
കൽപ്പറ്റ: മേപ്പാടിയിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ.രാജൻ. റവന്യൂ വകുപ്പ് നൽകിയ ഒരു കിറ്റിൽപ്പോലും യാതൊരു കേടുപാടുമില്ല. ഇത് പകൽ പോലെ വ്യക്തമാണ്. ആർക്ക് വീഴ്ചപറ്റിയാലും ഇത് ഗുണകരമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 30-നും നവംബർ ഒന്നിനും എസ്.ജെ.എം.എസ് സ്കൂളിൽനിന്ന് സാധനങ്ങൾ വിതരണംചെയ്ത ഏഴ് പഞ്ചായത്തുകളുണ്ടെന്നും അതിൽ ഒരു മുനിസിപ്പാലിറ്റിയും ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണുള്ളതെന്നും മന്ത്രി കെ.രാജൻ ചൂണ്ടിക്കാട്ടി. ആ ഏഴിടത്ത് ഇവിടെ മാത്രം എങ്ങനെയാണ് പരാതിയുണ്ടാവുകയെന്ന് ചോദിച്ച അദ്ദേഹം ഇത് ജില്ലാ ഭരണകൂടം അവസാനംകൊടുത്ത അരിയല്ലെന്നും വ്യക്തമാക്കി.
"ജില്ലാ ഭരണകൂടം അവസാനംകൊടുത്ത അരി ചാക്കിലാണ്. ഇതിൽ രണ്ടുതരത്തിലുള്ള അരിയല്ലാതെ മൈദയോ റവയോ അനുബന്ധ സാധനങ്ങളോ ഇല്ല. ഈ സാധനങ്ങൾ അവസാനം വിതരണം ചെയ്തത് സെപ്റ്റംബർ ഒമ്പതിനാണ്. ആ കൂട്ടത്തിൽ അരി, വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല, പാൽപ്പൊടി, ചായപ്പൊടി, ഉപ്പ് റവ, മീറ്റ് മസാല, ചിക്കൻ മസാല എന്നിവയും തുണിത്തരങ്ങളും ചില ഗൃഹോപകരണങ്ങളുമുണ്ട്. അതാണിപ്പോൾ വിതരണം ചെയ്തതെങ്കിൽ ഗുരുതരമായ തെറ്റായി. രണ്ടുമാസക്കാലം ഇങ്ങനെ എടുത്തുവെയ്ക്കാൻ ആർക്കും അധികാരമില്ല.
ഇതിനുപുറമേ ആ പഞ്ചായത്തുകാർതന്നെ സമ്മതിക്കുന്നൊരു കാര്യം, ഇവിടെ നിന്ന് കിട്ടിയ സാധനങ്ങൾക്ക് പുറമേ പഞ്ചായത്തിൽനിന്ന് വിവിധ സന്നദ്ധ സംഘടനകൾ കൊണ്ടുവന്ന സാധനങ്ങൾ കൂടി വിതരണം ചെയ്തിട്ടുണ്ട് എന്നതാണ്. അതാരൊക്കെയാണ് എന്തൊക്കെയാണ് എവിടെവെച്ചാണ് എന്നൊന്നും ആർക്കും പറയാൻ പറ്റുന്നില്ല. റവന്യൂ വകുപ്പിൽനിന്ന് കിട്ടിയ സാധനങ്ങൾ ഏതൊക്കെയാണെന്ന് ഇൻവോയിസിലൂടെ മനസിലാകും. റവന്യൂ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് നൂറുശതമാനം ഉറപ്പുപറയാൻ പറ്റും. കാരണം ചാക്കുകളിലുൾപ്പെടെ വിതരണംചെയ്യുമ്പോൾ ഉപയോഗിക്കാൻ പറ്റില്ല എന്ന് തോന്നുന്നതൊന്നും വിതരണം ചെയ്തിട്ടില്ല. അത് ഫാമുകൾക്ക് നൽകിയ അനുഭവമാണുള്ളത്." മന്ത്രി പറഞ്ഞു.
ആർക്ക് വീഴ്ചപറ്റിയാലും ഇത് ഗുണകരമായ കാര്യമല്ലെന്ന് കെ.രാജൻ ചൂണ്ടിക്കാട്ടി. റവന്യൂ വകുപ്പ്, ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ അതോറിറ്റി എന്നിവർ വിതരണം ചെയ്തതിന്റെ കണക്കാണ് താൻ പറഞ്ഞത്. ഒരു തെറ്റുപറ്റി, അവർക്ക് സാധനങ്ങൾ മാറ്റിക്കൊടുക്കും എന്നെല്ലാം ടിവിയിൽ ബന്ധപ്പെട്ടവർ പറഞ്ഞു. അന്വേഷണം വേണ്ടിവന്നാൽ പ്രഖ്യാപിക്കും. ഇപ്പോൾ പകൽപോലെ വ്യക്തമാണ് കാര്യങ്ങൾ. സെപ്റ്റംബർ ഒമ്പതിന് കൊടുത്ത സാധനമാണ് വിതരണം ചെയ്തതെങ്കിൽ അതുചെയ്തവനാരാണ്? എന്തിനാണ് ഇത്രദിവസം എടുത്തുവെച്ചത്? ഓണത്തിന് കൊടുക്കാൻ വെച്ച വസ്ത്രം അവിടെ കെട്ടിക്കിടക്കുന്നുണ്ട്. കളക്ടറോട് ഇക്കാര്യത്തേക്കുറിച്ച് അന്വേഷിച്ചിരുന്നു. സ്റ്റോറിൽ ജോലി ചെയ്തവരേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ളവർ പ്രാഥമികമായ വിവരം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Revenue Minister Reacts to Worm-Infested Rice Distribution Wayanad
Published: 07 Nov 2024, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented