വരാപ്പുഴ: ഇടപ്പള്ളി-കൊടുങ്ങല്ലൂർ റീച്ചിൽ ദേശീയപാത വികസിപ്പിക്കുന്നതിന്റെ കരാർ കാലാവധി പിന്നിട്ട് ഒരു വർഷവും ഒരുമാസവും കഴിയുമ്പോൾ ആകെ നടന്നത് 73 ശതമാനം ജോലികൾ മാത്രം. 2022 ഒക്ടോബർ 25-നാണ് പാത വികസിപ്പിക്കുന്ന ജോലികൾ ആരംഭിച്ചത്. 910 ദിവസമായിരുന്നു കരാർ കാലാവധി. ഇതനുസരിച്ച് 2025 ഏപ്രിൽ 21-നാണ് നിർമാണം പൂർത്തിയാക്കേണ്ടിയിരുന്നത്. 1617.20 കോടി രൂപയ്ക്കാണ് നിർമാണ കരാർ നൽകിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറിയന്റൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് കരാറുകാർ.

To advertise here,

റോഡിന്റെ നിർമാണം നടന്നത് മൂന്നിലൊന്നു മാത്രം

ഇടപ്പള്ളി-കൊടുങ്ങല്ലൂർ റീച്ചിൽ 26.03 കിലോമീറ്റർ ഭാഗത്താണ് ദേശീയപാത വികസിപ്പിക്കേണ്ടത്. അപൂർവം ഭാഗത്തൊഴികെ പൂർണമായും നിലവിലുള്ള റോഡിൽ നിന്നും മാറിയാണ് പുതിയപാത നിർമിക്കേണ്ടത്. 15 കിലോമീറ്റർ ഭാഗത്ത് റോഡും 11 കിലോമീറ്ററിലേറെ ഭാഗത്ത് മേൽപ്പാലങ്ങളുമാണ് നിർമിക്കേണ്ടത്. 44.996 കിലോ മീറ്ററിലാണ് പാതയ്ക്കിരുവശങ്ങളിലുമായി സർവീസ് റോഡ് നിർമിക്കേണ്ടത്. ഇതിന്റെ പ്രവൃത്തികളും പകുതിയിൽ താഴെ മാത്രമാണ് നടന്നിട്ടുള്ളത്. പ്രധാനമായും നടന്നിട്ടുള്ളത് സ്ട്രക്ചറൽ ജോലികളാണ്. 93 ശതമാനം സ്ട്രക്ചറൽ ജോലികളും പൂർത്തിയായിട്ടുണ്ട്. വലിയ പാലങ്ങളുടെ നിർമാണ ജോലികളെല്ലാം ഏതാണ്ട് പൂർത്തികരണത്തോടടുക്കുന്നു.

പതിനൊന്നു കിലോമീറ്ററിൽ പാലങ്ങൾ

ഇടപ്പള്ളി-കൊടുങ്ങല്ലൂർ റീച്ചിൽ പതിനൊന്നു കിലോമീറ്ററിൽ പാലങ്ങളാണ് വരുന്നത്. അഞ്ച് മേജർപാലങ്ങൾ, നാല് മൈനർ പാലങ്ങൾ, നാല് ഫ്‌ളൈഓവറുകൾ, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, വലുതും ചെറുതുമായ 18 അണ്ടർ പാസുകൾ എന്നിവയാണ് നിർമിക്കേണ്ടത്. പ്രധാന പാലമായ വരാപ്പുഴ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി അടുത്തയിടെ ഗതാഗതത്തിനായി തുറന്നുനൽകിയിരുന്നു.

മറ്റൊരു മേജർ പാലമായ കോട്ടപ്പുറം-മൂത്തകുന്നം പാലത്തിന്റെ ജോലികൾ പൂർത്തീകരണത്തോടടുക്കുകയാണ്. ചെറിയപ്പിള്ളി പാലത്തിന്റെയും ബഹുഭൂരിപക്ഷം അണ്ടർ പാസുകളുടെയും നിർമാണവും പൂർത്തിയായിട്ടുണ്ട്. ഇടപ്പള്ളി റെയിൽവേ മേല്പാലത്തിന്റെ നിർമാണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

കരാർ കാലാവധി വീണ്ടും നീട്ടി, ഡിസംബർ 31-നകം പൂർത്തിയാക്കണം

ഇടപ്പള്ളി-കൊടുങ്ങല്ലൂർ റീച്ചിൽ ഒരുവർഷത്തോളമായി കരാർ കലാവധി തീർന്നിട്ടും നിർമാണപ്രവൃത്തികൾ തുടരുകയായിരുന്നു. കഴിഞ്ഞമാസമാണ് കരാർ കാലാവധി വീണ്ടും നീട്ടിനൽകിയ ഉത്തരവ് കരാറുകാരായ ഓറിയന്റൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് കൈമാറിയത്. ഡിസംബർ 31-നകം പാത നിർമാണം പൂർത്തിയാക്കണമെന്നാണ് പുതിയ ഉത്തരവ്.

എന്നാൽ പാതയുടെ ഡിസൈനിൽ അടിക്കടിയുണ്ടാകുന്ന മാറ്റംമൂലം ഈ വർഷവും പാത പൂർത്തിയാക്കാനാവില്ലെന്നാണ് കരാറുകാരുടെ പ്രതിനിധികൾ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ 2027 മേയ് അവസാനത്തോടെ മാത്രമേ പൂർണ സജ്ജമാവുകയുള്ളു.

മണ്ണിന്റെ ലഭ്യതക്കുറവാണ് പാതനിർമാണത്തെ തുടക്കം മുതൽ ബാധിച്ചത്. നിലവിൽ അക്കാര്യത്തിൽ പരിഹാരമായിട്ടുണ്ട്. ഇപ്പോൾ കരിങ്കല്ലിന്റെ ലഭ്യതക്കുറവാണ് റോഡിന്റെ നിർമാണത്തെ കാര്യമായി ബാധിച്ചിട്ടുള്ളതെന്നും കരാറുകാർ പറയുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുമാണ് കരിങ്കല്ല് കൊണ്ടുവരേണ്ടത്.

രണ്ടിടത്ത് എലിവേറ്റഡ് റോഡിന്റെ നിർമാണം തുടങ്ങി

ഇടപ്പള്ളി-കൊടുങ്ങല്ലൂർ റീച്ചിൽ പാതനിർമാണ ഡിസൈനിൽ ഇനിയും മാറ്റം വന്നേക്കുമെന്നാണ് കരുതുന്നത്. പാത എട്ടുമീറ്ററിലധികം ഉയരത്തിൽ പോകുന്ന എട്ടിടങ്ങളിലെങ്കിലും എലിവേറ്റഡ് റോഡ് നിർമിക്കേണ്ടിവരും. പുതിയതായി മൂന്ന് അടിപ്പാതകൾ നിർമിക്കാനും അനുമതിയായിട്ടുണ്ട്. ഇനിയും ചിലയിടങ്ങളിൽ കൂടി അടിപ്പാത വേണ്ടിവരുമെന്നും നിർദേശമുണ്ട്. രണ്ടിടത്ത് എലിവേറ്റഡ് റോഡ് നിർമിക്കുന്നതിനായുള്ള പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. കൂനമ്മാവ് ചിത്തിര ജങ്ഷനു സമീപവും വള്ളുവള്ളി ചുങ്കത്തുമാണ് പുതിയതായി എലിവേറ്റഡ് റോഡ് നിർമിക്കുന്നത്.