ന്യൂയോർക്ക് സിറ്റി: ന്യൂയോർക്കിൽ നടന്ന ക്ലൈമറ്റ് വീക്ക് ചർച്ചയ്ക്കിടെ നിർമ്മിത ബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ പാരിസ്ഥിതിക ആഘാതത്തെച്ചൊല്ലി പ്രമുഖ ടെക് കമ്പനിയായ എൻവിഡിയയുടെ സസ്റ്റൈനബിലിറ്റി വിഭാഗം തലവൻ ജോഷ് പാർക്കറും ഇന്ത്യൻ വിദ്യാർഥിയും തമ്മിൽ രൂക്ഷമായ വാഗ്വാദം. സെപ്റ്റംബർ 23-ന് നടന്ന പാനൽ ചർച്ച തടസ്സപ്പെടുത്തിയ പ്രതിഷേധക്കാർ, എഐ ഇൻഫ്രാസ്ട്രക്ചറിന്റെ വേഗത്തിലുള്ള വളർച്ച വലിയ തോതിലുള്ള ജല-ഊർജ്ജ ഉപഭോഗത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ചു.

To advertise here,

പ്രതിഷേധത്തിനിടെ ഇന്ത്യൻ വിദ്യാർഥി ഇന്ത്യയിലെ വരൾച്ചയും എഐ വികസനവും തമ്മിൽ ബന്ധിപ്പിച്ചാണ് സംസാരിച്ചത്. എൻവിഡിയ 1.5 കോടി ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളിയെന്നും കമ്പനിയുടെ നടപടികൾ കാരണം ഇന്ത്യയിലെ തന്റെ കുടുംബം വരൾച്ചയാൽ ദുരിതമനുഭവിക്കുകയാണെന്നും വിദ്യാർഥി കുറ്റപ്പെടുത്തി. "പാർക്കർ, ലജ്ജ തോന്നുന്നു! നിങ്ങൾ കാരണം ഇന്ത്യയിലെ എന്റെ കുടുംബം വരൾച്ചമൂലം മരിക്കുന്നു. ഇനി എത്ര പേർ മരിക്കണം? നിങ്ങൾ 15 ദശലക്ഷം ടൺ CO2 പുറന്തള്ളുന്നു" വിദ്യാർഥി പറഞ്ഞു. “ഡാറ്റാ സെന്ററുകളുടെയും എഐയുടെയും ഫലമായി ആളുകൾ കഷ്ടപ്പെടുമ്പോൾ നിങ്ങൾക്ക് എങ്ങനെ അവിടെ ഇരിക്കാൻ കഴിയും. ഈ കോർപ്പറേഷനുകളും ഡാറ്റാ സെന്ററുകളുമാണ് കാലാവസ്ഥാ ദുരന്തത്തിന് ഉത്തരവാദികൾ," മറ്റൊരു പ്രതിഷേധക്കാരൻ വിമർശിച്ചു.

ഇന്ത്യയിലെ കടുത്ത ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ഡാറ്റാ സെന്ററുകൾ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഈ സംഭവത്തോടെ വീണ്ടും സജീവമായി. മഹാരാഷ്ട്രയിൽ പല ഭാഗങ്ങളിലും കടുത്ത വരൾച്ച നിലനിൽക്കുമ്പോൾ ഡാറ്റാ സെന്ററുകൾ വ്യാപിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വ്യവസായങ്ങൾക്കായുള്ള അമിത ജല ഉപഭോഗം പ്രാദേശികമായി കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഡൗൺ ടു എർത്ത് പുറത്തുവിട്ട വിശകലനപ്രകാരം, ഇന്ത്യയിലെ ഭൂരിഭാഗം ഡാറ്റാ സെന്ററുകളും സെർവറുകൾ തണുപ്പിക്കുന്നതിനായി വൻതോതിൽ വെള്ളം ഉപയോഗിക്കുന്ന ഇവാപ്പറേറ്റീവ് കൂളിങ് സിസ്റ്റങ്ങളാണ് ഉപയോഗിക്കുന്നത്. ഡാറ്റാ സെന്ററുകളുടെ ഓരോ മെഗാവാട്ട് ശേഷിക്കും പ്രതിവർഷം ഏകദേശം 2.5 കോടി ലിറ്റർ വെള്ളം ആവശ്യമാണെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഇന്ത്യയിലുള്ള 1.5 ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്ററുകൾക്ക് പ്രതിവർഷം 3,750 കോടി ലിറ്റർ വെള്ളം ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, ഇന്ത്യയിലെ നാലിൽ മൂന്ന് ഭാഗത്തോളം ഡാറ്റാ സെന്ററുകളും ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ ജലക്ഷാമം നേരിടുന്ന നഗരങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.

ഇവാപ്പറേറ്റീവ് കൂളിങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെട്ടുപോകുന്നു. 2027 ഓടെ ആഗോള എഐ ഇൻഫ്രാസ്ട്രക്ചർ പ്രതിവർഷം 420 കോടി മുതൽ 660 കോടി ക്യുബിക് മീറ്റർ വരെ വെള്ളം ഉപയോഗിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നത് ശുദ്ധജല സ്രോതസ്സുകൾക്കായി വലിയ മത്സരത്തിന് കാരണമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.