കാസർകോട്: സംസ്ഥാനത്ത് 184.83 കിലോമീറ്ററിൽ ദേശീയപാത 66 ആറുവരിയാക്കുന്ന പണി പൂർത്തിയായി. 538.76 കിലോമീറ്റർ ഭാഗത്തെ പണി പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ ശരാശരി നിർമാണപുരോഗതി 72.50 ശതമാനമാണ്. ഇതിൽ 29.83 കിലോമീറ്റർ വരുന്ന കടമ്പാട്ടുകോണം-കഴക്കൂട്ടം ഭാഗമാണ് ഏറ്റവും പിന്നിൽ. ഇവിടെ 45.25 ശതമാനം പണിയേ പൂർത്തിയായിട്ടുള്ളൂ.
കാസർകോട്, കണ്ണൂർ ജില്ലകളിൽ പണി പൂർത്തിയാകാനുള്ള ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിൽ നിർമാണപുരോഗതി 80 ശതമാനത്തിനുമുകളിലാണ്. കാപ്പിരിക്കാട്-തളിക്കുളം, തളിക്കുളം-കൊടുങ്ങല്ലൂർ, അരൂർ-തുറവൂർ തെക്ക്, കടമ്പാട്ടുകോണത്തേക്കുള്ള കൊല്ലം ബൈപ്പാസ് എന്നിവിടങ്ങളിലും നിർമാണ പുരോഗതി 80 ശതമാനം കടന്നു.
തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തെങ്കിലും ഈസ്റ്റ് പള്ളൂർ ജങ്ഷനിൽ അടിപ്പാതയുടെയും ചില ഭാഗങ്ങളിൽ സർവീസ് റോഡിന്റെയും പണി ബാക്കിയാണ്. ഇവയുടെ നിർമാണപുരോഗതി 28.31 ശതമാനമാണ്. ബൈപ്പാസിലെ ഏക സിഗ്നൽ ജങ്ഷനായിരുന്നു ഈസ്റ്റ് പള്ളൂർ. ചൊക്ലി-പെരിങ്ങാടി റോഡ് ബൈപ്പാസ് മുറിച്ചുകടക്കുന്ന ഭാഗമാണിത്.
ഇവിടെ സിഗ്നൽ സ്ഥാപിച്ചതിനെത്തുടർന്ന് അപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് ഇത് ഒഴിവാക്കി അടിപ്പാത നിർമിക്കാൻ തീരുമാനിച്ചത്. സിഗ്നൽ പോസ്റ്റ് നിൽക്കുന്ന ഭാഗത്ത് ബൈപ്പാസ് ഉയർത്തി അടിപ്പാത നിർമിക്കുകയാണ് ചെയ്യുന്നത്.
തിരുവനന്തപുരം ബൈപ്പാസിൽ നാലിടത്തെ അപകടമേഖല (ബ്ലാക്ക് സ്പോട്ട്) ഒഴിവാക്കുന്ന പണിയും മെല്ലെപ്പോക്കിലാണ്. ഇതുവരെ 25.42 ശതമാനമാണ് പൂർത്തിയായത്.
നിർമാണം പൂർത്തിയായ ഭാഗങ്ങൾ
തലപ്പാടി-ചെങ്കള (39 കിലോമീറ്റർ), നീലേശ്വരം മേൽപ്പാലം (0.78), തലശ്ശേരി-മാഹി ബൈപ്പാസ് (18.60), കോഴിക്കോട് ബൈപ്പാസ് (വെങ്ങളം ജങ്ഷൻ-രാമനാട്ടുകര ജങ്ഷൻ-28.4 കിലോമീറ്റർ), രാമനാട്ടുകര-വളാഞ്ചേരി (39.68), വളാഞ്ചേരി-കാപ്പിരിക്കാട് (37.35), പാലോളി പാലവും മൂരാട് പാലവും (2.1), കഴക്കൂട്ടം ജങ്ഷൻ-ടെക്നോപാർക്ക് ജങ്ഷൻ എലിവേറ്റഡ് ഹൈവേ (2.72), മുക്കോല-തമിഴ്നാട് അതിർത്തി വരെയുള്ള തിരുവനന്തപുരം ബൈപ്പാസ് (16.2).
Content Highlights: National Highway 66 widening in Kerala nears completion. Latest progress report on NH 66 expansion across the state, detailing completed and ongoing sections.
Published: 23 Feb 2026, 07:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented