കൊച്ചി : മുനമ്പം ഭൂപ്രശ്‌നം  സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ സിറ്റിങ് പൂര്‍ത്തിയായി. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. മൂന്നാമത്തെ ഹിയറിങ്ങാണ് വ്യാഴാഴ്ച കഴിഞ്ഞത്.  വഖഫ് ബോര്‍ഡ്,  മുനമ്പം ഭൂസംരക്ഷണ സമിതി, വിവിധ സംഘടനകള്‍ കമ്മിഷന് മുമ്പാകെ ഹാജരായി.

To advertise here,

വഖഫ് ഭൂമിയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് വഖഫ് ബോര്‍ഡ് തങ്ങളുടെ നിലപാട് കമ്മിഷനെ അറിയിച്ചത്. ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി കിട്ടിയതാണെന്ന നിലപാടാണ് ഫാറൂഖ് കോളേജ് കമ്മിഷന് മുമ്പാകെ ഉയര്‍ത്തിയത്. 

മുനമ്പം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  30 വരെ കമ്മീഷന് നേരിട്ട് സമര്‍പ്പിക്കാമെന്നും മുനമ്പം ഭൂപ്രശ്‌നം സംബന്ധിച്ച് ഇനി പൊതുഹിയറിങ് ഉണ്ടായിരിക്കില്ലെന്നും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അറിയിച്ചു. അതേസമയം കമ്മിഷന്‍ ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.   

അതേസമയം വഖഫ് നിയമങ്ങളിലെ എട്ട് വിഭാഗങ്ങളില്‍ അടിയന്തര ഭേദഗതി വരുത്തണമെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരളത്തില്‍നിന്നുള്ള എല്ലാ എം.പി.മാര്‍ക്കും ഭൂസംരക്ഷണ സമിതി കത്തയയ്ക്കും. വഖഫ് നിയമത്തിലെ 3, 36, 40, 52, 83, 84, 107, 108 എന്നീ വിഭാഗങ്ങളില്‍ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും നിരക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ വരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത് അയക്കുക.