‘ഒരു പോലീസ് സ്റ്റേഷനിൽ താൻ വിളിച്ചു പറഞ്ഞാൽ ആരും കേൾക്കില്ല’

ആര്. ശ്രീലേഖ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് രാജിവെച്ചുവെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറുന്നുവെന്നുമുള്ള വാർത്തകൾ തള്ളി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖ. താൻ പാർട്ടിയുടെ അഭിമാനമുള്ള അംഗമായി ജീവിതാന്ത്യം വരെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തയാണെന്നും പാർട്ടി വിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധ പ്രചാരണങ്ങൾ മാത്രമാണെന്നും അവർ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
വിവാദങ്ങൾക്ക് വഴിവെച്ച സെപ്റ്റംബർ 30-ന് തിരുവനന്തപുരം മേയർക്ക് താൻ അയച്ച കത്തിനെക്കുറിച്ചും അവർ വിശദീകരിച്ചു. ശാസ്തമംഗലം വാർഡിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കാതിരിക്കൽ, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, ഡ്രെയിനേജ് പ്രശ്നങ്ങൾ, ഓഫീസ് കസേരയും കമ്പ്യൂട്ടറും തകരാറിലായത് ഉൾപ്പെടെയുള്ള ഭരണപരമായ തടസ്സങ്ങളും ഔദ്യോഗിക കാര്യങ്ങളിൽ ഉദ്യോഗസ്ഥരിൽ നിന്നും അനുഭവപ്പെട്ട കാലതാമസവും ചൂണ്ടിക്കാട്ടി ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കൗൺസിലർ പദവി ഒഴിയാൻവരെ തയ്യാറാണെന്ന് കാണിച്ച് മേയർക്കും ജില്ലാ കളക്ടർക്കും കത്തയക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
തുടർച്ചയായ ജോലിത്തിരക്കുകളും മാനസിക സമ്മർദ്ദവും കാരണം തന്റെ ബി.പി വർദ്ധിക്കുകയും കടുത്ത തലവേദനയും ക്ഷീണവും കാരണം ആരോഗ്യനില വഷളാവുകയും ചെയ്തു. തുടർന്ന് ഡോക്ടറെ കണ്ടപ്പോൾ ഒന്നര-രണ്ട് മാസത്തേക്ക് പൂർണ്ണ വിശ്രമം വേണമെന്ന് നിർദ്ദേശിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൗൺസിലർ ഓഫീസിൽ നേരിട്ടെത്താൻ സാധിക്കാത്ത വിവരം ശാസ്തമംഗലം നിവാസികളായ വോട്ടർമാരെ അറിയിക്കുന്നതിനായി താൻ മേയർക്ക് കത്തയച്ച വിവരവും ആശുപത്രിയിലാണെന്ന സന്ദേശവും വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതാണ് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതെന്ന് അവർ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ പദവി നൽകാത്തതിനാലോ ഡൽഹിയിലെ വനിതാ കമ്മീഷനിൽ അംഗമാക്കാത്തതിനാലോ ആണ് താൻ രാജിവെക്കാൻ ഒരുങ്ങുന്നത് എന്ന മാധ്യമ പ്രചാരണങ്ങൾ തികച്ചും തെറ്റാണെന്ന് അവർ ചൂണ്ടിക്കാട്ടി. രണ്ട് വർഷം മുൻപ് ബി.ജെ.പിയിൽ ചേർന്ന തനിക്ക് സംസ്ഥാന ഉപാധ്യക്ഷ പദവിയും കൗൺസിലർ സ്ഥാനവും പാർട്ടി നൽകിയിട്ടുണ്ടെന്നും, മേയർ ആരെന്ന് തീരുമാനിക്കുന്നത് താൻ ഉൾപ്പെടുന്ന സമിതിയായിരുന്നുവെന്നും അവർ പറഞ്ഞു. ഡൽഹിയിലെ ഉന്നത പദവികളിൽ തനിക്ക് താല്പര്യമില്ലെന്നും കേരളത്തിൽ നിന്ന് പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും വ്യക്തമാക്കിയ അവർ, വാർത്ത പുറത്തുവന്ന ഉടൻ തന്നെ പാർട്ടിയുടെ ഉന്നത നേതാക്കൾ ആശുപത്രിയിലെത്തി തന്നോട് സംസാരിക്കുകയും ആശ്വാസം പകരുകയും ചെയ്തുവെന്നും വ്യക്തമാക്കി.
ഒരു ഡിജിപിയോട് പെട്ടെന്ന് ഒരു ദിവസം പോയി നിങ്ങൾ പോലീസ് കോൺസ്റ്റബിളിന്റെ ജോലി അഞ്ച് വർഷത്തേക്ക് ചെയ്യൂ എന്ന് പറഞ്ഞു വിട്ടു കഴിഞ്ഞാൽ ആ ഡിജിപി ഒരുപാട് ബുദ്ധിമുട്ടും. ആ പ്രയാസങ്ങളൊക്കെ സഹിച്ചുകൊണ്ടാണ് താൻ കൗൺസിലർ ആയി മത്സരിച്ചതും ആ ജോലി ചെയ്തുകൊണ്ടിരിക്കുന്നതുമെന്നും അവർ പറഞ്ഞു. ഒരു പോലീസ് സ്റ്റേഷനിൽ താൻ വിളിച്ചു പറഞ്ഞാൽ ആരും കേൾക്കില്ല. ഒരു ബിജെപി കൗൺസിലർ എന്ന നിലയിൽ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ ആരും താൻ പറയുന്നത് കേൾക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. താൽക്കാലികമായി ആരോഗ്യപ്രശ്നങ്ങൾ കാരണം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് മാറിനിൽക്കാനാഗ്രഹിച്ചതിനെ ചിലർ ചതിയായി ചിത്രീകരിച്ചത് കഷ്ടമാണെന്നും, തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവരോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി. ആരോഗ്യപരമായ പ്രയാസങ്ങൾ പരിഹരിച്ച് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി ബി.ജെ.പിയിൽ തന്നെ മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
Published: 11 Oct 2026, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented