
നിലമ്പൂർ: സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായി എത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരു അപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ പുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും സേവനവും ഈ ദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരും.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമേ, പ്രാദേശികാടിസ്ഥാനത്തിൽ ഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർവരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും അതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെ സാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായി മനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയും ദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പി അഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Content Highlights: Strict safety regulations will be implemented in unofficial tourist spots across Kerala., Government will ensure adequate assistance for the families of flash flood victims in Nilambur TK Colony., Joint search operations by NDRF, Fire Force, and Police are underway to find missing persons., A localized weather forecasting system covering a 20-25 km radius will be established., District-specific disaster management protocols will be developed to handle extreme weather events.
Published: 21 Sept 2026, 06:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented