തിരുവനന്തപുരം: ഭരണകാര്യങ്ങളിൽ കൂടിയാലോചന ഇല്ലെന്ന വിമർശനവുമായി കോൺഗ്രസിൽ ഉയർന്ന വാക് തർക്കം വ്യക്തിവിരോധം തീർക്കാനുള്ള അവസരമാക്കി നേതാക്കൾ. ഗ്രൂപ്പ് താത്പര്യങ്ങൾക്കൊപ്പം കണക്കുതീർക്കലും കണക്കുചോദിക്കലുമായി നേതാക്കൾ രംഗം കൊഴുപ്പിച്ചു.
പദവികൾ വീതംവെക്കുന്നതിൽ എ ഗ്രൂപ്പ് അവഗണിക്കപ്പെടുന്നെന്നും തങ്ങളെക്കൂടി ചർച്ചയിൽ പങ്കാളികളാക്കണമെന്നും അവർ മുഖ്യമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെക്കണ്ട് വിശദീകരിക്കാൻ എം.പി.മാരായ ഡീൻ കുര്യാക്കോസിനെയും ഷാഫി പറമ്പിലിനെയും ചുമതലപ്പെടുത്തി.
കെ.സി. വേണുഗോപാൽ പക്ഷം ഉയർത്തുന്ന എതിർപ്പിന് ബലംനൽകാനാണ് എ ഗ്രൂപ്പും ഇപ്പോൾ രംഗത്തിറങ്ങിയതെന്നാണ് വി.ഡി. സതീശനൊപ്പമുള്ളവരുടെ വിലയിരുത്തൽ.
ഷാഫി പറമ്പിൽ ഉമ്മൻ ചാണ്ടിയെ അവസാനകാലത്ത് കൈവിട്ടയാളാണെന്നും അദ്ദേഹം എ ഗ്രൂപ്പിൽ ഇല്ലെന്നും പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താനും രംഗത്തിറങ്ങി.
ഇതിനുപിന്നാലെ ഉണ്ണിത്താനെതിരേയും തുടർന്ന് ഷാഫിക്കെതിരേ തിരിച്ചും സൈബർ ആക്രമണമുണ്ടായി. ഉണ്ണിത്താനെതിരായ പഴയ ആരോപണങ്ങളുടെ പത്രക്കട്ടിങ്ങുകളിട്ട് സൈബർ പോരാളികൾ കണക്കുതീർത്തു. തന്റെ പേര് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചുള്ള കുറിപ്പ് കണ്ടിട്ടുണ്ടെന്നും ഒരുരാത്രികൊണ്ടാണ് ചിലർ തീരുമാനം അട്ടിമറിച്ചതെന്നും പറഞ്ഞ് ജെ.എസ്. അഖിൽ ഉണ്ണിത്താനെ ശരിവെച്ചു. അതേസമയം, രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ മന്ത്രി രമേശ് ചെന്നിത്തല തയ്യാറായില്ല.
ഉണ്ണിത്താൻ ഒപ്പം നിന്നു -ചാണ്ടി ഉമ്മൻ
കോട്ടയം: സോളാർ വിവാദകാലത്ത് തങ്ങളുടെ കുടുംബത്തെ തകർക്കാൻ ഇടതുപക്ഷം ശ്രമിച്ചപ്പോൾ സംരക്ഷിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ മുന്നിൽനിന്നുവെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ..ഉമ്മൻചാണ്ടിക്കുവേണ്ടി സംസാരിക്കാൻ ഉണ്ണിത്താൻ പോരാളിയായി മുന്നിലുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിക്കു വേണ്ടിനിന്നതിന് അദ്ദേഹത്തിന് കല്ലേറ് കിട്ടി. എന്നും അദ്ദേഹത്തോട് കടപ്പാടുണ്ട്. അവസാനകാലത്ത് ഉമ്മൻചാണ്ടിക്ക് സുഖമില്ലാതായപ്പോൾ സ്വാർഥതാത്പര്യത്തിനുവേണ്ടി ഇട്ടെറിഞ്ഞ് പോയവരുമുണ്ട്. അത് ഷാഫിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഷാഫി എ ഗ്രൂപ്പിലുണ്ടോയെന്ന ചോദ്യത്തിന് ചാണ്ടി ഉമ്മൻ മറുപടി നൽകിയില്ല.
ഷാഫി മനസ്സാക്ഷിയോട് ചോദിക്കട്ടെ -മറിയാമ്മ ഉമ്മൻ
തിരുവനന്തപുരം: രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത് സത്യമാണെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. ''നമുക്കുവേണ്ടി ചാവേറായ ഒരാളാണ് ഉണ്ണിത്താൻ. ഉമ്മൻചാണ്ടി ഏറ്റവുമധികം സ്‌നേഹിച്ച്, കരുതിയ വ്യക്തിയായിരുന്നു ഷാഫി പറമ്പിൽ. ഉമ്മൻചാണ്ടിയെ എത്രമാത്രം തിരിച്ചു സ്‌നേഹിച്ചിട്ടുണ്ടെന്ന് ഷാഫി സ്വയം ചോദിക്കട്ടെ. മനസ്സാക്ഷി മറുപടിപറയട്ടെ'' -മറിയാമ്മ ഉമ്മൻ പറഞ്ഞു.
മാന്യതയുടെ മുഖംമൂടി വലിച്ചുകീറും- ഉണ്ണിത്താൻ
കാസർകോട്: തനിക്കെതിരേ സൈബർ ആക്രമണം തുടർന്നാൽ 'ആശാന്റെയും ശിഷ്യന്റെയും' കാര്യം ശേഖരിച്ചുവെച്ച തന്റെ ഡയറിയിലെ വിവരം പുറത്തുവിടുമെന്നും, ചിലരുടെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറുമെന്നും രാജ്‌മോഹൻ ഉണ്ണിത്താന്റെ മുന്നറിയിപ്പ്. ബെംഗളൂരുവിൽ ചികിത്സയിലിരിക്കേ, ഉമ്മൻചാണ്ടി എഴുതിക്കൊടുത്ത കഴക്കൂട്ടത്തുള്ള അഖിലിന്റെ പേരുള്ള കുറിപ്പ് ചവറ്റുകുട്ടയിൽ എറിഞ്ഞാണ് അടൂർക്കാരനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കിയതെന്നും ഉണ്ണിത്താൻ ആരോപിച്ചു.
സോളാർ കേസ് കാലത്ത് ഉമ്മൻചാണ്ടിയെയും കുടുംബത്തെയും പ്രതിപക്ഷം വേട്ടയാടിയപ്പോൾ 'ഉമ്മൻചാണ്ടി സ്‌കൂൾ ഓഫ് പൊളിറ്റിക്‌സ്' എന്ന് ഇപ്പോൾ അവകാശപ്പെടുന്നവരാരും സംരക്ഷണത്തിനുണ്ടായിരുന്നില്ല. അന്ന് ഉമ്മൻചാണ്ടിക്കും കുടുംബത്തിനുംവേണ്ടി ചാനലുകൾ കയറിയിറങ്ങി പ്രതിരോധിച്ചത് ഞാനും സിദ്ദിഖും മാത്രമാണ്.
മകൻ പണ്ടെങ്ങോ ബി.ജെ.പി.ക്ക് അനുകൂലമായി ഇട്ട പോസ്റ്റിന്റെ പേരിലുള്ള വേട്ടയാടലിനെ വിമർശിച്ച അദ്ദേഹം, പാർട്ടിയിൽനിന്ന് നേടാവുന്നതെല്ലാം നേടിയവരുടെ മക്കളാണ് ബി.ജെ.പി.യിൽ പോയതെന്നും കുറ്റപ്പെടുത്തി.
'എല്ലാം ഒപ്പിച്ചത് രമേശ് ചെന്നിത്തല' -അമൽ ഉണ്ണിത്താൻ
: കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ രമേശ് ചെന്നിത്തലയുടെ നിലപാടിനെ ചോദ്യംചെയ്ത് ഫെയ്‌സ്ബുക്ക് കുറിപ്പുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യുടെ മകൻ അമൽ ഉണ്ണിത്താൻ. 'എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തല. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഭരണമാണോ അതോ മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടിയുള്ള 'മ്യൂസിക്കൽ ചെയർ മത്സരമാണോ. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി അത് സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നത്- കുറിപ്പിൽ ചോദിച്ചു.
അതേസമയം, ചെന്നിത്തലയ്‌ക്കെതിരായ അമലിന്റെ പോസ്റ്റ് രാജമോഹൻ ഉണ്ണിത്താൻ തള്ളി.കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയത് ലണ്ടനിൽ ജോലിചെയ്യുന്ന മകൻ അറിഞ്ഞിട്ടില്ല. തനിക്കെതിരേ സൈബർ ആക്രമണം നടത്തുന്നവരിൽ ചെന്നിത്തലയുടെ അനുയായികൾ ആരുമില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു
Published: 25 Nov 2026, 08:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented