കോഴിക്കോട്: കെ.സി വേണുഗോപാലിനെതിരെ പോരിനുറച്ച് മുസ്ലീം ലീഗ്. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഘടകം തങ്ങൾക്കെതിരെ നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങൾക്ക് ഇനി വഴങ്ങേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മുസ്ലീം ലീഗ് നേതൃത്വം. ഇത്തരം രാഷ്ട്രീയ നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ഹൈക്കമാൻഡ് തലത്തിൽ തന്നെ ലീഗ് നീക്കമാരംഭിച്ചു.

To advertise here,

ദേശീയ തലത്തിൽ ബി.ജെ.പി. സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുമുള്ള പ്രതിഷേധങ്ങളിലുമടക്കം മുസ്ലീം ലീഗിന് അർഹമായ പ്രാതിനിധ്യം നൽകാതെ മാറ്റിനിർത്തിയത് കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ ആസൂത്രിത നീക്കമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

കെ.സി.പക്ഷത്തിന്റെ നീക്കങ്ങൾക്കെതിരെ മുസ്ലീം ലീഗ് നേതൃത്വം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നേരിട്ട് പരാതി അറിയിച്ചു. ലീഗിന്റെ പരാതിക്ക് പിന്നാലെ രാഹുൽ ഗാന്ധി നേരിട്ട് മുസ്ലീം ലീഗ് നേതൃത്വത്തെ ഫോണിൽ ബന്ധപ്പെടുകയും നിലവിലെ വിഷയങ്ങളിൽ വിശദമായ വിവരങ്ങൾ ആരായുകയും ചെയ്തു.

തങ്ങൾക്കെതിരെ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് മറുപടിയായി എ.പി. അനിൽകുമാർ, ടി. സിദ്ധീഖ് തുടങ്ങി കെ.സി. വേണുഗോപാൽ പക്ഷത്തുള്ള മന്ത്രിമാരെയും എം.എൽ.എമാരെയും ലീഗിന്റെ പരിപാടികളിലേക്ക് ക്ഷണിക്കാതിരിക്കാനും ബഹിഷ്‌കരിക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.