കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ(74കിലോമീറ്റർ) അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയതിന് ഔദ്യോ​ഗിക സ്ഥിരീകരണം. ഐഎംഒ നമ്പർ 9123221 ലൈബീരിയൻ കപ്പലായ എംഎസ്സി എൽസ 3 കൊച്ചി തീരത്ത് മുങ്ങിയതായി പിഐബി വാർത്തകുറിപ്പിൽ വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെ കോസ്റ്റൽ ​ഗാർഡും മൂന്നുപേരെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സുജാതയും രക്ഷപ്പെടുത്തി. 

To advertise here,

640 കണ്ടെയ്‌നറുകളുമായാണ് കപ്പൽ മുങ്ങിയത്. ഇതിൽ 13 കണ്ടെയ്‌നറുകളിൽ അപകടകരമായ ചരക്കുകളാണുണ്ടായിരുന്നതെന്നും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡ് അടങ്ങിയിരുന്നതായും പിഐബി വ്യക്തമാക്കി. കപ്പലിൽ 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും നിറച്ചിരുന്നു.

ഇതുവരെ എണ്ണച്ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല. കേരള തീരത്തെ സമുദ്ര ആവാസവ്യവസ്ഥ കണക്കിലെടുത്ത് കോസ്റ്റൽ ​ഗാർഡ് മലിനീകരണ പ്രതിരോധത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും സജീവമാക്കിയിട്ടുണ്ട്. എണ്ണ ചോർച്ച കണ്ടെത്തുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ഐസിജി വിമാനങ്ങൾ ആകാശ നിരീക്ഷണം നടത്തുന്നുണ്ട്. മലിനീകരണ പ്രതിരോധ ഉപകരണങ്ങളുമായി ഐസിജി കപ്പലായ സക്ഷവും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 

കപ്പലിലുണ്ടായിരുന്നവരെ കൊച്ചിയിലെത്തിച്ചു.  റഷ്യൻ ക്യാപ്റ്റൻ, എഞ്ചിനിയർമാർ എന്നിവരെ നാവികസേനയുടെ ഐഎൻഎസ് സുജാത കപ്പലിലും മറ്റ് 21 ജീവനക്കാരെ കോസ്റ്റ് ​ഗാർഡിന്റെ അർൺവേഷിലുമാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അധികൃതർ വൈകാതെ നീങ്ങുമെന്നാണ് വിവരം.