കൊച്ചി: കുടിവെള്ള ടാങ്കറുകൾക്ക് വെള്ളം നൽകുന്ന കിണറുകൾക്ക് എൻ.ഒ.സി. നിർബന്ധമാക്കി. അനിയന്ത്രിത ജലമൂറ്റലും മലിനജല വിതരണവും വർധിച്ചതിനാലാണ് നടപടി. ടാങ്കർ ലോറികൾക്ക് കുടിവെള്ളം നൽകുന്ന കിണറിന്റെ ഉടമ എൻ.ഒ.സി. ഹാജരാക്കണമെന്ന നിർദേശം 2002-ലെ കേരള ഭൂഗർഭജല നിയന്ത്രണ നിയമ പ്രകാരമാണ്. മൂന്നുവർഷ കാലാവധിയുള്ള എൻ.ഒ.സിക്ക് 10,000 രൂപയാണ് ഫീസ്.

To advertise here,

ഒരു കിണറിൽനിന്ന് ദിവസം 10,000 ലിറ്റർ വരെ ജലമെടുക്കാൻ ഭൂഗർഭജല വകുപ്പ് ജില്ലാ ഓഫീസർ എൻ.ഒ.സി. നൽകും. ഇതിൽ കൂടുതലാണെങ്കിൽ ജില്ലാതല എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അംഗീകാരം വേണം. പരമാവധി 50,000 ലിറ്റർ വരെ ആകാം.

എൻ.ഒ.സി.ക്കുള്ള അപേക്ഷയ്ക്കൊപ്പം വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്, ഭൂമിയുടെ രേഖകൾ, തദ്ദേശസ്ഥാപനത്തിന്റെ അംഗീകാരം എന്നിവ കിണർ ഉടമ നൽകണം. കുടിവെള്ള വിതരണത്തിന്റെ അനുമതി ഉപയോഗിച്ച് വ്യാവസായിക ആവശ്യങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും വെള്ളം നൽകരുത്. ഇങ്ങനെ ചെയ്താൽ പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും.

മലിനജലം ടാങ്കർ ലോറിയിൽ വിതരണം ചെയ്താൽ രണ്ടുലക്ഷം രൂപയും രജിസ്‌ട്രേഷനില്ലാത്ത ടാങ്കർ ലോറിക്ക് 50,000 രൂപയും എൻ.ഒ.സി. പ്രകാരമല്ലാത്ത ഭൂജല ഉപയോഗത്തിന് ഒരു ലക്ഷം രൂപയും പിഴ ഇൗടാക്കും. ‌നിയമനടപടിയും സ്വീകരിക്കും.