
തിരുവനന്തപുരം: എല്ലാക്കാലത്തും ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണ് എം.പി. വീരേന്ദ്രകുമാറെന്ന് മന്ത്രി രമേശ് ചെന്നിത്തല. സോഷ്യലിസ്റ്റ് ആശയങ്ങൾക്കായി ജീവിതം മുഴുവൻ പോരാടിയ അദ്ദേഹം തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിച്ചയാളാണ്. വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളിൽ തന്റെ നിലപാടുകളിൽ അദ്ദേഹം ഉറച്ചുനിന്നു. റാം മനോഹർ ലോഹ്യയുടെ ആശയങ്ങൾ ഉൾക്കൊണ്ട ഇന്ത്യയിലെ തലയെടുപ്പുള്ള സോഷ്യലിസ്റ്റ് നേതാവായിരുന്നു വീരേന്ദ്രകുമാറെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആർ.ജെ.ഡി. തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിവെള്ളത്തിനായി വീരേന്ദ്രകുമാർ സമരംചെയ്ത പ്ലാച്ചിമടയിൽ ബ്രൂവറിയും ഡിസ്റ്റലറിയും ഒക്കെ സ്ഥാപിക്കാൻ സർക്കാർതന്നെ മുന്നോട്ടുവന്നത് ചരിത്രത്തിന്റെ അപചയമാകാം. കുടുംബപരമായി ബന്ധമുണ്ടായിരുന്നതുകൊണ്ടുതന്നെ പല സന്നിഗ്ദഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എന്നെ പിടിച്ചുനിർത്തിയിട്ടുണ്ട്. ഐക്യമുന്നണിയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നിലപാടുകൾ യു.ഡി.എഫിന് ഗുണകരമായി. മാതൃഭൂമിയുടെ ആധുനികവൽകരണത്തിൽ വീരേന്ദ്രകുമാറിന്റെ പങ്ക് വലുതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒരിക്കലും മാതൃഭൂമിയിൽ കാണാൻ കഴിയില്ല. എല്ലാ രാഷ്ട്രീയത്തെയും ഉൾക്കൊള്ളുന്നതാണ് മാതൃഭൂമിയുടെ രാഷ്ട്രീയം. ആ പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ട് മാതൃഭൂമിയെ ജനങ്ങളുടെ കണ്ണാടിയാക്കി മാറ്റാൻ വീരേന്ദ്രകുമാറിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.പി. വീരേന്ദ്രകുമാർ ഇടതുമുന്നണി വിട്ടുപോയത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ലെന്നും എൽ.ഡി.എഫിന്റെ കുഴപ്പം കൊണ്ടാണെന്നും മുൻ മന്ത്രിയും സി.പി.എം. നേതാവുമായ എം.വിജയകുമാർ പറഞ്ഞു. താൻ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. നിലപാടുകളിലുറച്ച് മന്ത്രിസ്ഥാനംവരെ രാജിവച്ചയാളാണ് അദ്ദേഹം. തൊഴിൽമേഖലയിൽ ഇത്രയധികം പരിഷ്‌കാരങ്ങൾകൊണ്ടുവന്ന മറ്റൊരു കേന്ദ്രമന്ത്രി ഉണ്ടായിട്ടില്ല. ചിന്തകൻ, പ്രഭാഷകൻ, ദാർശനികൻ എന്നിങ്ങനെ എല്ലാ മേഖലയിലും പുതുവെളിച്ചം നലകിയ ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാറെന്നും അനുസ്മരണപ്രഭാഷണം നടത്തിയ എം. വിജയകുമാർ പറഞ്ഞു.
പ്രസംഗത്തിലെ ഭാഷയിൽ രാഷ്ട്രീയക്കാർ തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഇപ്പോൾ പ്രസംഗത്തിൽ ചെറ്റ എന്ന വാക്കുപോലും വരുന്നു. അതുകേട്ട് നാണക്കേട് തോന്നുകയാണ്. ഒരിക്കലും തെറ്റായ വാക്ക് ഉപയോഗിക്കരുതെന്ന് പറയുന്നതുകൊണ്ട് ചിലപ്പോൾ പന്ന്യൻ രവീന്ദ്രൻ മോശക്കാരനായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് അടുത്തുപെരുമാറാൻ രാഷ്ട്രീയക്കാർക്ക് കഴിയുന്നില്ല. മസിൽ പിടിച്ചുനിന്നാലാണ് മികച്ച നേതാവാകാനുള്ള ലക്ഷണമെന്ന ചിന്ത ചിലർക്കുണ്ട്. കൂടുതൽ ഗൗരവക്കാരനാകണമെന്നതാണ് ചിലരുടെ ഭാവം. ചിരിക്കാതിരുന്നാൽ വലിയ നേതാവായെന്ന തോന്നലാണ് ചിലർക്കൊക്കെ. ജനങ്ങളെ കണ്ടാൽ ചിരിക്കാൻ മറക്കരുതെന്നും പന്ന്യൻ പറഞ്ഞു. നേതാക്കൾ ഇതൊന്നും പഠിച്ചില്ലെങ്കിൽ ക്ലാസ് എടുക്കാൻ പാർട്ടികൾ മുന്നോട്ടുവരണം. പാവപ്പെട്ടവരോട് സ്‌നേഹത്തിന്റെ ഭാഷയിൽ രാഷ്ട്രീയപ്രവർത്തനം നടത്തിയ വീരേന്ദ്രകുമാറിനെ ഇത്തരമാളുകൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള താപനമുൾപ്പെടെയുള്ള പാരിസ്ഥിതിക ഭീഷണികളെക്കുറിച്ച് കാലാതീതമായി പ്രവചിച്ചയാളാണ് എം.പി. വീരേന്ദ്രകുമാറെന്ന് ചടങ്ങിൽ അധ്യക്ഷനായ ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. പ്ലാച്ചിമടയിലുൾപ്പെടെ ശുദ്ധവായുവിനും ശുദ്ധജലത്തിനുമായി പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം. തൊഴിൽ നഷ്ടപ്പെടുമെന്ന് അവസ്ഥയിലും കുടിവെള്ളത്തിനായി പോരാടാൻ തൊഴിലാളികളെ ബോധവത്ക്കരിച്ച് പ്രാപ്തനാക്കാൻ എം.പി. വീരേന്ദ്രകുമാറിന് സാധിച്ചു. സുസ്ഥിര വികസനമാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വികസന പദ്ധതികളുടെ സാമൂഹിക, പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് അദ്ദേഹം എന്നും മുന്നറിയിപ്പ് നൽകിയിരുന്നതായും എം.വി. ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.
പി.കെ.പ്രവീൺ എം.എൽ.എ., ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.സുരേന്ദ്രൻ പിള്ള, ദേശീയ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി, പാർലമെന്ററി ബോർഡ് ചെയർമാൻ എൻ.എം. നായർ, ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടറി ജമീല പ്രകാശം, പരശുവയക്കൽ രാജേന്ദ്രൻ, ഫാസിൽ, ചീരാണിക്കര സുരേഷ്, സുനിൽഖാൻ, നൗഷാദ് തോട്ടിൻകര, ലേഖ എന്നിവർ സംസാരിച്ചു.
Content Highlights: Ramesh Chennithala commemorates MP Veerendra Kumar as a prominent socialist leader., MV Shreyams Kumar emphasizes Veerendra Kumar's early warnings on global warming., Recognition of his grassroots struggles for water and air purity in Plachimada., Advocacy for sustainable development over destructive industrial practices.
Published: 04 Jun 2026, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented