കൊച്ചി: സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും വർഷങ്ങളായി ജോലിചെയ്യുന്ന ആയിരക്കണക്കിന് കരാർ, പുറംകരാർ തൊഴിലാളികളുടെ സാമൂഹികസുരക്ഷയ്ക്ക് സർക്കാരിന്റെ ഇടപെടൽ കാത്തിരിക്കുന്നു. സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ, കെ.എസ്.ഇ.ബി., ജല അതോറിറ്റി, കെ.എസ്.എഫ്.ഇ., ദേവസ്വം ബോർഡുകൾ, ആശുപത്രികൾ തുടങ്ങിയവയിൽ ആയിരക്കണക്കിന് കരാർ-ദിവസവേതന തൊഴിലാളികളാണ് പണിയെടുക്കുന്നത്. വർഷങ്ങളോളം പണിയെടുത്തശേഷം പെൻഷൻ ഉൾപ്പെടെ യാതൊരു സാമൂഹികസുരക്ഷാ ആനുകൂല്യവുമില്ലാതെ വിരമിക്കേണ്ട സ്ഥിതിയിലാണിവർ. 2009 ഏപ്രിൽ ഒന്നുമുതൽ 2026 മാർച്ച് 31 വരെയുള്ള കാലത്ത് ജോലിയിൽ പ്രവേശിച്ചിട്ടും പല കാരണങ്ങളാൽ ഇ.പി.എഫ്. പരിധിയിൽ ഉൾപ്പെടാത്ത അർഹരായ തൊഴിലാളികൾക്ക് ഒക്ടോബർ 31-ന് മുൻപ് അംഗമാകാൻ അവസരമുണ്ട്. ഇത് സംസ്ഥാന സർക്കാർ പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്നാണ് ആവശ്യം. കരാർത്തൊഴിലാളികൾക്ക് ഇ.പി.എഫ്. ബാധകമാക്കുന്നതുമായി ബന്ധപ്പെട്ട് 2019-ൽ സംസ്ഥാന തൊഴിൽവകുപ്പ്, വിവിധ വകുപ്പ് മേധാവികൾക്ക് സർക്കുലർ അയച്ചെങ്കിലും നടപടി ഉണ്ടായില്ല.

To advertise here,

നേരത്തേ ജീവനക്കാരുടെ വിഹിതം പിടിച്ചിട്ടില്ലെങ്കിൽ വ്യവസ്ഥകൾക്ക് വിധേയമായി അത് ഒഴിവാക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ തൊഴിലുടമവിഹിതം, പലിശ, അഡ്മിനിസ്ട്രേറ്റീവ് ചാർജ് എന്നിവ അടയ്ക്കണം.

തൊഴിലാളികൾക്ക് ഇ.പി.എഫ്. ആനുകൂല്യം ഉറപ്പാക്കാൻ ഗോവ സർക്കാർ ഈ മാസം രണ്ടിന് രണ്ടാമതും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം ഗോവയെ മാതൃകയാക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. ഗോവയിൽ പദ്ധതി നടപ്പാക്കാൻ ഇ.പി.എഫ്.ഒ.യെയും തൊഴിൽ വകുപ്പിനെയും ചുമതലപ്പെടുത്തി. പദ്ധതി ആനുകൂല്യം 2009 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാക്കിയാണ് ഗോവ വിജ്ഞാപനമിറക്കിയിട്ടുള്ളത്.