകരിച്ച് അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലകളെ നേരിടാനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ലഹരിയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാൻ ഡിജിറ്റൽ സംവിധാനങ്ങളും വാട്സാപ് ചാറ്റ്ബോട്ടുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ വഴിയുള്ള ലഹരിക്കടത്ത് തടയാൻ കേന്ദ്ര ഏജൻസികളുടെ പിന്തുണയും പോലീസ് തേടിയിരുന്നു. സിനിമാ മേഖല ഉൾപ്പെടെ വിവിധ മേഖലകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

ഓരോദിവസവും കണ്ടത് വൻ ലഹരിവേട്ടകൾ, സിനിമ സ്റ്റെെൽ ചേസിങ്ങും

ഓപ്പറേഷന്റെ ഭാഗമായി വിവിധ ജില്ലകളിൽ വൻതോതിലുള്ള ലഹരിവേട്ടകൾ നടന്നു. മലപ്പുറം മഞ്ചേരിയിൽ 13 കിലോഗ്രാം എംഡിഎംഎ, ആലുവയിൽ 34 കിലോഗ്രാം കഞ്ചാവ്, റെയിൽവേ പോലീസ് പരിശോധനയിൽ 40 കിലോഗ്രാം കഞ്ചാവ്, പാലക്കാട് ഒലവക്കോട് 53 കിലോഗ്രാം കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തത് പ്രധാന നേട്ടങ്ങളാണ്. കോവളത്ത് കഴിഞ്ഞദിവസം സിനിമ സ്റ്റെെലിൽ നടത്തിയ ലഹരിവേട്ട ജനങ്ങളുടെ സഹകരണത്തേയും ചൂണ്ടിക്കാട്ടുന്നു. റോഡിൽ കുറുകെ വാഹനമിട്ട് ഓട്ടോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ പോലീസിനെ സോഷ്യൽ മീഡിയ വാനോളം പുകഴത്തി. ചില ലഹരിക്കേസുകളിൽ വിദേശ ബന്ധം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളുടെ ലഹരി ഇടപാടുകൾക്കും പലയിടത്തും പിടിവീണുകഴിഞ്ഞു.

ഇനി ‘തൂഫാൻ’ രണ്ടാംഘട്ടം, ജനങ്ങളും പോരാളികൾ

അറസ്റ്റുകളും റെയ്ഡുകളും മാത്രമല്ല, ലഹരി ഉപയോഗം തടയുക, ബോധവത്കരണം ശക്തമാക്കുക, ലഹരിയിൽനിന്ന് മോചനം തേടുന്നവർക്ക് പിന്തുണ നൽകുക എന്നിവയും രണ്ടാംഘട്ടത്തിൽ പ്രധാനമാകും. സ്കൂളുകളിലും കോളജുകളിലും ബോധവത്കരണവും കൗൺസലിങ്ങും ശക്തമാക്കുന്നതിനൊപ്പം ‘തൂഫാൻ കെയർ’ പദ്ധതിയിലൂടെ ചികിത്സാ പിന്തുണയും ലക്ഷ്യമിടുന്നു. വിദ്യാർഥികളെയും യുവാക്കളെയും ലഹരിയിൽനിന്ന് അകറ്റുന്നതിനായി വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കിവരുന്നു.

ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാൻ കെയർ കൂടുതൽ ഊർജിതമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 27 ബോധവത്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്കരണ ക്ലാസ്സുകളുടെ എണ്ണം 9595-ഉം കൗൺസിലിങ്ങുകളുടെ എണ്ണം 653-ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6729 ബോധവത്കരണ പരിപാടികളും നടത്തി.

100 ദിവസം പിന്നിടുമ്പോൾ കണക്കുകളിൽ തൂഫാൻ കയ്യടി നേടുകയാണ്. പതിനായിരത്തിലേറെ കേസുകളും അറസ്റ്റുകളും കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുക്കലും അഭിമാന നേട്ടം തന്നെയാണ്. പക്ഷേ, ‘തൂഫാന്റെ’ യഥാർഥ വിജയം ഈ കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. കേരളത്തിലേക്കുള്ള ലഹരിയുടെ ഒഴുക്ക് എത്രത്തോളം തടയാനായി, പുതിയ തലമുറയെ ലഹരിയിൽനിന്ന് എത്രത്തോളം അകറ്റാനായി എന്നത് കൂടിയാകും ഈ ദൗത്യത്തിന്റെ യഥാർഥ അളവുകോൽ. അതിന് പൊലീസിന്റെ വേട്ടയ്‌ക്കൊപ്പം ജനങ്ങളുടെ ജാഗ്രതയും പങ്കാളിത്തവും നിർണായകമാണ്.

(ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും)