കൊച്ചി: സംസ്ഥാനത്തെ പുരപ്പുറ സൗരോർജോത്‌പാദനം പതിറ്റാണ്ടു പിന്നിടുമ്പോൾ വൈദ്യുതിബോർഡിന്റെ നഷ്ടം 5361 കോടി രൂപ. ഉത്‌പാദിപ്പിക്കുന്ന സൗരോർജത്തിന്റെ 25 ശതമാനമേ ഉത്‌പാദകർ പകൽ ഉപയോഗിക്കുന്നുള്ളൂ. ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയിൽ 55 ശതമാനവും രാത്രി തിരിച്ചെടുത്ത് ഉപയോഗിക്കുന്നു. ബാക്കി 20 ശതമാനം വൈദ്യുതിക്ക് യൂണിറ്റിന് 3.26 രൂപ വൈദ്യുതിബോർഡ് ഉത്‌പാദകർക്ക് നൽകുകയും വേണം.

To advertise here,

വൈദ്യുതി സംഭരിക്കാനായുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) വ്യാപകമായില്ലെങ്കിൽ ഈ നഷ്ടം വർഷംതോറും ഇരട്ടിയായിക്കൊണ്ടിരിക്കും. 2015-16ൽ 21.15 മെഗാവാട്ടായിരുന്നു പുരപ്പുറ സൗരോർജശേഷി. ഇതിൽനിന്ന് ദിവസം 84,000 യൂണിറ്റും വർഷം മൂന്നുകോടി യൂണിറ്റും ലഭിച്ചിരുന്നു. 2025-26ൽ ‌സൗരോർജ പ്ലാന്റുകളുടെ സ്ഥാപിതശേഷി 2215 മെഗാവാട്ടായി.

ദിവസ ഉത്‌പാദനം 88.6 ലക്ഷം യൂണിറ്റും വർഷം 323.39 കോടി യൂണിറ്റുമായി. 10 വർഷംകൊണ്ട് പുരപ്പുറ സൗരോർജത്തിൽനിന്ന് 983.49 കോടി യൂണിറ്റാണ് കേരളം ഉത്‌പാദിപ്പിച്ചത്. 2024-25-ലെ കണക്കുപ്രകാരം ഉത്‌പാദിപ്പിക്കുന്നതിന്റെ 25 ശതമാനം സൗരോർജമേ ഉത്‌പാദകർ പകൽ ഉപയോഗിക്കുന്നുള്ളൂ. ഇതനുസരിച്ച് 10 വർഷത്തിനിടെ 245.87 കോടി യൂണിറ്റുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

ഉത്‌പാദനത്തിന്റെ 75 ശതമാനമായ 737.61 കോടി യൂണിറ്റാണ് ഗ്രിഡിലേക്ക് വന്നത്. പകൽ വൈദ്യുതി അധികമായതിനാൽ ഇത്രയും യൂണിറ്റ് സറണ്ടർ ചെയ്യേണ്ടിവന്നു. സറണ്ടർ ചെയ്യുമ്പോൾ യൂണിറ്റിന് രണ്ടുരൂപ പിഴയടയ്ക്കണം. ഈ ഇനത്തിൽമാത്രം വൈദ്യുതി ബോർഡിന് 1475.23 കോടി രൂപയുടെ അധികച്ചെലവ് വന്നു.

പകൽ ഉത്‌പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ 55 ശതമാനമാണ് ഉത്‌പാദകർ രാത്രിയിൽ ഉപയോഗിക്കുന്നത്. 540.92 യൂണിറ്റാണ് ഈ രീതിയിൽ ഉപയോഗിച്ചത്. രാത്രി പുറമേനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് ശരാശരി ആറുരൂപയാണ് യൂണിറ്റിന് നൽകേണ്ടത്.

ഈ കണക്കുപ്രകാരം 3245.52 കോടി രൂപയുടെ വൈദ്യുതിയാണ് ഉത്‌പാദകർ ഉപയോഗിച്ചത്. ഇതിനൊപ്പം ഗ്രിഡിലേക്ക് ലഭിച്ച ബാക്കി 20 ശതമാനം വൈദ്യുതിയായ 196.69 കോടി യൂണിറ്റിന് ഉത്പാദകർക്ക് യൂണിറ്റിന് 3.26 രൂപവീതം നൽകണം. ഇങ്ങനെ 641.20 കോടി രൂപ ഈ ഇനത്തിലും ചെലവുണ്ട്.

പുരപ്പുറ സൗരോർജക്കണക്ക്

വർഷം-പുരപ്പുറ സൗരോർജശേഷി (മെഗാവാട്ടിൽ)-പ്രതിദിന ഉത്‌പാദനം (ദശലക്ഷം യൂണിറ്റിൽ)-വാർഷിക ഉത്‌പാദനം (ദശലക്ഷം യൂണിറ്റിൽ) 2015-’16 - 21.15, 0.084, 30.66

2016-’17 – 92.40, 0.369, 134.68

2017-’18 – 128.09, 0.51, 186.15

2018-’19 - 158.74, 0.634, 231.41

2019-’20 - 162.38, 0.649, 236.88

2020-’21 – 200.40, 1.109, 404.78

2021-’22 – 263.18, 1.45, 529.25

2022-’23 – 761.43, 3.04, 1109.6

2023-24 1022.79 4.09 1492.85

2024-25 1538.94 6.15 2244.75

2025-26 2215 8.86 3233.9