തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ പ്രഖ്യാപിച്ചു. വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും അവരെ മണ്ണിലേക്കും കൃഷിയിലേക്കും ആകർഷിക്കുന്നതിനുമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

To advertise here,

സിന്തറ്റിക് ലഹരിമരുന്നുകളുടെ കടന്നുകയറ്റത്തിനെതിരെ കൃഷിയെ കുട്ടികളുടെ സർഗാത്മകമായ ലഹരിയാക്കി മാറ്റണമെന്ന് മോഹൻലാൽ പറഞ്ഞു. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  വിദ്യാർഥികളെ കൃഷിയിൽ സജീവമാക്കി നിലനിർത്തുന്നത് വഴി അവരെ സിന്തറ്റിക് ലഹരി ഉപയോഗങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ സാധിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.

കുട്ടികളെ മണ്ണിലേക്ക് ഇറക്കി കൃഷിയെ പുതിയൊരു ലഹരിയാക്കി മാറ്റുന്ന ഈ മുന്നേറ്റം, കേരളത്തിൽ ലഹരിക്കെതിരെയുള്ള ശക്തമായൊരു മൂവ്മെന്റായി മാറുമെന്നും പുതിയ ഹരിതവിപ്ലവമായി വളരുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതും മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതും പരിഗണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

വിർച്വൽ ലോകത്തെ സ്ക്രീനുകളിൽനിന്ന് മാറി വിദ്യാർഥികൾ മണ്ണിലേക്കിറങ്ങി കൃഷി ചെയ്യണമെന്ന് മോഹൻലാൽ അഭ്യർഥിച്ചു. ആദ്യഘട്ടത്തിൽ 500 വിദ്യാലയങ്ങളിലാണ് കതിർ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുക. അടുത്ത അധ്യയനവർഷത്തോടെ ഇത് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പദ്ധതി നിർവഹണത്തിനായി നോഡൽ ഓഫീസർമാരെ നിയമിക്കുകയും ഉദ്യോഗസ്ഥർക്കുള്ള രണ്ടു ദിവസത്തെ പരിശീലനം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.