മലപ്പുറം: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കാൻ സമവായനീക്കങ്ങളുമായി നേതൃത്വം. ഡിസംബർ ആറിന് സംസ്ഥാന കൗൺസിൽ ചേരാനിരിക്കേ, കഴിവതും നേരത്തേ ധാരണയുണ്ടാക്കാനാണ് ശ്രമം. ഇതിനായി ചൊവ്വ, ബുധൻ ദിവസങ്ങളിലായി വയനാട്ടിൽ സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്.

To advertise here,

നിലവിലെ കമ്മിറ്റിയുടെ യാത്രയയപ്പ് എന്നപേരിലാണ് യോഗമെങ്കിലും ഭാരവാഹി തിരഞ്ഞെടുപ്പും ചർച്ചയാകും. പ്രധാന ഭാരവാഹികളുടെ പേരിലെങ്കിലും ധാരണയുണ്ടാക്കി ലീഗ് നേതൃത്വത്തിന് മുൻപിൽ അവതരിപ്പിച്ച് സംസ്ഥാന കൗൺസിലിൽ പ്രഖ്യാപനം എളുപ്പമാക്കാനാണ് ശ്രമം. നിലവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത യോഗത്തിൽ പുതുതായി തിരഞ്ഞെടുത്ത ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.

ഒരു പതിറ്റാണ്ടോളം സംഘടനയെ നയിച്ച ശേഷമാണ് മുനവ്വറലി തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും സ്ഥാനമൊഴിയുന്നത്. ഇതിനിടെ മുനവ്വറലി തങ്ങൾ ലീഗ് ദേശീയ സെക്രട്ടറിയായി. ഫിറോസ് എം.എൽ.എ.യുമായി. പകരക്കാരായി യൂത്ത്‌ലീഗ് നേതൃത്വത്തിലേക്ക് ആരെ കൊണ്ടുവരുമെന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. തുടർന്നാണ് നിലവിലെ കമ്മിറ്റിതന്നെ സമവായ നീക്കങ്ങൾ ഊർജ്ജിതമാക്കിയത്.

യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈനലി തങ്ങളെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സാധ്യത. മുൻപുണ്ടായ ഇടപെടലുകളിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കിലും, ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻകൂടിയായ മുഈനലി തങ്ങളെ മാറ്റി നിർത്തുന്നത് ശരിയല്ലെന്ന അഭിപ്രായത്തിലാണ് പാണക്കാട് കുടുംബം. പേര് ചർച്ചയായശേഷം അദ്ദേഹത്തെ ഒഴിവാക്കുന്നത് സംഘടനയ്ക്ക് ദോഷമാകുമെന്ന ചിന്തയുമുണ്ട്. ഇക്കാര്യത്തിൽ ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ നിലപാട് നിർണായകമാകും.

സംഘടനാപരിചയമുള്ള പി.കെ. നവാസ് എം.എൽ.എ.യെ വർക്കിങ് പ്രസിഡന്റായോ വൈസ് പ്രസിഡന്റായോ ഉൾപ്പെടുത്താനും ആലോചനയുണ്ട്. എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജുവിനും സാധ്യതയുണ്ട്. എന്നാൽ, സാജു ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് പാർട്ടിക്ക് ഗുണകരമെന്ന ചിന്തയും നേതൃത്വത്തിനുണ്ട്.

കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറിയായേക്കും. സ്ഥാനമൊഴിഞ്ഞ എം.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫിനെ ട്രഷറർ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.