പത്തനംതിട്ട: കഴിഞ്ഞ അഞ്ചുവർഷത്തിൽ ആറന്മുള എം.എൽ.എ.യായിരുന്ന വീണാ ജോർജ് ആസ്തിവികസന ഫണ്ടിൽനിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന ആരോപണം ആവർത്തിച്ച് അബിൻ വർക്കി എം.എൽ.എ.. ഇതിന്റെ വിവരാവകാശ രേഖ അബിൻ പുറത്തുവിട്ടു. എന്നാൽ, താൻ പൂർത്തിയാക്കിയ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ജനങ്ങളുടെ കൺമുന്നിലുണ്ടെന്നും വിവരാവകാശരേഖയിൽ സംശയമുണ്ടെന്നും വീണാ ജോർജ് പ്രതികരിച്ചു.
ഒരുരൂപ പോലും ചെലവഴിച്ചില്ല എന്ന് വിവരാവകാശ രേഖ നൽകിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും വീണ ആവശ്യപ്പെട്ടു.
അബിൻ വർക്കിയുടെ ആദ്യ ആരോപണത്തിന് മറുപടിയായി താൻ എം.എൽ.എ. ആയിരുന്നപ്പോൾ പൂർത്തീകരിച്ചതും നിർമാണത്തിലുള്ളതുമായ പദ്ധതികളുടെ പേരുകൾ ഉൾപ്പെടെ വീണ തിങ്കളാഴ്ച രാത്രി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ പറഞ്ഞിരിക്കുന്ന റോഡുകളുടെ യഥാർഥ അവസ്ഥ പരിശോധിച്ചപ്പോൾ ചിലത് പണി തുടങ്ങാത്തതും പൂർത്തിയാകാത്തതും ബില്ലുകൾ മാറിയിട്ടില്ലാത്തതുമായ അവസ്ഥയിലാണെന്ന് അബിൻ വർക്കി ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.2021-22 കാലഘട്ടത്തിൽ എം.എൽ.എ.ക്ക് ലഭിച്ചിരുന്ന ആസ്തി വികസന ഫണ്ട് ഒരുകോടി രൂപയായിരുന്നു. ഇതിൽ ഒരുരൂപ പോലും പ്രൊപ്പോസ് ചെയ്യാൻ വീണാ ജോർജിന് സാധിച്ചിട്ടില്ലെന്ന് അബിൻ പറഞ്ഞു. 2022-23ലെ സ്‌പെഷ്യൽ ഡിവലപ്‌മെന്റ് ഫണ്ടിൽനിന്ന് ഒരുകോടി രൂപ ലഭിച്ചെങ്കിലും ഒരു രൂപ പോലും പ്രൊപ്പോസ് ചെയ്യാനോ ഭരണാനുമതി ലഭിക്കാനോ സാഹചര്യമുണ്ടായിട്ടില്ല. 2021 മുതൽ 2026 വരെ ഒരു എം.എൽ.എ.ക്ക് ലഭിച്ച 26 കോടി രൂപയിൽ 25 കോടി രൂപയും ചെലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നതെന്ന് അബിൻ പറഞ്ഞു.
എന്നാൽ, എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് പണം ഉപയോഗിച്ച് നിർമിച്ച കെട്ടിങ്ങളുടെ ചിത്രം വീണാ ജോർജ് പോസ്റ്റ് ചെയ്തു. വിവരാവകാശരേഖയിൽ പറയുന്നത് തദ്ദേശവകുപ്പിന്റെ പദ്ധതികൾ മാത്രമാവാം. ആരോഗ്യവകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലൂടെ നടപ്പാക്കിയ നൂറുകണക്കിന് പദ്ധതികളുണ്ട്.
എല്ലാം പോസ്റ്റ് ചെയ്യാൻ കഴിയാത്തതിനാലാണ് പത്തെണ്ണം പോസ്റ്റ് ചെയ്തത്. പദ്ധതി പൂർത്തീകരണങ്ങളുടെ ഉദ്ഘാടനച്ചടങ്ങുകളിൽ കോൺഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്.
ഇവയെല്ലാം ശിലാഫലകങ്ങളിലും കാണാം. വിവരാവകാശം സംബന്ധിച്ച് നിയമനടപടി ആലോചിക്കും. ധനവകുപ്പ് പ്രത്യേക അനുമതി നൽകിയ പലപദ്ധതികളും അബിൻ റദ്ദാക്കിയെന്നും നാടിനാവശ്യമായ പദ്ധതികൾ ആരുതുടങ്ങിയെന്ന് നോക്കാതെ പൂർത്തിയാക്കുകയാണ് വേണ്ടതെന്നും വീണാ ജോർജ് പ്രതികരിച്ചു.
Content Highlights: Abin Varkey released RTI data claiming Veena George failed to utilize MLA asset development funds from 2021 to 2026., Veena George countered the allegations, stating that various development projects were successfully completed across multiple departments., Veena George announced plans for legal action regarding the RTI data discrepancy and highlighted projects inaugurated with Congress leaders.
Published: 25 Nov 2026, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented