
കോട്ടയം: കെമിക്കൽ ഇല്ലാത്ത ഒരു നാച്വറൽ പെയിന്റ് നിർമിക്കാൻ പോകുകയാണെന്ന് മിഥുനും ജോസഫ് ലിജോയും സോഷ്യൽ മീഡിയയിൽ ഒരു പോസ്‌റ്റിട്ടപ്പോൾ അതിനു താഴെവന്ന കമന്റ് ‘കെമിക്കലില്ലാതെ പിന്നെ പാലൊഴിച്ചാണോ പെയിൻറുണ്ടാക്കുന്നത്’ എന്നായിരുന്നു. അവിടെനിന്നാണ് മിഥുനും ജോസഫും റബ്ബർപാലിൽനിന്ന് പെയിന്റ് എന്ന ആശയത്തിലേക്ക് എത്തുന്നത്.
അവരുടെ ഗുരുനാഥൻ പ്രശസ്‌ത ജൈവകൃഷി ആചാര്യൻ കെ.വി.ദയാലിന്റെ പിന്തുണയും റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റബ്ബർ പ്രൊഡക്‌ഷൻ ഇൻകുബേഷൻ സെന്ററിന്റെ പരിശ്രമവും ചേർന്നതോടെ റബ്ബർപാലിൽനിന്ന് പരിസ്‌ഥിതിസൗഹൃദ പെയിന്റ് യാഥാർഥ്യമായി. കേരള പെയിന്റ്‌സ് എന്ന കമ്പനിയുടേതായി ഭദ്രം എന്ന പേരിൽ ഈ നാച്വറൽ പെയിന്റ് മാർക്കറ്റിലെത്തിക്കാൻ ഒരുങ്ങുകയാണ് മിഥുനും ജോസഫ് ലിജോയും. കെമിക്കൽ എൻജിനിയറിങ്, എംബിഎ ബിരുദധാരിയാണ് ബൈസൺവാലി സ്വദേശി മിഥുൻ പുല്ലുമേട്ടിൽ. തൃശ്ശൂർ സ്വദേശിയാണ് മുൻ മാധ്യമപ്രവർത്തകൻകൂടിയായ ജോസഫ്. ഇവരാണ് കേരള പെയിന്റ്‌സിന്റെ ഡയറക്‌ടർമാർ.
പ്രകൃതിവഴിയിലൂടെ പെയിന്റിലേക്ക്
2017-ലാണ് മിഥുനും ജോസഫ് ലിജോയും ഓർഗാനിക് ഫാമിങ് പഠിക്കാൻ എംജി സർവകലാശാലയിൽ ലൈഫ് ലോങ് ലേണിങ് ഡിപ്പാർട്ട്‌മെന്റിൽ സസ്റ്റയിനബിലിറ്റി ഇന്നൊവേഷൻ ലീഡ് ഫാക്കൽറ്റി കെ.വി.ദയാലിന്റെ അടുത്തെത്തുന്നത്. അതോടെ ജൈവകൃഷിയുടെ പ്രചാരണ പരിപാടികളിൽ സജീവമായി. ദയാലിന്റെ ശിഷ്യൻമാർ നടത്തുന്ന തൃപ്പൂണിത്തുറയിലെ ആനന്ദകേന്ദ്രം എന്ന ജീവിതശൈലീ ആരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തുന്നതിൽ നല്ലൊരു ശതമാനവും ഫാറ്റി ലിവർ ഉള്ളവരായിരുന്നു. ഈ പ്രശ്‌നമുള്ളവരിൽ കൂടുതലും പെയിന്റർമാരും. “അങ്ങനെയാണ് ഫാറ്റിലിവറിന്റെ മുഖ്യകാരണങ്ങളിലൊന്ന് വീടുകളിലെ ചില പെയിന്റുകളാണെന്ന് ബോധ്യപ്പെട്ടത്”- കെ.വി.ദയാൽ പറഞ്ഞു.
ഈ തിരിച്ചറിവിലാണ് പ്രകൃതിദത്ത പെയിന്റ് എന്ന ആശയം ഏറ്റെടുത്തതെന്ന് മിഥുൻ പറഞ്ഞു. ആന്റിഫംഗൽ അഡിക്‌ടീവുകൾ അടങ്ങിയ പെയിന്റാണ് സാധാരണയുള്ളത്. ഇതിനുപകരം അന്തരീക്ഷ വായുവിനെ ശുദ്‌ധീകരിക്കുന്ന നാച്വറൽ പെയിന്റ് എന്നതായിരുന്നു ആശയം. അങ്ങനെ റബ്ബർ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിസ്‌റ്റ് ഡോ.ഷേറാ മാത്യുവിനെ സമീപിച്ചു.
‘‘ഞങ്ങൾക്ക് റബ്ബർ പാലിൽനിന്ന് ഒരു പെയിന്റ് വേണം. ബെഡ് റൂമിൽ അടിക്കാൻ പറ്റിയത്. കെമിക്കൽ പുറത്തുവരാത്തത്’’-അവർ ആവശ്യപ്പെട്ടു. ഷേറാ മാത്യുവും മറ്റ് ശാസ്ത്രജ്ഞരും അത് ഒരു ചലഞ്ചായി ഏറ്റെടുത്തു. രാപകലില്ലാതെ പരിശ്രമിച്ചു. അങ്ങനെയാണ് റബ്ബർ പാലിൽനിന്ന് പെയിന്റ് യാഥാർഥ്യമായത്. ഇതിൽ കടൽകക്ക, കളിമണ്ണ്, സസ്യസത്തുകൾ, ഇതര പ്രകൃതിദത്ത കെമിക്കലുകൾ എന്നിവയും ചേർത്തു. ഒരു മാസത്തിനുള്ളിൽ പെയിന്റ് മാർക്കറ്റിലെത്തിക്കും.
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് ജി. രവീന്ദ്രനാഥ്, ഫോർമാനായിരുന്ന ഈശ്വരൻ നമ്പൂതിരി, സയന്റിഫിക് അസിസ്റ്റന്റുമാരായ പാർവതി എസ്. കുമാർ, എം. ഷഹീൻ, സീനിയർ റിസർച്ച് ഫെലോ ജൂലി മരിയ ജോൺ, സുജിത് നടരാജൻ എന്നിവരും ഈ യത്നത്തിൽ ഉണ്ടായിരുന്നു.
റബ്ബർ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കേരള പെയിന്റ്‌സിനായി റബ്ബർ പാൽ ഉപയോഗിച്ച് പെയിന്റ് നിർമിക്കാനായത് കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. റബ്ബർ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് വികസിച്ച സാങ്കേതികവിദ്യയിൽ കേരള പെയിന്റ്‌സിനായി നിർമിച്ച ഭദ്രം എന്ന പരിസ്‌ഥിതിസൗഹൃദ പെയിന്റ് പുറത്തിറക്കുന്നതിന്റെയും സാങ്കേതികവിദ്യ കൈമാറുന്നതിന്റെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റബ്ബർ പ്രൊഡക്‌ഷൻ ഇൻകുബേഷൻ സെന്ററിലെ ശാസ്‌ത്രജ്‌ഞരാണ് റബ്ബർ പാലിൽനിന്ന് പെയിന്റിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയത്. ചൊവ്വാഴ്‌ച റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ സാങ്കേതികവിദ്യ, കേരള പെയിന്റ്‌സ് ഡയറക്‌ടർമാരായ മിഥുൻ പുല്ലുമേട്ടിൽ, ജോസഫ് ലിജോ എന്നിവർക്ക് മന്ത്രി കൈമാറി. എംജി സർവകലാശാല ലൈഫ് ലോങ് ലേണിങ് ഡിപ്പാർട്ട്‌മെന്റിലെ സസ്റ്റയിനബിലിറ്റി ഇന്നൊവേഷൻ ലീഡ് ഫാക്കൽറ്റി കെ.വി.ദയാൽ മുഖ്യപ്രഭാഷണം നടത്തി.
റബ്ബർ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ എം.വസന്തഗേശൻ, റബ്ബർ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. ദേബബ്രതാ റായ്, റബ്ബർ പ്രൊഡക്‌ഷൻ ഇൻകുബേഷൻ സെന്റർ സീനിയർ സയന്റിസ്‌റ്റ് ഡോ. ഷേറാ മാത്യു, കേരള പെയിന്റ്‌സ് ഡയറക്‌ടർ മിഥുൻ പുല്ലുമേട്ടിൽ എന്നിവർ പ്രസംഗിച്ചു.
Content Highlights: Discover `Bhadram` paint, a revolutionary natural paint made from rubber latex. Chemical-free, eco-friendly, and air-purifying. Learn more about this sustainable innovation!
Published: 24 Dec 2025, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented