പാലക്കാട്: മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവർക്ക് അവകാശപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനാവശ്യ പ്രശ്‌നമുണ്ടാക്കിയ സർക്കാരും വഖഫ് ബോർഡുമാണ് മുനമ്പത്തെ വില്ലൻ. പ്രകാശ് ജാവഡേക്കർക്കും സർക്കാരിനും ഒരേ നിലപാടാണ്. ഇപ്പോൾ പുറത്തായത് ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള സർക്കാരിന്റെ കള്ളക്കളിയാണെന്നും വി.ഡി. സതീശൻ പാലക്കാട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സർവകക്ഷി യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിന് സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫറൂഖ് കോളേജ് മാനേജ്‌മെന്റ് പണം വാങ്ങി നൽകിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്? പ്രശ്‌നം കോടതിയിൽ പരിഹരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞതിലൂടെ കള്ളക്കളി പുറത്തു വന്നിരിക്കുകയാണ്. ഇവിടെയാണ് പ്രകാശ് ജാവഡേക്കർ പറഞ്ഞതും സർക്കാരിന്റെ നിലപാടും ഒന്നാകുന്നത്. പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിക്കാൻ ശ്രമിച്ചതു പോലെ കേരളത്തിൽ ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എങ്ങനെയാണ് ഈ പ്രശ്‌നത്തെ വഖഫ് ആക്ടുമായി ബന്ധപ്പെടുത്തുന്നത്? 1995-ലെ വഖഫ് ആക്ട് ഭേദഗതി നിലവിൽ വന്ന് 26 വർഷത്തേക്ക് ഒരു കുഴപ്പവുമുണ്ടായില്ല. 2021-ൽ വഖഫ് ബോർഡാണ് റവന്യൂ വകുപ്പിനോട് കരം സ്വീകരിക്കരുതെന്ന് നിർദ്ദേശിച്ചത്. 26 വർഷം ഇവർ എവിടെയായിരുന്നു? അന്നൊന്നും ഒരു അവകാശവാദവും ഉണ്ടായിരുന്നില്ലല്ലോ.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് കോടതിയിൽ സ്വീകരിക്കാൻ വഖഫ് ബോർഡിനോട് സർക്കാർ നിർദ്ദേശിക്കണം. അല്ലെങ്കിൽ കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിച്ച് കോടതിയെ അറിയിക്കണം. ഇതൊന്നും ചെയ്യാതെ സർക്കാർ കള്ളക്കളി നടത്തുകയാണ്. ഒരു വശത്ത് വഖഫ് ഭൂമിയാണെന്നു പറയുകയും മറുവശത്ത് അല്ലായെന്നു പറയുകയുമാണ് സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷവും ഭരണകക്ഷിയും ഒന്നിച്ചാണ് കേന്ദ്രം കൊണ്ടുവരാൻ പോകുന്ന വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കിയത്. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് ബിൽ പാസായാൽ മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ബി.ജെ.പി പറയുന്നത്. വഖഫ് ബിൽ പസായാലൊന്നും മുനമ്പത്തെ പ്രശ്‌നം അവസാനിക്കില്ല. ബി.ജെ.പിക്ക് കേരളത്തിൽ ഇടം ഉണ്ടാക്കിക്കൊടുക്കുന്നതിനു വേണ്ടി അനാവശ്യമായി വഖഫ് ബോർഡും സർക്കാരുമാണ് മുനമ്പത്ത് പ്രശ്‌നമുണ്ടാക്കിയത്. മതപരമായ ഭിന്നിപ്പുണ്ടാക്കാൻ മാത്രമെ വഖഫ് ബോർഡിന്റെ നിലപാട് സഹായിക്കൂ. സംസ്ഥാന സർക്കാരും വഖഫ് ബോർഡുമാണ് വില്ലനെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. 

മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവർക്ക് അവകാശപ്പെട്ടതാണെന്നതാണ് യു.ഡി.എഫ് നിലപാട്. അവർക്ക് എല്ലാക്കാലത്തേക്കും അവകാശം നൽകണം. കേരളത്തിലെ മുസ്ലീം സംഘടനകളെല്ലാം ചേർന്ന് ഈ തീരുമാനമെടുത്തു. പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കളും മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. മുസ്ലീം സംഘടനകൾക്കും മുസ്ലീംലീഗിനും ഇല്ലാത്ത വാശി ഈ ഭൂമിയുടെ കാര്യത്തിൽ വഖഫ് ബോർഡ് ചെയർമാൻ പിടിക്കുന്നതെന്തിനാണ്? ഇവിടെ ഒരു നിയമപ്രശ്‌നവുമില്ല. സംസ്ഥാന വഖഫ് ബോർഡാണ് അനാവശ്യമായി നിയമപ്രശ്‌നം ഉണ്ടാക്കിയത്. ഭൂമിയിൽ അവകാശവാദം ഉന്നയിച്ചുള്ള നിലപാടിൽ നിന്നും വഖഫ് ബോർഡും സർക്കാരും പിൻമാറണം. ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള കള്ളക്കളി സർക്കാർ അവസാനിപ്പിക്കണം- വി.ഡി. സതീശൻ പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. 

മുനമ്പത്തെ ഭൂമിയിൽ ഫറോഖ് കോളജ് പോലും അവകാശവാദം ഉന്നയിക്കുന്നില്ല. പണം കൊടുത്ത് വാങ്ങുന്ന ഭൂമി അനിസ്ലാമികമാണ്. വഖഫ് ഭൂമി ആക്കിയെന്ന് പറയുന്ന കാലത്ത് തന്നെ അവിടെ ആളുകൾ താമസിക്കുന്നുണ്ട്. ആളുകൾ താമസിക്കുന്ന ഭൂമി എങ്ങനെയാണ് വഖഫ് ആക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ബി.ജെ.പി ഉൾപ്പെടെ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന സംഘടനകൾ നുഴഞ്ഞുകയറി നിലവിലുള്ള വഖഫ് നിയമമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് സമരസമിതിക്കാരെ കൊണ്ട് പറയിപ്പിക്കുന്നതാണ്. ഞങ്ങൾ അവരെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വഖഫ് ബില്ലിൽ മുസ്ലീം അല്ലാത്തയാൾ വഖഫ് സി.ഇ.ഒ ആകണമെന്നാണ് പറയുന്നത്. അമുസ്ലിങ്ങളായ രണ്ട് അംഗങ്ങൾ വേണമെന്നുമുണ്ട്. ദേവസ്വം ബോർഡിൽ ക്രിസ്ത്യാനിയും മുസ്ലീമും വേണമെന്നു പറഞ്ഞാൽ എങ്ങനെ ഇരിക്കും? അതുപോലൊരു നിയമമാണ് കേന്ദ്രത്തിന്റെ വഖഫ് ബിൽ. ഈ വഖഫ് ബിൽ പാസായാൽ അടുത്തതായി ചർച്ച് ബിൽ വരും. കഴിഞ്ഞയാഴ്ച ക്രൈസ്തവ സംഘടനകൾ ഡൽഹിയിൽ സമരത്തിലായിരുന്നു. ജനുവരി മുതൽ സെപ്തംബർ വരെ 585 ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരെ രാജ്യത്തുണ്ടായത്. നിരവധി പേർ ജയിലിലാണ്. ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. മധ്യപ്രദേശിൽ 600 ക്രൈസ്തവ സ്‌കൂളുകൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നു. അസാമിൽ ഒരു സ്‌കൂളിനും വിശുദ്ധൻമാരുടെ പേരിടാൻ പാടില്ലെന്നാണ് സംഘ്പരിവാർ വിരട്ടുന്നത്. ചർച്ച് ബിൽ വന്നാലും യു.ഡി.എഫ് ഇതേ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കെ റെയിൽവിഷയത്തിൽ, കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചാലും കേന്ദ്രത്തിന്റെ അനുമതി വാങ്ങി വന്നാലും പദ്ധതി നടപ്പാക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊടകരകുഴൽപ്പണക്കേസിൽ സംസ്ഥാന സർക്കാർ കാട്ടിയ കള്ളക്കളിയാണ് ഇപ്പോൾ പുറത്തുവന്നതെന്നും കള്ളപ്പണം സിപിഎമ്മും പിണറായി വിജയനും പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.