ഓറഞ്ച് വിക്ടോറിയ കപ്പൽ കമ്പനിയുടെ ഹർജി തള്ളി

കൊച്ചി: കേരള തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിനുള്ളിൽ ഉണ്ടാകുന്ന കപ്പൽ അപകടങ്ങളെക്കുറിച്ച് ഫോർട്ട്‌കൊച്ചി കോസ്റ്റൽ പോലീസിന് അന്വേഷിക്കാമെന്ന് ഹൈക്കോടതി. 'ഓറഞ്ച് വിക്ടോറിയ’എന്ന കപ്പൽ 45 നോട്ടിക്കൽ മൈൽ അകലെവെച്ച് മത്സ്യബന്ധന ബോട്ടിൽ ഇടിച്ച സംഭവത്തിൽ ഫോർട്ട്‌കൊച്ചി കോസ്റ്റൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് ജി. ഗിരീഷ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഓറഞ്ച് വിക്ടോറിയ’ എന്ന വിദേശകപ്പലിന്റെ ഉടമസ്ഥരായ സിനർജി മാരിടൈം പ്രൈവറ്റ് ലിമിറ്റഡാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയത്.
ഹർജി തള്ളിയതോടെ അന്വേഷണത്തിന് വർഷങ്ങളായുള്ള തടസ്സം നീങ്ങി. 2021 മാർച്ചിലുണ്ടായ കൂട്ടിയിടിയിൽ ആളപായമില്ലെങ്കിലും തിരുവനന്തപുരം സ്വദേശിയുടെ സിതാര എന്ന ബോട്ട് തകർന്നിരുന്നു.
രാജ്യാന്തരനിയമങ്ങൾ പ്രകാരം 35 നോട്ടിക്കൽ മൈലിന് അപ്പുറം ഉണ്ടാകുന്ന അപകടങ്ങളിൽ അന്വേഷണം നടത്താൻ സംസ്ഥാന പോലീസിന് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽക്കൊല കേസിലെ സുപ്രീംകോടതി വിധിയും ചൂണ്ടിക്കാട്ടി.
എന്നാൽ ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിലാണ് (തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ വരെ) അപകടം നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ഈ പരിധിയിൽ ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടിക്രമങ്ങളും ബാധകമാക്കി കേന്ദ്രസർക്കാർ 1981-ൽ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 2016-ലെ പ്രത്യേക വിജ്ഞാപനത്തിലൂടെ ഇത്തരം കേസുകൾ അന്വേഷിക്കാൻ ഫോർട്ട്‌കൊച്ചി കോസ്റ്റൽ പോലീസ് സ്റ്റേഷന് അധികാരം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഇറ്റാലിയൻ നാവികരുടെ കേസ് നടന്ന സമയത്ത് ഈ വിജ്ഞാപനം നിലവിലില്ലായിരുന്നു. പുതിയ സാഹചര്യത്തിൽ കോസ്റ്റൽ പോലീസിന്റെ അന്വേഷണത്തിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള ഉൾക്കടലിലെ അന്താരാഷ്ട്രനിയമങ്ങൾ പ്രകാരമുള്ള തടസ്സങ്ങൾ നിലനിൽക്കും എന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ ടി. ആസിഫ് അലി ഹാജരായി.
Content Highlights: The Kerala High Court ruled that Fort Kochi Coastal Police hold legal jurisdiction to investigate ship collisions occurring within 200 nautical miles of the Indian Exclusive Economic Zone, dismissing a plea by Synergy Maritime in the Orange Victoria vessel collision case.
Published: 23 Jul 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented