മുണ്ടക്കൈ -ചൂരൽമല ഉരുൾ ദുരന്തം സമ്മാനിച്ച ആഘാതത്തിൽനിന്ന് പുറത്ത് കടക്കുന്നതിന് മുൻപാണ് വയനാട്ടിൽ മണ്ണിടിച്ചിൽ വീണ്ടും ജീവനുകൾ കവർന്നത്. കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിലായിരുന്നു മണ്ണിടിച്ചിൽ.
കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാതയിൽ ഉണ്ടായ ഈ മണ്ണിടിച്ചിലിന് തൊട്ടുമുൻപ് പ്രദേശത്ത് നിന്നുള്ള ചിത്രം എന്ന പേരിൽ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലരും ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്കിന്‍റെ ടിപ് ലൈനുമായി ബന്ധപ്പെട്ടു. ഇതിന്‍റെ യാഥാർഥ്യം പരിശോധിക്കാം.
പരിശോധനയിൽ സമാന ചിത്രം പലരും അപകടത്തിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
വയനാടൻ മലനിരകളിൽ നടക്കുന്ന തുരങ്കപാത നിർമ്മാണത്തിനെതിരെ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും നേരത്തെ തന്നെ ശക്തമായ എതിർപ്പുകൾ ഉന്നയിച്ചിരുന്നു. ഇതിനിടെ നിർമ്മാണ സ്ഥലത്തോട് ചേർന്ന് ഉണ്ടായ മണ്ണിടിച്ചിൽ ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തുന്നുണ്ട്. അപകടത്തെത്തുടർന്ന് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തുരങ്ക പാതാ പദ്ധതി നിർമാണത്തിന്റെ ഭാഗമായി പ്രദേശത്ത് മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്നും ഇത് നീക്കം ചെയ്യാൻ കരാർ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായുമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്. എന്നാൽ, മണ്ണിടിച്ചിലിന് കാരണം സംഭരിച്ച മണ്ണ് ഇടിഞ്ഞതല്ലെന്നും വനഭൂമിയിൽ ഉരുൾപൊട്ടിയതാണെന്നുമാണ് തുരങ്കപാതാ നിർമാണക്കരാർ ഏറ്റെടുത്ത ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും കൊങ്കൺ റെയിൽവേ അധികൃതരും വ്യക്തമാക്കിയത്. നിർമാണപ്രവൃത്തിയുടെ ഭാഗമായി സംഭരിച്ച മണ്ണ് ടാർപോളിൻ കൊണ്ടുമൂടി സുരക്ഷിതമാക്കിയിരുന്നതായും അവർ പറഞ്ഞിരുന്നു.
അപകടം നടന്ന ദിവസത്തെ ദൃശ്യങ്ങൾ പരിശോധിച്ചാലും മണ്ണിടിഞ്ഞ ഭാഗത്തിന് സമീപത്തായി ടാർപോളിൻ ഉപയോഗിച്ച് മൺകൂനകൾ മൂടിയിട്ടതായി കാണാം. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിൽ ഇതില്ല, പ്രചരിക്കുന്ന ചിത്രം കള്ളാടിയിൽ നിന്നുള്ളത് തന്നെയാണ്. എന്നാൽ നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചതും മറ്റും നോക്കുമ്പോൾ ചിത്രം ഇപ്പോഴത്തേതല്ല മറിച്ച് കുറച്ച് പഴയതാണ് എന്ന് തോന്നും. വിശദമായ പരിശോധനയിൽ തുരങ്കപാതാ നിർമ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ യൂട്യൂബിൽ പങ്കുവയ്ക്കുന്ന ഒരു ചാനൽ കണ്ടെത്തി. നിർമ്മാണത്തിന്‍റെ ആദ്യഘട്ടം മുതലുള്ള വീഡിയോകൾ ജാഷിർ ഇബ്രാഹിം എന്ന പേരിലുള്ള ഈ ചാനലിൽ കൃത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
അപകടം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് ചിത്രീകരിച്ച വീഡിയോകളും ഇക്കൂട്ടത്തിലുണ്ട്. ഈ വീഡിയോയിൽ നിർമാണ പ്രദേശത്ത് ഒരു ഭാഗത്തെ കോൺക്രീട്ട് പാളികൾ അടർന്ന് തുടങ്ങിയത് കാണാനാകും. മഴകനത്ത സാഹചര്യത്തിൽ കാര്യമായ നിർമാണ പ്രവർത്തികൾ നടക്കുന്നില്ലെന്ന് ജാഷിർ പറയുന്നതും ഇതിൽ കേൾക്കാം
https://youtube.com/shorts/EBl6k-60ICk?si=DuNRml00znycc5Cb
ഈ ചാനലിലെ കമ്മ്യൂണിറ്റിയിൽ പ്രചരിക്കുന്ന അതേ ചിത്രം 3 മാസം മുൻപ് പോസ്ററ് ചെയ്തായി കണ്ടു. ജാഷിർ ഇബ്രാഹിമുമായി ഫോണിൽ ബന്ധപ്പെട്ട് ചിത്രത്തിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷിച്ചു. ചിത്രം താനല്ല പകർത്തിയതെന്നും വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ചതാണെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് വൈറൽ ചിത്രം അടിസ്ഥാനമാക്കി വിശദമായ പരിശോധന നടത്തി.
അന്വേഷണത്തിൽ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിലെ സീനിയർ എഞ്ചിനീയറായ രാഹുൽ ശർമ ഈ ചിത്രം ലിങ്ക്ടിനിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഹിമാചലിലെ മൺഡി സ്വദേശിയായ രാഹുൽ കള്ളാടി മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ചിരുന്നു. തുരങ്കപാതാ നിർമാണ പദ്ധതിയിൽ തൊഴിലവസരമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു രാഹുൽ ഈ ചിത്രം പങ്കുവച്ചത്. ഇതിനോടൊപ്പം, ഡ്രോൺ ഉപയോഗിച്ച് പകർത്തിയ മറ്റ് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
അപകടത്തിന് തൊട്ടുമുൻപുള്ള ചിത്രം എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോയുടെ കുറഞ്ഞത് മൂന്ന് മാസം മുൻപെങ്കിലും തുരങ്കപാതാ നിർമാണ സ്ഥലത്ത് നിന്നും ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചതാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ യഥാർത്ഥ ഈ ചിത്രത്തിന്‍റെ ക്ലാരിറ്റി വർധിപ്പിച്ചതാണിത്.
Content Highlights: Investigation into a viral photo falsely claimed to be taken just before the 2026 Kalladi landslide., Evidence proves the photo is at least three months old and originated from a LinkedIn post by a project engineer., Discrepancies between the viral image and the actual site conditions during the disaster confirmed.,
Published: 09 Jul 2026, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented