തിരുവനന്തപുരം: ബംഗാളികളെ മമതാ സര്‍ക്കാര്‍ മടക്കിവിളിക്കുമ്പോള്‍ കേരളത്തിലും ചങ്കിടിപ്പ്. ബിജെപിഭരണ സംസ്ഥാനങ്ങളില്‍ പീഡനവും കുടിയിറക്കുഭീഷണിയും നേരിടുന്നവര്‍ക്കായാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി 'ശ്രമശ്രീ' എന്നപേരില്‍ തിരിച്ചുവിളിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍, കേരളത്തിലുള്ളവര്‍ ഈ ക്ഷണം സ്വീകരിച്ചാല്‍ സംസ്ഥാനം നേരിടേണ്ടിവരുക തൊഴില്‍ഭീഷണിയാവും. മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച കൂലി കേരളത്തില്‍ കിട്ടുന്നതിനാല്‍, ബംഗാളികളാരും മടങ്ങിപ്പോവില്ലെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

To advertise here,

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് 22 ലക്ഷം ബംഗാളികള്‍ കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടികയിലെ വെട്ടിനിരത്തല്‍കൂടിയാണ് മമതയുടെ തിരിച്ചുവിളിക്ക് കാരണമെന്ന് വിലയിരുത്തലുണ്ട്.

കേരളത്തില്‍ 35 ലക്ഷം അതിഥിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ബംഗാളികള്‍ 41 ശതമാനം വരും. കായികാധ്വാനം ഏറെയുള്ള നിര്‍മാണരംഗത്താണ് അവര്‍ കൂടുതലായും ജോലിചെയ്യുന്നത്-15.7 ശതമാനം പേര്‍. മരപ്പണി, ഫര്‍ണിച്ചര്‍ നിര്‍മാണരംഗത്ത് 13.22 ശതമാനം പേര്‍ തൊഴിലെടുക്കുന്നു. ഹോട്ടല്‍, റസ്റ്ററന്റ് മുതല്‍ ജുവലറി നിര്‍മാണംവരെ ബംഗാളി സാന്നിധ്യം ഏറേ.

കൈനിറയെ കൂലി

കേരളത്തിലെ കൂലിതന്നെയാണ് മുഖ്യആകര്‍ഷണം. ശരാശരി 800-900 രൂപയാണ് കൂലി. മേസ്തിരിക്ക് 1200 രൂപവരെയും. വൈദഗ്ധ്യമുള്ളവര്‍ക്ക് ചുരുങ്ങിയത് ആയിരം രൂപ ലഭിക്കും. തൊഴിലിന്റെ സ്വഭാവമനുസരിച്ച് കൂലി കൂടും.

2011-ലെ ജനസംഖ്യാ കണക്കെടുപ്പില്‍ ഏറ്റവുമധികം പട്ടികജാതിക്കാരുള്ള രാജ്യത്തെ പത്തു ജില്ലകളില്‍ ഒന്‍പതെണ്ണവും ബംഗാളിലാണ്. ഇതില്‍, സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ്, ബര്‍ധമാന്‍, നാദിയ, ജല്‍പായ്ഗുഡി ജില്ലകളില്‍നിന്നായി വന്‍തോതില്‍ ബംഗാളികള്‍ കേരളത്തിലെ തൊഴിലിടങ്ങളിലുണ്ട്.

ബംഗാളില്‍നിന്നുള്ള തൊഴിലാളികളില്‍ രണ്ടിലൊരാള്‍ മുസ്ലിം വിഭാഗത്തല്‍പ്പെട്ടവരാണെന്ന് ആസൂത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എറണാകുളം പെരുമ്പാവൂരിലെ പ്ലൈവുഡ് മേഖലയില്‍ മുര്‍ഷിദാബാദ്, ജല്‍പായ്ഗുഡി, കൂച്ച്ബെഹാര്‍, നാദിയ ജില്ലകളില്‍നിന്നുള്ളവര്‍ ഏറെയുണ്ട്. പരമ്പരാഗത ഹിന്ദു മത്സ്യത്തൊഴിലാളി മേഖലയായ സൗത്ത് 24 പര്‍ഗാനാസില്‍നിന്നുള്ളവരും കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തൊഴിലെടുക്കുന്നതു കാണാം.

സുരക്ഷിതവും നല്ല കൂലി ലഭിക്കുന്നതുമായ തൊഴില്‍സാഹചര്യം ഉപേക്ഷിച്ച് ബംഗാളികള്‍ മടങ്ങിപ്പോവാനിടയില്ല. അതേസമയം, ബംഗ്ലാദേശികളെന്നു മുദ്രകുത്തിയുള്ള വിദ്വേഷപ്രചാരണം ഭീതിവിതച്ചത് കാരണമുള്ള അരക്ഷിതത്വം ചിലയിടങ്ങളിലുണ്ടെന്ന് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡിവലപ്മെന്റ് (സിഎംഐഡി) എക്സിക്യുട്ടീവ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ 'മാതൃഭൂമി'യോടു പറഞ്ഞു.

മമതയുടെ പ്രഖ്യാപനം

*മടങ്ങിവരുന്നവര്‍ക്ക് ബംഗാളില്‍ ജോലി

*തൊഴില്‍ കിട്ടുന്നതുവരെ പ്രതിമാസം 5000 രൂപ. ഒരു വര്‍ഷംവരെ ഈ തുക ലഭിക്കും

*മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

*കുടുംബത്തിന് ഭക്ഷ്യഭദ്രത ഉറപ്പാക്കും

*ആരോഗ്യപദ്ധതികളുടെ ആനുകൂല്യവും