കാഞ്ഞങ്ങാട് : ‘അമ്മേ ഞാനെങ്ങനയാ മാമുണ്ണുക... ഞാനെങ്ങനയാ കോപ്പി എഴുതാ... എന്റെ വാട്ടർ ബോട്ടില് എവിടെ?...’ മരുന്നുവെച്ചുകെട്ടിയ വലതു കൈപ്പത്തിയിൽ നോക്കി തേങ്ങിക്കൊണ്ടുള്ള ആമിമോളുടെ ചോദ്യത്തിന് ഉത്തരം പറയാനാകാതെ കുഴങ്ങിനിൽക്കുകയായിരുന്നു അച്ഛൻ സുമേഷും അമ്മ സഹന്യയും. നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കരുവാച്ചേരിയിലൈ സഹന്യ സുമേഷും മകൾ അഞ്ചുവയസ്സുകാരി ആമിയെന്ന അഹാനയും. അവരുടെ മുന്നിലേക്ക് ബുധനാഴ്ചത്തെ മാതൃഭൂമി പത്രം എത്തി. നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ വെള്ളക്കുപ്പിയുടെ ചിത്രം പത്രത്തിന്റെ ഒന്നാം പേജിൽ. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ രാമനാഥ പൈ പകർത്തിയ ചിത്രം. ആമിയുടെ മുഖം തെളിഞ്ഞു. 

To advertise here,

‘ഇത് പാത്തൂന്റെ ചെരിപ്പല്ലേ...’ വെള്ളക്കുപ്പിക്കടുത്ത് ചെരിപ്പിന്റെ ചിത്രംനോക്കി ആമി അദ്‌ഭുതപ്പെടുമ്പോൾ കൊച്ചുകൂട്ടുകാരി പാത്തുവെന്ന പ്രാർഥന കോഴിക്കോട്ടെ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടുകാർ ഇക്കാര്യം ശബ്ദം താഴ്ത്തി പറഞ്ഞു.

മുൻവർഷങ്ങളിലും അഞ്ഞൂറ്റമ്പലം വീരർകാവിൽ കുടുംബസമേതം തെയ്യംകാണാൻ പോകാറുണ്ടായിരുന്നുവെന്ന് സഹന്യ പറഞ്ഞു. 'എല്ലാവർഷവും തെയ്യം കാണാൻ നിന്നിരുന്ന സ്ഥലത്തുതന്നെയാണ് ഇത്തവണയും നിന്നത്. ഈഭാഗത്തുനിന്ന് പടക്കം പൊട്ടിക്കുന്ന പതിവുണ്ടായിരുന്നില്ല. സുമേഷേട്ടൻ ഏതിർഭാഗത്ത് തെയ്യം കളിക്കുന്ന ഭാഗത്താണ് നിന്നിരുന്നത്. തീ പടർന്നതോടെ മോളെ നെഞ്ചോട് ചേർത്തുപിടിച്ച് ചുമരിൽ ചേർന്നു നിന്നു. പുറത്തേക്ക് കടക്കാൻ വഴിയുണ്ടായിരുന്നില്ല. ഒടുവിൽ ആരൊക്കയോ കൂടിയാണ് വലിച്ചു പുറത്തേക്കെത്തിച്ചത്. എന്റെ പുറംഭാഗത്താണ് കൂടുതൽ പൊള്ളലേറ്റത്. മോളുടെ കൈയിലും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്. മുടിയും കത്തിപ്പോയി' -സഹന്യ ഭീതി വിട്ടുമാറാതെ പറഞ്ഞു.

’മാതൃഭൂമി’യിലെ ഫോട്ടോ കണ്ട് അതിലെ ചെരിപ്പ് മകൾ പാത്തുവിന്റെതാണെന്ന്‌ (പ്രാർഥന) അച്ഛൻ സന്ദീപ് ചന്ദ്രനും തിരിച്ചറിഞ്ഞു. അജാനൂർ ഇക്ബാൽ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനാണ് സന്ദീപ്. പാത്തുവിന് ഇരു കൈകളും പൊള്ളി.

ചികിത്സച്ചെലവ് സർക്കാർ വഹിക്കും

തിരുവനന്തപുരം: നീലേശ്വരം തെരുഞ്ഞുറ്റമ്പലം വീരർകാവിൽ കളിയാട്ടം ഉത്സവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ചികിത്സച്ചെലവ് സർക്കാർ വഹിക്കാൻ തീരുമാനിച്ചത്.